കരൾരോഗങ്ങളെ അവഗണിക്കരുത്
കരൾരോഗങ്ങളെ അവഗണിക്കരുത്
<ആ>ഡോ. ജോൺ മേനാച്ചേരി എംഡി, ഡിഎം
(ഹെപ്പറ്റോളജിസ്റ്റ്, രാജഗിരി ഹോസ്പിറ്റൽ
ചുണങ്ങംവേലി, ആലുവ)

കേരളത്തിലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണു കരൾരോഗങ്ങൾ. കരൾരോഗികളുടെ എണ്ണം ദിനംതോറും വർധിക്കുകയാണ്. അതിന്റെ കാരണങ്ങളിൽ ഒന്നുമാത്രമാണു മദ്യപാനം. വിഷംനിറഞ്ഞ പച്ചക്കറികൾ, ആന്റിബയോട്ടിക്ക് മരുന്നുകളുടെ അമിതോപയോഗം, സ്വയം ചികിത്സ എന്നിങ്ങനെ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്.

അബദ്ധധാരണ വേണ്ട

ശരീരത്തിലെത്തുന്ന വിവിധ രാസമാലിന്യങ്ങളെ നിർവീര്യമാക്കുന്ന ജോലിയാണ് കരളിന്റേത്. ശരീരത്തിനുള്ളിൽ ഏറ്റവും കൂടുതൽ രാസപ്രവർത്തനം നടക്കുന്ന അവയവമാണ് കരൾ. ഒരു നിശ്ചിത അളവിൽ മദ്യം കഴിച്ചാൽ കരളിനു നിർവീര്യമാക്കുവാൻ കഴിയും. ആരോഗ്യമുള്ള ഒരാൾ ഒരുദിവസം 20 ഗ്രാം വരെ മദ്യം കഴിച്ചാൽ കരൾ അതിനെ നിർവീര്യമാക്കിക്കൊള്ളും. എന്നാൽ, അളവു കൂടുമ്പോൾ കരളിന്റെ നിർവീര്യശേഷിയിൽ കുറവു സംഭവിക്കും. വിസ്കി, ബ്രാണ്ടി, വോഡ്ക, റം, ജിൻ എന്നിവയിൽ കാണപ്പെടുന്ന ആൽക്കഹോളിന്റെ അളവ് ഏകദേശം 41 ശതമാനമാണ്. അതായത് 100 മില്ലിയിൽ 40 ഗ്രാം. വൈനിൽ ഈ അളവ് 10നും 15 ശതമാനത്തിനും ഇടയിലാണെന്നാണ് കണക്കാക്കുന്നത്. ബിയറിലാകട്ടെ അഞ്ചു ശതമാനവും. മദ്യം ഏതു വിഭാഗത്തിൽ പെടുന്നു എന്നുള്ളതും എത്ര അളവിൽ കുടിക്കുന്നു എന്നതുമാണ് ആകെ എത്രത്തോളം ആൽക്കഹോൾ ശരീരത്തിലേക്ക് കടക്കുന്നു എന്നത് നിർണയിക്കുന്നത്. 750 എംഎൽ ഉള്ള ഒരുകുപ്പി ബിയർ കഴിക്കുന്ന ആളുടെ ശരീരത്തിൽ 38 ഗ്രാം ആൽക്കഹോൾ എത്തുന്നു. അതേസമയം 60 എംഎൽ വിസ്കി കഴിക്കുന്നയാളുടെ ശരീരത്തിൽ 24 ഗ്രാം ആൽക്കഹോളാണ് കയറുന്നത് ചുരുക്കത്തിൽ ബിയർ നിരുപദ്രവകാരിയാണെന്ന ധാരണ തെറ്റാണ്.

മദ്യപാനികൾക്കിടയിൽ പ്രചരിക്കുന്ന അബദ്ധധാരണകൾ തിരിച്ചറിയേണ്ടത് കരളിന്റെ ആരോഗ്യം നിലനിർത്താൻ അനിവാര്യമാണ്. വിയർക്കുന്ന രീതിയിൽ കായികാധ്വാനം നടത്തിയാൽ മദ്യത്തിന്റെ ഹാനികരമായ സ്വാധീനം ഉണ്ടാവുകയില്ല എന്ന ധാരണ തെറ്റാണ്. തെങ്ങുകയറ്റ തൊഴിലാളികൾ വെളുപ്പിനു ജോലി തുടങ്ങി 10–11 മണിയോടെ അതവസാനിപ്പിച്ചശേഷം ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിനു മുന്നിൽ ക്യൂ നിൽക്കാൻ പോകുന്നത് ഇത്തരമൊരു അബദ്ധധാരണയുടെ ഹാനികരമായ ഫലവും തെങ്ങിന്റെ മണ്ടയിൽനിന്നു താഴേക്കു ചാടുന്നതുപോലുള്ള മണ്ടത്തരവുമാണ്.

അമിതമായി ഭക്ഷണം കഴിച്ചശേഷം മദ്യപിച്ചാൽ ശരീരത്തെ ബാധിക്കുകയില്ല എന്ന ധാരണയും തെറ്റാണ്. മദ്യം വിശപ്പിനെ ക്രമാതീതമാക്കുകയും അമിത ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കു വഴിതെളിക്കുകയും ചെയ്യും.

ദുരഭിമാനിയായ കരൾ!

മദ്യത്തേക്കാൾ കൂടുതലായി കേരളീയരുടെ കരളിനെ ഇന്ന് ദോഷകരമായി ബാധിക്കുന്നത് രാസവളം നല്കി ഉത്പാദിപ്പിച്ച്, വിഷതുല്യമായ കീടനാശിനികൾ തളിച്ച് കീടങ്ങളിൽനിന്ന് രക്ഷിച്ച്, മാർക്കറ്റിൽ വിൽക്കുന്ന പച്ചക്കറികളാണ്. ഇവയിലെ വിഷാംശങ്ങളെ വെള്ളത്തിൽ ലയിച്ചുപോകുന്ന രീതിയിലേക്കു മാറ്റേണ്ട ചുമതല കരളിനാണ്. വിഷവസ്തുക്കളുടെയും രാസവസ്തുക്കളുടെയും അളവ് ശരീരത്തിൽ കൂടുമ്പോൾ കരൾ പരാജയത്തിലേക്ക് വീഴും. ചിലതരം മരുന്നുകൾ ദീർഘകാലം കഴിച്ചാലും കരൾരോഗമുണ്ടാകും.

പ്രവർത്തനശേഷിയിൽ അനുദിനം പരാജയപ്പെടുമ്പോഴും അതു മൂടിവയ്ക്കാനുള്ള പ്രവണത കരളിനുണ്ട്. കരൾരോഗ ലക്ഷണങ്ങൾ പുറത്തുകാണിക്കുകയില്ല. പ്രവർത്തനശേഷി 30 ശതമാനമായി കുറഞ്ഞാൽ പോലും കുലുക്കമൊന്നും ഇല്ലാത്തതുപോലെയാകും കരൾ പ്രവർത്തിക്കുക. താങ്ങാൻ പറ്റാത്ത അവസ്‌ഥയാവുമ്പോഴാണ് കരൾ ചില ലക്ഷണങ്ങളിലൂടെ തന്റെ അവസ്‌ഥ പുറംലോകത്തെ അറിയിക്കു.


മഞ്ഞപ്പിത്തം, കാലിനു നീര്, ദേഹത്തു ചുവന്ന പാടുകൾ, ചോര ഛർദിക്കൽ, വയർ വീർക്കൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഗ്യാസിന്റെ ഉപദ്രവമാണെന്നു കരുതി വയർ വീർക്കുന്നതിനെ നിസാരമാക്കരുത്. വരുത്തിവയ്ക്കുന്ന ഗുരുതര സാഹചര്യങ്ങളുടെ ലക്ഷണങ്ങളാണിവ.

രോഗം ഗുരുതരാവസ്‌ഥയിൽ എത്തുമ്പോൾ കരൾ ലക്ഷണങ്ങൾ പ്രത്യക്ഷമാകൂ എന്നതിനാൽ ചികിത്സ ആരംഭിക്കാൻ വൈകും. രോഗത്തെ നിയന്ത്രണാധീനമാക്കാൻ പിന്നീട് കഠിനമായി മല്ലടിക്കേണ്ടിവരും. വൈകിയായാലും പരമാവധി മികച്ച ചികിത്സ നൽകുക എന്നതാണ് പ്രധാനകാര്യം. നാല്പതു വയസു കഴിഞ്ഞവർ ലിവർ ഫംഗ്ഷൻ ടെസ്റ്റ് നടത്തി വാസ്തവസ്‌ഥിതി അറിയണമെന്നും നിർദേശിക്കുന്നതു അതുകൊണ്ടാണ്.

മദ്യം കഴിക്കുന്നവർ ആടിന്റെ കരൾ കഴിക്കുന്നത് കരൾരോഗം വരാതിരിക്കാൻ നല്ലതാണെന്നു ചിലർ പറയാറുണ്ട്. ആടിന്റെ കരളിൽ പ്രോട്ടീൻ കൂടുതലായിരിക്കും. ഇതു ദഹിപ്പിക്കാൻ പ്രയാസമാണ്. അതിനാൽ കരൾ കഴിക്കുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ. കേരളത്തിലെ കരൾ രോഗികളിൽ 99 ശതമാനവും മുതിർന്നവരാണ്. കുട്ടികളായ കരൾരോഗികൾ ഒരു ശതമാനം.

ചില മരുന്നുകൾ കരളിന്റെ ശത്രുക്കൾ

ചില മരുന്നുകൾ കരളിനെ ദോഷകരമായി ബാധിക്കും. ചില ആന്റി ബയോട്ടിക്കുകൾ, വേദനസംഹാരികൾ തുടങ്ങിയവ. ഏതുരോഗത്തിനും ഡോക്ടറെ സമീപിക്കുമ്പോൾ കരൾരോഗമുണ്ടെങ്കിൽ പറയണം. കരളിനു ദോഷകരമാവുന്ന മരുന്നുകൾ നിർദേശിക്കുന്നത് ഒഴിവാക്കാൻ ഇതനിവാര്യമാണ്. സ്വയം ചികിത്സ തീർത്തും പാടില്ല.

കരൾരോഗമുള്ളവർ ഉറക്കഗുളികയും വേദനസംഹാരി ഗുളികയും കഴിക്കരുത്. മലബന്ധം ഉണ്ടാകാതെ ശ്രദ്ധിക്കണം. വ്യായാമം ഇല്ലാത്തതും അമിത വണ്ണവും മധുരത്തിന്റെ നിയന്ത്രണാതീതമായ ഉപഭോഗവും കരൾരോഗത്തിനു വഴിവയ്ക്കുന്ന സാഹചര്യങ്ങളാണ്.

ആർത്രൈറ്റിസ്, സോറിയാസിസ്, അപസ്മാരം തുടങ്ങിയവയ്ക്ക് ദീർഘകാലമായി മരുന്നു കഴിക്കുന്നവർ ഇടയ്ക്കിടയ്ക്ക് ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്തുനോക്കണം.

ഡയാലിസിസ് രോഗികൾ കരൾരോഗത്തെ കരുതലോടെ കണ്ട് പെരുമാറണം. ഹെപ്പാറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്ക് പ്രത്യേകം യന്ത്രങ്ങൾ ഉള്ള ഡയാലിസിസ് സെന്ററുകളിൽ വേണം ഡയാലിസിസ് നടത്തുവാൻ. ഡയാലിസിസിനു വിധേയരാകുന്നവർ നിർബന്ധമായും പ്രതിരോധ വാക്സിൻ എടുത്തിരിക്കണം. കുട്ടികളിൽ കൂടുതൽ കാണുന്നത് ഹെപ്പറ്റൈറ്റിസ് –എ ആണ്. ഇതു തടയാൻ വാക്സിൻ ഉണ്ട്. രണ്ട് ഡോസ് എടുത്താൽ ലൈഫ് കവറേജ് കിട്ടും. കുട്ടികളായിരിക്കുമ്പോൾ വാക്സിൻ എടുക്കണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ പ്രമാണം. കരൾ രോഗത്തിനും ബാധകമാണത്.

കരൾരോഗം വ്യാപകമായതോടെ വികസിത രാജ്യങ്ങളിൽ കരൾരോഗ ചികിത്സയ്ക്കായി ഹെപ്പറ്റോളജി എന്ന സ്പെഷ്യാലിറ്റി വിഭാഗം രൂപം കൊണ്ടു. കേരളത്തിൽ **ഒരു ഡിഎം ഹെപ്പറ്റോളജിസ്റ്റിന്റെ സേവനം ഇപ്പോൾ ലഭ്യമായിട്ടുള്ളത് ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയിലെ രാജഗിരി ഹോസ്പിറ്റലിലാണ്.

<ആ>തയാറാക്കിയത്: മാണി പയസ്