മലമുകളിലെ വെള്ളപ്പൊക്കം
മലമുകളിലെ വെള്ളപ്പൊക്കം
പ്രകൃതിദുരന്തങ്ങൾ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങൾ ലോകത്തിൽ ആദ്യമല്ല. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയായ സംസ്‌ഥാനം കൂടിയാണ്. കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം തെണ്ണൂറ്റിയൊമ്പതിലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്കം എന്നു പഴമക്കാരുടെ ഇടയിൽ പ്രചാരമുള്ള 1924–ലെ വെള്ളപ്പൊക്കമാണ്. ഇതു കേരളത്തെ തന്നെ മാറ്റിമറിച്ചു. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടൂതൽ ദുരിതമനുഭവിച്ചത് കേരളത്തിന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറാണ്. ഇന്നത്തെ മൂന്നാർ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ച പ്രദേശമാണെന്നു ചിലർക്കു മാത്രമേ അറിയുകയുള്ളൂ. മൂന്നാറിൽ വർഷങ്ങൾക്കു മുമ്പ് ട്രെയിൻ ഓടിയിരുന്നു. ഇന്നു ട്രെയിൻ ഓടിയിരുന്ന കഥകൾ ചരിത്രത്തിൽ മാത്രം. മൂന്നാറിൽ ട്രെയിൻ ഓടിയിരുന്നതിന്റെ തെളിവായി കുറച്ചു ശേഷിപ്പുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ദാരുണമായ ദുരന്തമുണ്ടായത്. കൊല്ലവർഷം 1099–ൽ വെള്ളപ്പൊക്കവും പേമാരിയും ഉണ്ടായതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്ന് പഴമക്കാർ ആ ദുരന്തത്തെ വിളിക്കുന്നത്.

<യ> മൂന്നാർ റെയിൽവേ ചരിത്രം

കേരളത്തിൽ നിലവിൽ റെയിൽവേ സംവിധാനമില്ലാത്ത ജില്ലകളാണ് ഇടുക്കിയും വയനാടും. എന്നാൽ, ഒരു കാലത്ത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ റെയിൽവേ ഗതാഗതം ഉണ്ടായിരുന്നു. ഇടുക്കിയിൽ 1902 ൽ ആരംഭിച്ച റെയിൽ ഗതാഗതം 1924 ലെ വെള്ളപ്പൊക്കത്തിൽ നാമവശേഷമായി. മൂന്നാറിൽ നിന്നു ടോപ്പ് സ്റ്റേഷൻ (തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ഒരു സ്‌ഥലം. കേരള തമിഴ്നാട് അതിർത്തി) വരെ ഉണ്ടായിരുന്ന റെയിൽവേയാണ് ’കുണ്ടളവാലി റെയിൽവേ’ എന്ന പേരിലറിയപ്പെട്ടിരുന്നത്. പ്രധാനമായും മൂന്നാറിൽ നിന്നു തേയില കയറ്റുമതിക്കുവേണ്ടിയായിരുന്നു ഇവിടെ ട്രെയിൻ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. അന്നു മോണോ റെയിൽ പാതയായിരുന്നു. ഒരേയൊരു പാളം മാത്രമുള്ള റെയിൽവേ സംവിധാനത്തിനാണ് മോണോ റെയിൽ എന്നു പറയുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോ റെയിൽ സംവിധാനമുണ്ടായിരുന്നത് കുണ്ടളവാലിയിലായിരുന്നു. മുമ്പിലെയും പിന്നിലെയും ചക്രങ്ങൾ പാളം വഴി സഞ്ചരിക്കുമ്പോൾ ട്രെയിൻ മറിയാതിരിക്കാൻ ഇരു വശങ്ങളിലും വലിയ ചക്രങ്ങൾ കാണും. ഈ ചക്രം പാളത്തിനു സമാന്തരമായ ചെറിയ റോഡിൽ കൂടിയായിരിക്കും സഞ്ചരിക്കുന്നത്. ഇതാണ് മോണോ റെയിലിന്റെ സംവിധാനം. കാളകളെ ഉപയോഗിച്ചായിരുന്നു ആദ്യകാലത്തു മോണോ റെയിൽ പ്രവർത്തിപ്പിച്ചിരുന്നത്. മോണോ റെയിൽ വഴി മൂന്നാറിൽ നിന്നും ടോപ്പ് സ്റ്റേഷനിലെത്തുന്ന തേയിലപ്പെട്ടികൾ അവിടെ നിന്നും അഞ്ചു കിലോമീറ്റർ താഴെയുള്ള കോട്ടാഗുഡിയിലേക്കു റോപ്പ്വേ വഴിയാണ് എത്തിച്ചിരുന്നത്. അവിടെ നിന്നും റോഡുമാർഗം 15 കിലോമീറ്റർ അകലെയുള്ള ബോഡിനായ്ക്കന്നൂരിലെത്തുന്ന ചരക്കുകൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും കപ്പൽ വഴി ഇംഗ്ലണ്ടിലേക്കും മറ്റും അയയ്ക്കുന്നതായിരുന്നു പതിവ്.

1908–ൽ മോണോ റെയിൽവേ സംവിധാനം മാറി നാരോഗേജ് പാതകൾ നിലവിൽ വന്നതോടെ യഥാർഥ ട്രെയിനിന്റെ കാലമായി. ലൈറ്റ് സ്റ്റീം ലോക്കോമോട്ടീവ് എൻജിനുപയോഗിച്ചുള്ള ട്രെയിനായിരുന്നു പിന്നീട് അവിടെ സർവീസ് നടത്തിയിരുന്നത്. പഴയ കൽക്കരി എൻജിൻ തന്നെയാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. മൂന്നാറിനും ടോപ്പ് സ്റ്റേഷനുമിടയ്ക്ക് മധുപ്പെട്ടി, പലാർ എന്നീ രണ്ടു സ്റ്റേഷനുകളും ഉണ്ടായിരുന്നു.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില27സമ2.ഷുഴ മഹശഴി=ഹലളേ>

<യ> മൂന്നാർ തകർന്നടിഞ്ഞു

ആരംഭിക്കുന്നതിനെല്ലാം അവസാനം ഉണ്ടെന്നു എം.ടി. വാസുദേവൻ നായർ രണ്ടാംമൂഴത്തിൽ പ്രതിപാതിച്ചതു പോലെ കുണ്ടളവാലിക്കുമുണ്ടായിരുന്നു അവസാനം. 1924–ലെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിൽ പെയ്ത മഴയായിരുന്നു കുണ്ടളവാലിയുടെ ഘാതകൻ. സമുദ്രനിരപ്പിൽ നിന്ന് 6,500 അടിയിലേറെ ഉയരത്തിലുള്ള മൂന്നാറിനെ വരെ വെള്ളപ്പൊക്കം ബാധിച്ചു. 99ലെ വെള്ളപ്പൊക്കമെന്നു പേരുകേട്ട പ്രളയം മൂന്നാറിനെ നശിപ്പിച്ചുകളഞ്ഞു. ഒപ്പം കുണ്ടളവാലിയെയും. ബ്രട്ടീഷുകാരുടെ പ്രിയപ്പെട്ട താവളമായിരുന്ന അന്നത്തെ മുന്നാർ അറിയപ്പെട്ടിരുന്നത് ഏഷ്യയിലെ സ്വിറ്റ്സർലാൻഡ് എന്നായിരുന്നു. 99ലെ വെള്ളപ്പൊക്കത്തിൽ മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയിൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. വൻമരങ്ങൾ കടപുഴകി വീണു. മാട്ടുപെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്‌ഥലത്തു തനിയെ ഒരു ബണ്ട് രൂപപ്പെട്ടു. ഇന്ന് ഇവിടെ ചെറിയൊരു അണക്കെട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും മഴ തുടർന്നു. രാവും പകലും പെയ്ത മഴയിൽ മൂന്നാറിന്റെ വിവിധ സ്‌ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നു. അണക്കെട്ട് പൊട്ടിയതു പോലെയുള്ള വെള്ളപ്പാച്ചിലിൽ മൂന്നാർ പട്ടണം തകർന്നു തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി അപ്രത്യക്ഷമായി. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കർ പരന്നു കിടന്നിരുന്ന സ്‌ഥലം പ്രളയത്തിൽ ഒരു വൻ തടാകമായി മാറി. മഴ തുടങ്ങിയതിന്റെ ആറാംദിനം അവിടുണ്ടായിരുന്ന അണക്കെട്ട് പൊട്ടി മലവെള്ളപ്പാച്ചിൽ ഉണ്ടായി. പള്ളിവാസലിൽ 200 ഏക്കർ സ്‌ഥലം ഒറ്റയടിക്ക് കുത്തി യൊലിപ്പിച്ചു കൊണ്ടായിരുന്നു പ്രളയം അവിടെ താണ്ഡവമാടിയത്. വെള്ളപ്പൊക്കത്തിന് ശേഷം പള്ളിവാസലിന്റെ രൂപം തന്നെ മാറിയിരുന്നു. പൂർണമായും തകർന്ന മൂന്നാറിനെ വീണ്ടും ഉയർത്തെഴുനേൽപ്പിച്ചത് ബ്രിട്ടീഷുകാർ തന്നെയാണ്. തേയിലയ്ക്കു പേരുകേട്ട മൂന്നാറിലെ മണ്ണിൽ അവർ വീണ്ടും തേയിലച്ചെടികൾ നട്ടും റോഡുകൾ നന്നാക്കിയും പഴയ മൂന്നാറിനെ പുനഃസൃഷ്്ടിച്ചു. വെള്ളപ്പൊക്കത്തിൽ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടം റെയിൽ ഗതാഗതം തന്നെയായിരുന്നു. കുണ്ടളവാലി റെയിൽവെ എന്നന്നേക്കുമായി നാമവശേഷമായി. പ്രളയത്തിനു ശേഷം ഇന്നു വരെ മൂന്നാറിൽ റെയിൽവേ ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പ്രളയം നശിപ്പിച്ച പഴയമൂന്നാറിന്റെ അവശിഷ്ടങ്ങൾ ഇന്നും മൂന്നാറിൽ ചരിത്രത്തിന്റെ സ്മാരകമായി അവശേഷിക്കുന്നു. ഇന്നത്തെ ടാറ്റാ ടീ ലിമിറ്റഡിന്റെ ഹൗസിംഗ് റീജീണൽ ഓഫീസായി ഉപയോഗിക്കുന്ന കെട്ടിടമാണ് പണ്ടത്തെ മൂന്നാർ റെയിൽവേ സ്റ്റേഷൻ.


<യ> കേരളത്തിൽ സംഭവിച്ചത്

1099–ൽ കർക്കടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന മഴയിൽ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ മുങ്ങിപ്പോയിരുന്നു. മധ്യതിരുവിതാംകൂറിനെയും തെക്കൻ മലബാറിനെയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6,500 അടിയിലേറെ ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി എന്നു പറയുമ്പോൾ തന്നെ അതിന്റെ കാഠിന്യം ഊഹിക്കാവുന്നതാണ്. ഇതിൽ എത്രപേർ മരണപ്പെട്ടു എന്നതിന് കണക്കുകളില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരു ന്നില്ല എന്നതാണ് വാസ്തവം. മലയാളക്കരയിൽ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം വിതച്ച വിപത്തുകൾ വളരെ വലുതായിരുന്നു. കേരളമൊട്ടാകെ ഗതാഗതം മുടങ്ങി. റെയിൽപാളങ്ങൾ വെള്ളം കയറി, തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ടു നിറഞ്ഞു. പ്രളയത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. മധ്യകേരളത്തെയാണു പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്്. എറണാകുളം ജില്ലയുടെ നാലിൽ മൂന്ന് ഭാഗവും വെള്ളപ്പൊക്കത്തിൽ മുങ്ങി. ആലപ്പുഴ ജില്ല പൂർണമായും വെള്ളത്തിൽ താഴ്ന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത്. മധ്യതിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിൽ 20 അടിവരെ വെള്ളം കയറി. ഉരുൾപ്പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളവും കടൽക്ഷോഭവും ഒരുപോലെ കരയെ ആക്രമിച്ചു.

മലബാറിലും പ്രളയം കനത്തതോതിൽ ബാധിച്ചിരുന്നു. കർക്കടകം പകുതിയായപ്പോൾ തെക്കേ മലബാർ വെള്ളത്തിനടിയിലായി. കോഴിക്കോട് നഗരം പകുതിയിലേറെ മുങ്ങി. രണ്ടായിരം വീടുകൾ വരെ നിലം പതിച്ചു. 1924–ലെ വെള്ളപ്പൊക്കത്തിനുശേഷവും അതിനു മുൻപും കേരളം അത്രയും വലിയ പ്രകൃതി ദുരന്തത്തിനു സാക്ഷിയാകേണ്ടി വന്നിട്ടില്ല.

<യ> –വി.ആർ. അരുൺകുമാർ