അച്ഛന്റെ ശിഷ്യൻ പകർന്ന സ്വരകല്പന
അച്ഛന്റെ ശിഷ്യൻ പകർന്ന സ്വരകല്പന
ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലിരുന്ന് ഫോണിൽ സംസാരിക്കുമ്പോൾ ഗുരുവിനെക്കുറിച്ചു പറയാൻ നൂറുനാവാണ് സാക്സഫോൺ വിദ്വാൻ ജി. രാമനാഥന്. അപ്പോൾ വായ്പ്പാട്ടിന്റെ ഗംഭീരമായ അടിത്തറയുള്ള, തമിഴ്മൊഴി ശക്‌തിയോടെ സ്വാധീനംചെലുത്തുന്ന ആ ശബ്ദത്തിൽ ആവേശം നിറയും. ഗുരുവിന്റെ സാക്സഫോൺ കച്ചേരിക്ക് ഏറെനാൾ പക്കമേളം വായിച്ചിട്ടുള്ളയാളാണ്. ഗുരുവിനാണെങ്കിൽ തന്റെ പഴയ ഗുരുവിന്റെ മകൻകൂടിയാണ് രാമനാഥൻ. പിന്നെയാണ് സാക്സഫോണിൽ ശിഷ്യനു താത്പര്യമുണ്ടെന്ന് അദ്ദേഹം കണ്ടെത്തുന്നത്. വൈകിയില്ല, രാമനാഥനെ ശിഷ്യനായി ഒപ്പംകൂട്ടി.

അന്നൊരു ഇന്ത്യൻ നിർമിത സാക്സഫോൺ ആണ് രാമനാഥന്റെ കൈയിൽ. അതത്ര പോരാ എന്നു ഗുരുവിനറിയാം. ബാംഗളൂരിൽ അദ്ദേഹം സ്വയം സാക്സഫോൺ തയാറാക്കിക്കുന്ന വിദഗ്ധന്റെ സമീപത്തേക്കു കൂട്ടിക്കൊണ്ടുപോയി ഒന്നാന്തരമൊരുപകരണം ഒരുക്കാൻ ഏർപ്പാടാക്കി. രണ്ടുമൂന്നുതവണകൂടി നേരിട്ടുപോയി പരിശോധിച്ച് മേന്മ ഉറപ്പുവരുത്തിയാണ് അദ്ദേഹം ആ ഹാൻഡ്മേഡ് സാക്സഫോൺ ശിഷ്യനായ രാമനാഥനു നൽകിയത്. ആ ഗുരു വേറാരുമല്ല– സാക്സഫോൺ സമ്രാട്ട് സാക്ഷാൽ കദ്രി ഗോപാൽനാഥ് തന്നെ!

തൃപ്പൂണിത്തുറയിൽ രണ്ടുനൂറ്റാണ്ടിലേറെ കാലത്തെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ, സംഗീതകലാനിധി പത്മഭൂഷൺ പ്രഫ. ടി.വി. ഗോപാലകൃഷ്ണന്റെ മകനായാണ് രാമനാഥന്റെ ജനനം. സംഗീതവഴിയിലെ അഞ്ചാം തലമുറ. അച്ഛനിൽനിന്ന് ശാസ്ത്രീയ സംഗീതവും മൃദംഗവും ഗഞ്ചിറയും പഠിച്ചു. വയലിനിൽ പേരെടുത്തു. 1986 മുതൽ ഇളയരാജയുടെ ഓർക്കസ്ട്രയിൽ അംഗമായി. ഒട്ടേറെ സിനിമകൾക്കുവേണ്ടി വയലിനും ഗഞ്ചിറയും വായിച്ചിരുന്നു. വീട്ടിലെ പതിവു സന്ദർശകനായിരുന്ന രാജാസാറിന്റെ ഓർക്കസ്ട്ര ഒരു ലേണിംഗ് പ്ലേസായിരുന്നുവെന്ന് രാമനാഥൻ പറയുന്നു. ഇപ്പോഴും സാക്സഫോൺ കൈയിലെടുത്ത് തനിച്ചിരിക്കുമ്പോൾ ഇളയരാജയുടെ അമ്മാവെ വണങ്കാതെ ഉയിരില്ലയേ പോലുള്ള പാട്ടുകൾ രാമനാഥന്റെ മനസുനിറയ്ക്കും...

അങ്ങനെയിരിക്കെയാണ് അച്ഛന്റെ ശിഷ്യനായ കദ്രി ഗോപാൽനാഥിലേക്ക് എത്തുന്നത്. സാക്സഫോൺ നാദപ്രവാഹത്തിൽ മയങ്ങിപ്പോയി എന്നുതന്നെ പറയാം. വൈകിയില്ല, കച്ചേരികളിൽ അദ്ദേഹത്തിനൊപ്പം ചേർന്നു. ഒട്ടുമിക്ക സംഗീതോപകരണങ്ങളും വായിച്ചിരുന്ന രാമനാഥന്റെ സാക്സഫോണിലുള്ള താത്പര്യംകണ്ട് കദ്രി ബാംഗളൂരിലേക്ക് ഒപ്പംവിളിച്ചു. 1994 മുതൽ അങ്ങനെ കദ്രി ഗോപാൽനാഥിന്റെ ശിഷ്യനായി. അദ്ദേഹം വളരെ വ്യക്‌തിപരമായ താത്പര്യമാണ് തന്റെ കാര്യത്തിൽ എടുത്തിരുന്നതെന്ന് രാമനാഥൻ പറയുന്നു. ഒരുപാടു സമയം പഠിപ്പിക്കാനായി ചെലവഴിച്ചു.. ഒപ്പമിരുന്ന് പാടി, അത് തന്നെക്കൊണ്ട് സാക്സഫോണിൽ വായിപ്പിച്ചു... ഗുരുവിന്റെ മകനെ അങ്ങനെ കദ്രി പ്രിയശിഷ്യനാക്കി. സാക്സഫോൺ വാങ്ങാൻ ഒപ്പം ചെന്നതും രണ്ടുവട്ടം വീണ്ടും നേരിട്ടുചെന്നു പരിശോധിച്ച് അതിന്റെ മേന്മ ഉറപ്പുവരുത്തിയതുമെല്ലാം അക്കാലത്തെ സ്വരശുദ്ധിയുള്ള ഓർമകളിൽ ചിലതുമാത്രം. ഇപ്പോൾ രാമനാഥന്റെ ഓരോ വാക്കിലുമുണ്ട് ഗുരുനാഥനുള്ള പ്രണാമങ്ങൾ.


ഇന്ന് ഗുരുവിനോളം പ്രതിഭയുള്ള സാക്സഫോൺ വാദകനാണ് ജി. രാമനാഥൻ. രാജ്യത്താകമാനവും, വിദേശത്തെ പ്രശസ്ത വേദികളിലും കച്ചേരികൾ. ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യകച്ചേരി നടത്തിയപ്പോഴുണ്ടായ അതേ വികാരമാണ് ഓരോ കച്ചേരിയും നൽകുന്നതെന്ന് രാമനാഥൻ പറയുന്നു. കാഞ്ചി കാമകോടി പീഠം ആസ്‌ഥാനവിദ്വാനായി അദ്ദേഹം. വിദ്യാസാഗർ, ഗോപിസുന്ദർ തുടങ്ങിയവർക്കൊപ്പം ചലച്ചിത്ര, പരസ്യ ഗാനങ്ങൾക്കുവേണ്ടിയും പ്രവർത്തിക്കാറുണ്ട്. സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലെ വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾക്കാണ് മലയാളത്തിൽ ഏറ്റവുമൊടുവിൽ സാക്സഫോൺ വായിച്ചത്. വിദ്യാസാഗർതന്നെ ഈണമിട്ട ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നഡയിലും നിരവധി സിനിമാഗാനങ്ങളുടെ പശ്ചാത്തലത്തിൽ രാമനാഥന്റെ സാക്സഫോൺ സ്വരമാധുരിയുതിർത്തു.

ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിൽ പ്രശസ്തമായ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും, പാശ്ചാത്യ സംഗീതത്തിൽ ലണ്ടൻ ട്രിനിറ്റി കോളജിൽനിന്നും രാമനാഥൻ ബിരുദങ്ങൾ നേടിയിട്ടുണ്ട്. ലോകം കാതോർക്കുന്ന, പ്രശസ്തനായ ഗുരുവിന്റെ പാതയിൽ സഞ്ചരിക്കുമ്പോഴും സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി അതിൽ ഉറച്ചുനിൽക്കാൻ രാമനാഥനു കഴിഞ്ഞു. ശിഷ്യനെക്കുറിച്ച് ഗുരു കൂടുതൽ അഭിമാനിക്കുന്നതും ആ ശൈലിയുടെ പേരിൽത്തന്നെ! എക്സ്പ്രഷനിസ്റ്റ് മനോഭാവത്തോടെയാണ് രാമനാഥന്റെ സാക്സഫോൺ സഞ്ചാരങ്ങൾ. കൃതികളുടെ സാഹിത്യഭംഗിക്ക് ഒരുവിധ കോട്ടവും വരുത്താതെയാണ് ആ വായന. കദ്രി വായിച്ച് പ്രശസ്തമാക്കിയ എന്തരോ മഹാനുഭുവാലു തുടങ്ങിയവ രാമനാഥന്റെ ശ്വാസപ്പകർച്ചയിൽ കേൾക്കുമ്പോൾ അത് വ്യക്‌തമാകും.

അമൃതവർഷിണിപോലുള്ള ശക്‌തിസമ്പൂർണമായ രാഗങ്ങളിലൂടെ പോകുമ്പോൾ സാക്സഫോൺ ഇതിനായി മാത്രം നിർമിച്ച ഉപകരണമാണോയെന്നു തോന്നിപ്പോകും.., അതിൽ രാമനാഥന് ഗുരു പകർന്നുനൽകിയ ആജ്‌ഞാശക്‌തിയും സ്ഫുരിക്കും. ഒരു ഗായകൻ പാടുമ്പോൾ എങ്ങനെയാണോ അങ്ങനെയാവണം സാക്സഫോണിൽനിന്നു വരുന്ന സ്വരമെന്ന് രാമനാഥന് നിർബന്ധമുണ്ട്. അതിനായാണ് പ്രയത്നങ്ങളും പരീക്ഷണങ്ങളും തുടരുന്നത്. പുതിയ ആൽബം അടുത്തയിടെ പുറത്തിറങ്ങി. രണ്ടെണ്ണം അണിയറയിൽ ഒരുങ്ങുന്നു.

കച്ചേരികൾ കേൾക്കുന്നതും ഗുരുമുഖത്തുനിന്ന് അനുഭവങ്ങൾ അറിയുന്നതുമാണ് പുസ്തകങ്ങളിൽ എഴുതിവച്ചതിനേക്കാൾ മഹത്തരമെന്ന് പുതുതലമുറയോടു പറയും രാമനാഥൻ. കേൾവിക്കാർ അദ്ദേഹത്തിന്റെ ഗുരു കദ്രി ഗോപാൽനാഥിനു നന്ദിപറയണം– പലവിധ സംഗീതോപകരണങ്ങളിൽ മുഴുകിനടന്നിരുന്ന രാമനാഥനെ സാക്സഫോണിനുവേണ്ടി പ്രത്യേകം മെനഞ്ഞെടുത്തതിന്..., അതിൽ തന്നോളം പോന്നവനാക്കിയതിന്...

<ആ>ഹരിപ്രസാദ്