ടൈംപാസിൽ നിന്ന് അഡിക്ഷനിലേക്ക്
ടൈംപാസിൽ നിന്ന് അഡിക്ഷനിലേക്ക്
സ്ത്രീപുരുഷന്മാർക്കൊപ്പം ഇഷ്‌ടാനുസരണം ചാറ്റ് ചെയ്യാം എന്നുള്ള പരസ്യങ്ങൾ മൊബൈൽ ഫോണിലും ഇന്റർനെറ്റിലും ലഭിച്ചുകൊണ്ടിരിക്കുന്നു. ഹോട്ട് വീഡിയോകൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്നുള്ള പരസ്യങ്ങൾ പ്രമുഖ കമ്പനികളുടെ മൊബൈൽ ഫോണുകളിൽ വരെ പ്രവഹിക്കുന്നു. സെക്സ് ചാറ്റിനു തയ്യാറായ യുവതികളുടെ ഫോട്ടോകൾ സഹിതം ഇന്റർനെറ്റിൽ ലഭ്യമാണ്. വൈകൃത മനസുള്ള മനുഷ്യർ നമ്മുടെ സമൂഹത്തിൽ കാട്ടുന്ന അതിക്രമങ്ങൾക്ക് ആക്കം കൂട്ടുവാൻ ഇത് ഒരു കാരണമാകും. പലയിടത്തും സ്കൂളുകൾക്ക് മുന്നിലുള്ള മുറുക്കാൻ കടകളിൽ വരെ ആവശ്യക്കാരുടെ മൊബൈലുകളിലേക്ക് നീലചിത്രങ്ങൾ അയച്ചുകൊടുക്കാനുള്ള സംവിധാനമുണ്ട്. തിരുവനന്തപുരം ജില്ലയിലെ നാട്ടിൻപുറത്തെ ഒരു സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളെ ഇക്കാരണത്താൽ അടുത്ത കാലത്ത് സസ്പെൻഡ് ചെയ്തിരുന്നു. ഇതുപോലുള്ള കടകൾ നിലനിൽക്കുകയും ഇനിയും തഴച്ചുവളരാനുള്ള സാധ്യതകൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ല.

വലിയവിലക്കുകൾക്കുള്ളിൽ ജീവിച്ച ഒരു സമൂഹത്തിൽ നിന്നും വിലക്കുകൾ എല്ലാം മറഞ്ഞുപോകുന്ന ഒരു സമൂഹത്തിലാണ് നമ്മൾ എത്തിക്കൊണ്ടിരിക്കുന്നത്. മുൻതലമുറയുടെ വസ്ത്രധാരണത്തേയും പെരുമാറ്റത്തേയും എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള സഹവാസത്തെയുമെല്ലാം നിയന്ത്രിക്കുവാൻ വീട്ടിൽ കാരണവന്മാരും മുത്തശിമാരുമുണ്ടായിരുന്നു.രക്ഷിതാക്കളും കുട്ടികളും തമ്മിലുണ്ടായിരുന്ന വിടവ് ഇന്ന് അപ്രത്യക്ഷമായി .

ന്യൂ ജനറേഷൻ പൊതുവേ സമൂഹത്തെയും മുതിർന്നവരുടെ ഉപദേശത്തേയും മാനിക്കുന്നവരല്ല. കൂടുതൽ നിയന്ത്രണം അഭികാമ്യമല്ല എന്നതുപോലെ തീരെ നിയന്ത്രണം ഇല്ലായ്മയും അത്ര ആരോഗ്യകരമല്ല എന്ന് സാമൂഹ്യ ശാസ്ത്രജ്‌ഞർ ചൂണ്ടിക്കാട്ടുന്നു.

എന്റെ സ്വാതന്ത്ര്യം എന്ന ചിന്തയ്ക്ക് ഉള്ളിൽ നന്മ ആധാരമായിരിക്കണം. എനിക്ക് എന്തുംചെയ്യാം എന്ന മനോഭാവം ഒരു വ്യക്‌തിയെ അരാജകത്വത്തിലേക്ക് എത്തിക്കും.

ടൈംപാസ് പോലെ അശ്ലീലത ആസ്വദിക്കുന്നത് തെറ്റല്ല എന്നു പറയുന്ന ധാരാളം പേരുണ്ട്. ടെൻഷനുകൾ ഒഴിവാക്കാൻ ഇത് നല്ലതാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പക്ഷെ ആശ്വാസം എന്ന നിലയിൽ നിന്നുമാറി അടിമത്തമാകുമ്പോഴും പിന്നെ വൈകൃതങ്ങളിലേക്കും ക്രൂരതകളിലേക്കും പോകുന്നിടത്താണ് അപകടങ്ങൾ. ജീവിത പങ്കാളിയുടെ സൈബർ സെക്സ് അഡിക്ഷൻ കാരണം എല്ലാ ദിവസവും കൊലപാതകങ്ങൾ നടക്കുന്നില്ല എന്ന് ചിലർ ഓർമിപ്പിക്കുന്നു. എന്നാൽ ശാരീരികമായ കൊല നടക്കുന്നില്ലെങ്കിലും പല കുടുംബങ്ങളിലും ഭാര്യയുടേയോ ഭർത്താവിന്റെയോ മാനസികമായ/വൈകാരികമായ മരണം സംഭവിക്കുന്നുണ്ട്. പൊതുവെ ക്രൂരനായ ഭർത്താവ് അല്ലെങ്കിൽ സ്നേഹരഹിതയായ ഭാര്യ ജീവിത പങ്കാളിയെ പീഡിപ്പിക്കുന്ന മറ്റൊരു ഉപാധിയായി പുതിയ ബൈർ സംവിധാനങ്ങളേയും മാറ്റുന്നുവെന്നതാണ് വാസ്തവം.


സെലിബ്രിറ്റിയായ ഭാര്യയുടെ ഫോൺ ബന്ധങ്ങൾ കാരണം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവുണ്ട്. വിവാഹ മോചനക്കേസ് നൽകിയ മറ്റൊരു ഭർത്താവ് പറയുന്നത് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായി താൻ ഭാര്യയുടെ സൈബർ ഭ്രമം വളരെയധികം ക്ഷമിച്ചു എന്നാണ്. ചങ്ങനാശേരിയിലെ ഒരു കുടുംബത്തിലെ 18കാരി മകൾ അച്ഛന്റെ അരുമക്കുട്ടിയാണ്. അച്ഛൻ എന്നാൽ ലോകത്തിലെ ഏറ്റവും നല്ലവനായ പുരുഷൻ എന്ന സങ്കൽപ്പമാണ് കുട്ടിക്ക്. അച്ഛനും മകളും ഒന്നിച്ചുള്ള ഫോട്ടോകളാണ് കുട്ടിയുടെ മൊബൈലിലും ഫേസ്ബുക്കിലും നിറയെ.

ഒരുദിവസം കുട്ടി അബദ്ധത്തിൽ അച്ഛന്റെ വാട്ട്സ് ആപ് ക്ലിക്ക് ചെയ്തു. തന്റെ മനസിലെ അച്ഛന്റെ ചിത്രം അതോടെ പൊട്ടിത്തകർന്നുവെന്നാണ് പെൺകുട്ടി പറയുന്നത്. അച്ഛൻ ഏതോ സ്ത്രീകൾക്ക് അയക്കുന്ന മെസേജുകളും ചിത്രങ്ങളും കണ്ടിട്ട് അത് തന്റെ അച്ഛൻ തന്നെയാണെന്നു വിശ്വസിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു. കാര്യങ്ങൾ അവൾ അമ്മയെ അറിയിച്ചു. അമ്മ വഴി അച്ഛന്റെ ഫോണിലെ മുഴുവൻ ‘നീല’യും ഡിലിറ്റ് ചെയ്യിച്ചു.

പെൺകുട്ടിയുടെ അമ്മ പറയുന്നത് ഭർത്താവിനു പണ്ടു മുതലേ പുറമേ ചില ബന്ധങ്ങൾ ഉണ്ടെന്നാണ്. എന്നാൽ അച്ഛന്റെ ഈ ദൗർബ്ബല്യങ്ങൾ ഒന്നും കുട്ടിയെ അറിയിക്കാതെയാണ് വളർത്തിയത്.
ഏതു സമയവും സ്വന്തം മൊബൈലിൽ ചാറ്റ് നടത്തുന്ന തിരുവല്ല സ്വദേശിയായ 62കാരൻ ഭർത്താവ് ബാങ്ക് ജീവനക്കാരിയ ഭാര്യ എന്തിന് അവരുടെ ഫോൺ ലോക്ക് ചെയ്യുന്നുവെന്ന് ചോദിച്ച് ദിവസവും വഴക്കാണത്രേ. ഭാര്യയുടെ ഫോൺ കോൾ ലിസ്റ്റ് ഇടയ്ക്കു പരിശോധിച്ച് ഭാര്യ സുചരിത ആണെന്ന് ഇയാൾ ഉറപ്പു വരുത്തുന്നു.

അതേസമയം വിവാഹമോചനത്തിനോ ആത്മഹത്യയ്ക്കോ കഴിയാതെ എല്ലാം സഹിച്ച് മുന്നോട്ട് പോകുന്നവരുമുണ്ട്. (തുടരും)

<യ> ഈരാക്കുടുക്കായി സൈബർ ഇടങ്ങൾ–5/ എസ്.മഞ്ജുളാദേവി