ബംഗാളിൽനിന്നുള്ള ഉണർത്തുപാട്ടുകൾ...
ബംഗാളിൽനിന്നുള്ള ഉണർത്തുപാട്ടുകൾ...
മൗസം എന്നുപേരുള്ള ഒരു യുവാവുണ്ട്. ബംഗാളിലെ മുർഷിദാബാദിനടുത്തുനിന്നാണ് വരവ്. ഭംഗിയായി തറയോടുകൾ വിരിക്കും. മൗസം എന്ന വാക്കിന് ഹിന്ദിയിൽ കാലാവസ്‌ഥയെന്നോ ഋതുവെന്നോ ഒക്കെയാണ് അർഥം. പൊതുവേ പെൺകുട്ടികൾക്കിടുന്ന പേരാണെങ്കിലും ഈ യുവാവിനും ആ പേരു കിട്ടി– ഒരുപക്ഷേ ഭംഗിയുള്ള ചിരി കണ്ടിട്ടാകാം. കേരളത്തിൽ ഒട്ടും നല്ല കാലാവസ്‌ഥയല്ലെങ്കിലും മൗസമിന്റെ മുഖത്തുനിന്ന് ആ ചിരി ഒരിക്കലും മായാറില്ല. കഠിനമായി ജോലി ചെയ്യുമ്പോഴും ഒരു മൂളിപ്പാട്ടുണ്ടാകും അയാളുടെയുള്ളിൽ.
പരിഭവിക്കരുത്, തൊഴിലാളി എന്നോർക്കുമ്പോൾ മൗസമിനെപ്പോലെ ഒരു ബംഗാളിയുടെ മുഖമാണ് കൺമുന്നിൽ തെളിയുന്നത്. നമ്മുടെ തൊഴിലാളികളെയും കർഷകരെയും പാടേ മറന്നതുകൊണ്ടല്ല. വടക്കുകിഴക്കുനിന്ന് കാതങ്ങൾ കാലടികളിലാക്കിവന്ന് കാലംനോക്കാതെ പണിയെടുക്കുന്ന ബംഗാളി ഒരു പ്രതീകമായതുകൊണ്ടാണ്... നോക്കുന്നിടത്തെല്ലാം അവരെ കാണുന്നതുകൊണ്ടു കൂടിയാണ്...

മിക്കവാറുംപേർക്ക് ഒരേ മുഖച്ഛായ.., ഒരേ ചലനരീതികൾ.., ഒരേ അംഗവിക്ഷേപങ്ങൾ... സമാനമായ ആവശ്യങ്ങൾ... ആവശ്യങ്ങളെക്കുറിച്ചു പറഞ്ഞപ്പോഴാണ്– ഭക്ഷണം, മൊബൈൽ, ഒരു പരിധിവരെ പുകയില... ഇത്രയും പൊതുവായ ആവശ്യങ്ങളാണ്. ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കും അവർ. അല്ലാത്തപ്പോൾ ഇയർഫോണുകൾ ചെവിയിൽ തിരുകിയിരിക്കും. അതെ, അവർ പാട്ടുകേൾക്കുന്നുണ്ട്. അടിപൊളിയെന്നു വിശേഷിപ്പിക്കാവുന്ന ഹിന്ദി പാട്ടുകൾക്കപ്പുറം അവർ സ്വന്തം നാടിന്റെ സംഗീതം കേൾക്കുന്നുണ്ടാവുമോ?.. പണിയെടുത്തു തളരുമ്പോൾ അവർ ഏതു മൂളിപ്പാട്ടാവും പാടുക?!..

ബംഗാളിൽ സൊനാർപുർ എന്നൊരു ഗ്രാമമുണ്ട്. തൊണ്ണൂറു വർഷങ്ങൾക്കപ്പുറത്ത് അവിടെയൊരു ആൺകുട്ടി ജനിച്ചു. അല്പം സംഗീതവാസനയുള്ള ഒരു ഡോക്ടറായിരുന്നു അവന്റെ അച്ഛൻ. ആസാമിൽ ജോലിചെയ്തിരുന്ന അദ്ദേഹം മകനെയും കൂടെക്കൂട്ടി. അച്ഛനിൽനിന്നു കിട്ടിയ പാശ്ചാത്യ സംഗീതവും, ആസാമിൽ കുട്ടിക്കാലത്തുകേട്ട നാടോടി ഗാനങ്ങളും അവന്റെ മനസിൽ ഈണങ്ങൾ നിറച്ചു. ആ ഈണങ്ങൾ പിന്നീടു പലവഴിയായൊഴുകിപ്പരന്നു. ലോകത്തിന് അങ്ങനെയൊരു സംഗീതജ്‌ഞനെ വരമായിക്കിട്ടി– സലിൽ ദാ എന്ന സലിൽ ചൗധരിയെ!

ഉപരിപഠനത്തിനായി 1944–ൽ കൊൽക്കത്തയിലെത്തിയ സലിൽ ചൗധരിക്കു മുന്നിൽ ഒരു വാതിൽ തുറന്നു– ഇടതുപക്ഷ കലാകാരന്മാരുടെ സംഘടനയായ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ)യുടേതായിരുന്നു അത്. ബൽരാജ് സാഹ്നി, കൈഫി ആസ്മി, കെ.എ. അബ്ബാസ് തുടങ്ങിയവർക്കൊപ്പം സലിൽ ചൗധരി ഇപ്റ്റയുടെ മുൻനിരയിൽ അണിചേർന്നു. ഇപ്റ്റയ്ക്കുവേണ്ടി അദ്ദേഹം ഒട്ടേറെ ഗാനങ്ങൾ എഴുതി ഈണമിട്ടു. ബംഗാൾ ജനതയുടെ ഹൃദയത്തിൽ സമരാവേശത്തിന്റെ തിരമാലകൾ ഉയർത്തി ആ ഗാനങ്ങൾ.

എന്തൊരു കാലമായിരുന്നു അത്! മനസുനിറയെ സംഗീതത്തിന്റെയും കവിതയുടെയും കനലുമായി ഒരു യുവാവ്. രവീന്ദ്രനാഥ ടാഗോർ, പങ്കജ് മല്ലിക്ക്, ജ്യോതിരിന്ദ്ര മിത്ര തുടങ്ങിയവരുടെ മഹത്തായ പ്രചോദനം... സലിൽ ചൗധരി അന്ന് പടുത്തുവച്ചത് ബംഗാളി സംഗീതത്തിലെ നാഴികക്കല്ലുകളാണ്. തന്റെ സാമൂഹ്യ– രാഷ്ര്‌ടീയ നിലപാടുകളാണ് സലിൽ ദാ ഗാനങ്ങളാക്കിയതെന്നും പറയാം. ആ പാട്ടുകളെക്കുറിച്ചറിഞ്ഞാൽ അദ്ദേഹം ആരെന്നറിയാം. ഹിന്ദിയും മലയാളവുമടക്കമുള്ള സിനിമകളിലെ സലിൽ ചൗധരിയുടെ പാട്ടുകൾ മാത്രം കേട്ടാൽ പോരാ എന്നു ചുരുക്കം.


നാല്പതുകളുടെ തുടക്കംമുതലുള്ള അസംഖ്യം പാട്ടുകളാണത്. റെക്കോർഡ് ചെയ്യപ്പെടാത്തവയുമുണ്ട്. ഇപ്റ്റയിലെ മുതിർന്ന അംഗങ്ങളുടെ സഹായത്തോടെ ചിലർ ആ പാട്ടുകൾ സമാഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗൗതം ചൗധരിയാണ് അതിലൊരാൾ. ഗാനസംഗീത് സംഗ്രഹ എന്ന പേരിൽ പുസ്തകമെഴുതിയ സുബ്രത രുദ്രയും പാട്ടുകളുടെ കണക്കെടുപ്പു നടത്തിയയാളാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുള്ള സലിൽ ചൗധരിയുടെ ചില വരികൾ അത്രമേൽ തീക്ഷ്ണമാകയാൽ പലപ്പോഴും വേദികളിൽ അവതരിപ്പിക്കുന്നതിനു മുമ്പ് സെൻസറിംഗിനു വിധേയമാക്കാറുണ്ടെന്ന് ഇവർ പറയുന്നു.

ബംഗാളി കർഷകത്തൊഴിലാളികളുടെ വിളവെടുപ്പുവേളയ്ക്കായുള്ള ഉരു തക തക തകിന തകിന എന്ന ഗാനം 1944–45 കാലത്ത് ഒരുക്കിയതാണ്. നാടൻ ഈണത്തിന്റെ മനോഹരമായ ആവിഷ്കാരമാണിത്. ഇതേ ഈണം പ്രശസ്തമായ ദോ ബിഗാ സമീൻ എന്ന ഹിന്ദി ചിത്രത്തിലെ ഹരിയാലി സാവൻ ഡോൽ ബജാതാ ആയാ എന്ന പാട്ടിനുവേണ്ടി സലിൽ ദാ ഉപയോഗിച്ചു.

ഭൂവുടമകളുടെ ചൂഷണത്തിനെതിരേ ശക്‌തമായ ശബ്ദമുയർത്തിയ ആയിരേ ഓ ആയിരേ എന്ന ഗാനം 1946 കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ഘൂം ബൻഗാർ ഗാൻ എന്ന ആൽബത്തിനുവേണ്ടി സലിൽ ദാ ഈ ഗാനം 1980ൽ വീണ്ടും റെക്കോർഡ് ചെയ്തിട്ടുണ്ട്.

ശക്‌തിയുടെ സംഗീതമാണ് 1948ൽ ഒരുക്കിയ മാൻബോ നാ ബന്ധനേ എന്ന പാട്ടിന്. സാമൂഹ്യ ഉച്ചനീചത്വങ്ങൾ, ദാരിദ്ര്യം, പൂഴ്ത്തിവയ്പുകാർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ എന്നിവയ്ക്കെതിരേയാണ് ആ പാട്ട് ശബ്ദമുയർത്തിയത്. കൂടുതൽ നല്ലൊരു സമൂഹവും, സ്വാതന്ത്ര്യവും ആ വരികൾ ലക്ഷ്യമിട്ടു. സാക്ഷാൽ മന്നാഡേയുടെ ശബ്ദത്തിലാണ് മാൻബോ നാ ആദ്യം റെക്കോർഡ് ചെയ്തത്. ഇന്നും പുതുമ നഷ്‌ടപ്പെടാത്ത ഈണമാണത്.
ആമാർ പ്രൊതിബാദേർ ഭാസാ ഒരേസമയം പ്രാർഥനയും പ്രതിജ്‌ഞയുമായാണ് കണക്കാക്കുന്നത്. ചൂഷണം ചെറുക്കുക, ചൂഷകരെ ആട്ടിപ്പായിക്കുക എന്ന സന്ദേശം ഈ പാട്ടിൽ നിറയുന്നു. 1963ൽ ദേബബ്രത ബിശ്വാസിന്റെ ശബ്ദത്തിൽ 78ആർപിഎമ്മിലാണ് ആദ്യമായി ആലേഖനം ചെയ്തത്. പിന്നീട് നിരവധിതവണ റീ–റെക്കോർഡ് ചെയ്യപ്പെട്ടു. ഇന്നും ബംഗാളിൽ ഈ ഗാനം മുഴങ്ങുന്നുണ്ട്.

ഏതാണ്ട് അമ്പതുവർഷം.., ഇങ്ങനെ ഒട്ടേറെ ഗാനങ്ങൾ.. സലിൽ ദായുടെ വരികളും ഈണങ്ങളും അക്ഷരാർഥത്തിൽ ബംഗാളിലെ ഒരു സമൂഹത്തെയാകെ കൈപിടിച്ചു നടത്തുകയായിരുന്നു. അവർക്ക് പാട്ടിലൂടെ അറിവും ഊർജവും പകരുകയായിരുന്നു. ഒരുമിച്ച് മുന്നോട്ട് എന്ന മനോഭാവം ഉണ്ടാക്കിയെടുക്കുകയായിരുന്നു...

ഇന്ന് മൗസമിനെപ്പോലുള്ളവർ പാടുന്നതും കേൾക്കുന്നതും സലിൽ ചൗധരിയെന്ന മഹാപ്രതിഭയുടെ ആ അപൂർവ ഗാനങ്ങളാകണമെന്നില്ല. അവരത് ഒരുപക്ഷേ ഒരിക്കലും കേട്ടിട്ടുണ്ടാകില്ല. പണിയെടുത്തു തളരുമ്പോൾ മനസുണർത്താനും വേദനകൾ മറക്കാനും ഏതുപാട്ടും ഉതകുമല്ലോ..

<ആ>ഹരിപ്രസാദ്