എതിരാളിയില്ലാതെ ബ്ലോസം
എതിരാളിയില്ലാതെ ബ്ലോസം
ലോകത്തിലെ ഏറ്റവും ഉയരമുള്ള പശു ’ബ്ലോസം’ അടുത്തിടെ മരണപ്പെട്ടത് മൃഗസ്നേഹികളുടെ മനസിൽ ഉണങ്ങാത്ത മുറിവാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ബ്ലോസം സൃഷ്‌ടിച്ച ഗിന്നസ് റിക്കാർഡ് ഭേദിക്കാൻ ഇതുവരെ വേറൊരു പശുവിനും സാധിച്ചിട്ടുമില്ല. അമേരിക്കക്കാരി പാറ്റി മെഡ്സ് ഹാൻസന്റെ അരുമയായിരുന്ന ബ്ലോസമിന്റെ ഉയരം ആറടിയിൽ ഏറെയായിരുന്നു. കൃത്യമായി പറഞ്ഞാൽ 190 സെന്റീമീറ്റർ (74.8 ഇഞ്ച്). കാലിലുണ്ടായ ഒരു ചെറിയ മുറിവാണ് പിന്നീട് അണുബാധയുണ്ടായി വ്രണമായിത്തീർന്ന് ജീവനപഹരിക്കാൻ കാരണമായത്. ലോകം എക്കാലവും കണ്ടിട്ടുള്ള ഏറ്റവും ഉയരമുള്ള പശു എന്ന ബഹുമതി മരണാനന്തരവും ബ്ലോസം നിലനിർത്തുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.

രണ്ടുമാസം പ്രായമുള്ളപ്പോഴാണ് ബ്ലോസമിനെ പാറ്റിയുടെ പിതാവ് വാങ്ങിയത്. ബ്ലോസമിന്റെ അഭൂതപൂർവമായ വളർച്ച നേരിൽക്കണ്ട അദ്ദേഹം ഗിന്നസ് ബുക്ക് അധികാരികളുമായി ബന്ധപ്പെടുകയും അതിന്റെ ഫലമായി പിന്നീട് ബ്ലോസമിന്റെ പേര് ഗിന്നസ് ബുക്കിൽ വരികയുമാണുണ്ടായത്. എന്നാൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പശു എന്ന ബഹുമതിയുമായി ബ്ലോസം ഗിന്നസ് ചരിത്രത്തിൽ കയറിപ്പറ്റിയതു കാണാനുള്ള ഭാഗ്യം പാറ്റിയുടെ പിതാവിന് ഇല്ലാതെപോയി. അതിനു മുമ്പേ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. പാറ്റിയുടെ സ്നേഹപൂർണമായ സംരക്ഷണയിൽ ബ്ലോസം നീണ്ട 13 വർഷം കഴിഞ്ഞു. ഇതിനിടെ രണ്ടു പശുക്കുട്ടികൾക്ക് അവൾ ജന്മംനൽകി. എട്ടു വയസുവരെ ബ്ലോസമിന്റെ ഉയരത്തിൽ വർധനയുണ്ടായതായി പാറ്റി ഓർമിക്കുന്നു. പാറ്റിയുടെ കുടുംബാംഗങ്ങളോടെല്ലാം ബ്ലോസമിനു സ്നേഹമായിരുന്നു.


ബ്ലോസമിനെയും കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് പാറ്റിയും കരുതിയിരുന്നത്. പശുഫാമിൽ പുല്ലുതിന്നാൻ അവളെയും കൊണ്ടുപോകുന്നതായിരുന്നു പാറ്റിക്ക് ഏറ്റവും ഇഷ്‌ടമുണ്ടായിരുന്ന ഹോബി. ബ്ലോസം ഗിന്നസ്ബുക്കിൽ രേഖപ്പെടുത്തിയ റിക്കാർഡ് സമീപഭാവിയിലെങ്ങും തിരുത്തപ്പെടുകയില്ലെന്നുതന്നെയാണ് പാറ്റിയുടെയും കുടുംബാംഗങ്ങളുടെയും ഉറച്ച വിശ്വാസം. ബ്ലോസമിനു മുമ്പ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പശു എന്ന ബഹുമതി നിലനിർത്തിയിരുന്നത് മൗണ്ട് കാറ്റാടിൻ ആയിരുന്നു. 1.88 മീറ്റർ (ആറടി രണ്ടിഞ്ച്) ഉയരമായിരുന്നു അവൾക്കുണ്ടായിരുന്നത്. ബ്ലോസമിന്റെ രണ്ടു കുട്ടികളും അമ്മ വഹിച്ച പദവിയുമായി ഭാവിയിൽ ഗിന്നസ്ബുക്കിൽ കയറിപ്പറ്റുമെന്നുള്ള പ്രതീക്ഷയും പാറ്റി പുലർത്തുന്നുണ്ട്.

<ആ>ജോർജ് മാത്യു പുതുപ്പള്ളി