നാശത്തിന്റെ നടുവിൽ പൂർവഘട്ട മലനിരകളും വന്യജീവികളും
നാശത്തിന്റെ നടുവിൽ പൂർവഘട്ട മലനിരകളും വന്യജീവികളും
വർഷത്തെ ലോക പരിസ്‌ഥിതി ദിനത്തിന്റെ പ്രമേയം ജീവനുവേണ്ടി വന്യജീവികളെ സംരക്ഷിക്കൂ എന്നതായിരുന്നു. വന്യജീവികളുടെ നിയമവിരുദ്ധ കടത്ത് കുറയ്ക്കാനാണ് ഇത്തരത്തിൽ ഒരു ആപ്തവാക്യം സ്വീകരിച്ചത്. എന്നാൽ, ലോകത്തിലെ വന്യജീവിസമ്പത്ത് ഇന്ന് എത്രത്തോളം നാശത്തിന്റെ വക്കിലാണെന്ന് വിലയിരുത്താൻ കഴിയില്ല. വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) കണക്കനുസരിച്ച് ലോകത്തെ 50 ശതമാനം വന്യജീവിവർഗങ്ങളും നാശത്തിന്റെ വക്കിലാണ്.

ആഗോളവ്യാപകമായി മൃഗങ്ങളുടെ ആവാസവ്യവസ്‌ഥ നശിച്ചതും കള്ളക്കടത്ത് വ്യാപകമായതും എല്ലാം അവയുടെ നിലനില്പുതന്നെ ഇല്ലാതാക്കിയെന്ന് വിവിധ ദേശീയ അന്തർദേശീയ സംഘടനകൾ പറയുന്നുണ്ട്. കള്ളക്കടത്തിൽ നാലാം സ്‌ഥാനത്താണ് വന്യജീവി കടത്തൽ. മയക്കുമരുന്ന് കടത്തലും മനുഷ്യക്കടത്തും ആയുധക്കടത്തുമാണ് ആദ്യ സ്‌ഥാനങ്ങളിലുള്ളത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലക്ഷങ്ങളായിരുന്ന കടുവസംഖ്യ ഇന്ന് 5,000നു താഴെയെതതി. ഒരു നൂറ്റാണ്ടിനു മുമ്പ് 40 ലക്ഷമുണ്ടായിരുന്ന ആനകളാവട്ടെ ഇന്ന് 4.7 ലക്ഷമായി ചുരുങ്ങി. കൊമ്പുകൾക്കുവേണ്ടിയുള്ള കൊലയാണ് ഇത്രയധികം ആനകളുടെ എണ്ണത്തിൽ കുറവു വരാൻ പ്രധാന കാരണം. ഏഷ്യയിലുള്ള 80 ശതമാനം ആമകളും നിലനില്പു ഭീഷണിയിലാണ്. നീലച്ചിറകുള്ള ചൂരയാകട്ടെ ഏതാണ്ട് ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെട്ട അവസ്‌ഥയിലും.

ജൈവവൈവിധ്യത്തിൽ മുന്നിൽ നിൽക്കുന്ന പൂർവഘട്ടത്തിലെ വന്യജീവികളുടെ ആവാസവ്യവസ്‌ഥയും വിഭിന്നമല്ല. നിരവധി ജീവജാലങ്ങൾ ഇവിടെനിന്ന് അപ്രത്യക്ഷമായി. ആവാസവ്യവസ്‌ഥാ നാശം, കൈയ്യേറ്റം, വേട്ടയാടൽ, വനനശീകരണം, മലിനീകരണം, കാലാവസ്‌ഥാവ്യതിയാനം എന്നിവയെല്ലാം വന്യജീവികളുടെ നാശത്തിനു കാരണമായി. ഇതിനെതിരേ ഉറച്ചരീതിയിൽ പ്രവർത്തിക്കാൻ ആരും മുന്നിട്ടിറങ്ങുന്നില്ല എന്നത് മറ്റൊരു കാര്യം.

പൂർവഘട്ട മലനിരകളിലെ പ്രതിസന്ധികൾക്ക് കാരണം വനത്തിനുള്ളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവും നിയമവിരുദ്ധ ക്വാറികളുടെ പ്രവർത്തനവുമാണെന്ന് പൂർവഘട്ട വന്യജീവി സൊസൈറ്റി പറയുന്നുണ്ട്. എന്നാൽ, ഇതിനെതിരേ പ്രവർത്തിക്കാൻ കഴിയുന്നില്ല. ചെറിയ ഇനം കാട്ടുപൂച്ചകൾ, രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകൾ, ഉറുമ്പുതീനി, ഇന്ത്യൻ മൗസ് ഡീർ തുടങ്ങിയവയെല്ലാം വംശനാശഭീഷണിയിലാണ്. ഈ ജീവികൾക്കെല്ലാം പാരിസ്‌ഥിതികമായി പ്രാധാന്യവും ഭക്ഷ്യശൃംഖലയിൽ പ്രത്യേക സ്‌ഥാനവുമുള്ളതാണ്.


ഇന്ദിരാഗാന്ധി സൂ പാർക്കിലെ കാട്ടുപോത്ത്, മുതല, ഉടുമ്പ്, മരപ്പട്ടി, കാട്ടു നായ്ക്കൾ, ബാർക്കിംഗ് ഡീർ, ഹോഗ് ഡീർ എന്നിവയെല്ലാം വംശനാശഭീഷണിയിലാണെന്ന് ഇവിടത്തെ ക്യുറേറ്ററായ ബി. വിനായക കുമാർ പറയുന്നു. കരയിൽ ജീവിക്കുന്ന ജീവികളും ഉഭയ ജീവികളും എല്ലാം ഭീഷണിയിലാകുമ്പോൾ ജലത്തിലെ ആവാസവ്യവസ്‌ഥയും ഇതിൽനിന്നു വിഭിന്നമല്ല. പൂർവതീരങ്ങളിലെ നിരവധി മത്സ്യങ്ങളും പവിഴപ്പുറ്റുകളും ഞണ്ടുകളുമെല്ലാം അവരുടെ നല്ല ആവാസവ്യവസ്‌ഥ നശിച്ച് പ്രതിസന്ധിയിലായി.

രണ്ടു പതിറ്റാണ്ടുകളായി പൂർവഘട്ട തീരങ്ങളിൽനിന്ന് രണ്ടിനം മത്സ്യങ്ങളെ കാണാനില്ല. വാൾത്തലയൻ സ്രാവാണ് ഇതിൽ ഒരിനം. തുടർച്ചയായുള്ള എണ്ണക്കുറവിനു ശേഷമാണ് ഇവ പൂർണമായും പൂർവഘട്ടത്തിൽനിന്നു തുടച്ചുനീക്കപ്പെട്ടത്. ചികിത്സാ ഉപയോഗത്തിനായി വ്യാപകമായി വേട്ടയാടിയതാണ് ഇവയുടെ നാശത്തിനു കാരണം.

മീനുകളെക്കൂടാതെ ജലആവാസവ്യവസ്‌ഥയിലെ മറ്റ് ജീവികളിൽ ഏതാണ്ട് 80 ശതമാനവും ഭീഷണിനേരിടുന്നുണ്ട്. ഗോദാവരി നദിയിലെ കുതിരക്കാലൻ ഞണ്ട് നാമാവശേഷമാകാൻ തയാറെടുക്കുന്നു. വിദേശരാജ്യങ്ങളിൽ കാൻസറിനുള്ള മരുന്ന് നിർമിക്കാൻ ഈ ഇനം ഞണ്ടുകളെ ഉപയോഗിക്കുന്നുണ്ട്. ഒരു പരിസ്‌ഥിതി ദിനംകൂടി കടന്നുപോകുമ്പോൾ പ്രകൃതിക്കുവേണ്ടി വൃക്ഷത്തൈ നടുമ്പോൾ ചുറ്റുമുള്ള ജീവജാലങ്ങളേക്കൂടി ഓർക്കേണ്ടത് നാളെയുടെ ആവശ്യമാണ്.

<ശാഴ െൃര=/ളലമേൗൃല/ഡറൗായൗ01.ഷുഴ മഹശഴി=ഹലളേ>