നല്ല പാട്ടുകളുടെ സൗരയൂഥത്തിൽ
നല്ല പാട്ടുകളുടെ സൗരയൂഥത്തിൽ
‘പൂക്കൾ പനിനീർ പൂക്കൾ
നീയും കാണുന്നുണ്ടോ...
ഈണം കിളിതൻ ഈണം
നീയും കേൾക്കുന്നുണ്ടോ...’

അതിമനോഹരമായ ശബ്ദത്തിൽ ഭാവതീവ്രതയോടെ വാണി ജയറാം പാടുമ്പോൾ സുഖദമായൊരു പ്രണയാനുഭൂതി, പോയ കാലത്തിന്റെ മാസ്മരികമായൊരു പ്രേമാർദ്രത, മലയാള പ്രേക്ഷകരറിയുന്നു, ’ആക്ഷൻ ഹീറോ ബിജു’ എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലെ ഈ ഗാനം ഇന്നു വൻതരംഗമായി മാറിയിരിക്കുകയാണ്. ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിനൊപ്പം വാണി ജയറാം പാടിയ യുഗ്മഗാനം പഴയ തലമുറയും ന്യൂജനറേഷനും ഒരുപോലെ ഏറ്റെടുക്കുകയാണ്. ജെറി അമൽദേവിന്റെ സംഗീതവും, സന്തോഷ് വർമയുടെ വരികളും യേശുദാസിന്റെയും വാണിജയറാമിന്റെയും ശബ്ദമാധുര്യവും കൂടിച്ചേർന്നപ്പോൾ ഗാനം സൂപ്പർ ഹിറ്റായി മാറി.

1973ൽ ’സ്വപ്നം’ എന്ന ചിത്രത്തിലെ ’സൗരയൂഥത്തിൽ...’ എന്ന ഗാനം പാടിക്കൊണ്ട് മലയാളചലച്ചിത്രലോകത്തിലെത്തിയ വാണി ജയറാം മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സ്വരലാവണ്യമാണ്. ’1983’ എന്ന സിനിമയിലെ ’ഓലഞ്ഞാലിക്കുരുവി...’ എന്ന ഗാനം ഒരിടവേളയ്ക്കുശേഷം വാണിജയറാം പാടുമ്പോൾ ഒരു ഗാനവസന്തം വീണ്ടും മലയാളത്തിൽ ചിറകുവീശുകയായിരുന്നു. ഇപ്പോഴിതാ പ്രണയാർദ്രമായ പുതിയ ഗാനത്തിലൂടെ വാണി മലയാള സംഗീത ഹൃദയം അക്ഷരാർഥത്തിൽ കീഴടക്കുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, മറാഠി, ഗുജറാത്തി ഉൾപ്പെടെ 19 ഭാഷകളിലെ സിനിമാഗാനങ്ങൾ പാടിയിട്ടുള്ള വാണി ജയറാം ഹിന്ദിയിലെയും, തമിഴിലെയും മലയാളത്തിലെയും ബംഗാളിയിലെയും ഉൾപ്പെടെ എല്ലാ ഇതിഹാസ സംഗീത സംവിധായകരുടെയും ഗാനങ്ങൾ പാടിയിട്ടുണ്ട്. പാടിയ ആദ്യഗാനം തന്നെ എല്ലാക്കാല ഹിറ്റാക്കിയ റെക്കോർഡും ഈ ഗായികയ്ക്കുണ്ട്. ’ബോലെ രേ പപ്പി...’ (ഹിന്ദി ചത്രമായ ഗുഡ്ഡി) ഒരു ഉദാഹരണം മാത്രം. മലയാളത്തിൽ പാടിയ നൂറുകണക്കിനിനു ഗാനങ്ങളുടെ ഈണവും ഭാവവും മാത്രമല്ല ഗാനരചയിതാവ്, സംഗീത സംവിധായകൻ, സിനിമാ സന്ദർഭം അങ്ങനെ എല്ലാം ഇന്നും ഹൃദിസ്‌ഥമാണ് വാണി ജയറാമിന്.
വാണി ജയറാം സംസാരിക്കുന്നു:

‘പൂക്കൾ പനിനീർ പൂക്കൾ’ വലിയ ഹിറ്റായി മാറിയല്ലോ?

അതേ വളരെ സന്തോഷമുണ്ട്. കേരളത്തിൽനിന്നു ധാരാളം പേർ എന്നെ വിളിച്ച് അഭിനന്ദിക്കുന്നു. റേഡിയോ മിർച്ചിയിലെ ടോപ്പ് ഗാനമാണെന്നു പറഞ്ഞ് ഒരു കോൾ കഴിഞ്ഞ ദിവസം വന്നിരുന്നു. യൂട്യൂബിലും ഈ ഗാനം വളരെ ഹിറ്റായി മാറിയിട്ടുണ്ട് എന്ന് അറിയുന്നു.

ജെറി അമൽദേവ് എന്ന പ്രഗത്ഭ സംഗീത സംവിധായകന്റെ ഈണത്തിൽ വീണ്ടും പാടുമ്പോൾ?

‘മഞ്ഞിൽ വിരിഞ്ഞപൂക്കൾ’ എന്ന ചിത്രത്തിലെ ’മഞ്ചാടിക്കുന്നിൽ...’ എന്ന ഗാനമാണ് ജെറി അമൽദേവ് സാറിന്റെ സംഗീതത്തിൽ ആദ്യം ഞാൻ പാടുന്നത്. പിന്നീട് ’കൊഞ്ചും ചിലങ്കേ പൊന്നിൻ ചിലങ്കെ...’ ’മന്ദാരകാറ്റിൽ പടരും പൂക്കാറ്റിൽ...’ തുടങ്ങി എത്രയോ ഗാനങ്ങൾ പാടി. ഇപ്പോൾ ഈ യുഗ്മഗാനം പാടുവാൻ കഴിഞ്ഞതിലും, അത് വിജയിച്ചതിലും അത്യധികം സന്തോഷമുണ്ട്.

‘1983’ ലെ ’ഓലഞ്ഞാലി കുരുവിയും’ കേരളത്തെ വല്ലാതെ കീഴടക്കിയിരുന്നു. ഒരു ഇടവേളയ്ക്കുശേഷം വാണിജയറാം എന്ന ഗായിക പാടിയ ഗാനമായിരുന്നുവല്ലോ അത്. വീണ്ടും എത്തുമ്പോൾ ഗാനരംഗത്ത് വലിയ മാറ്റങ്ങൾ അനുഭവപ്പെട്ടോ?

ആദ്യം തന്നെ പറയട്ടെ വലിയ ഇടവേള എന്നതിനു പ്രാധാന്യം നല്കുന്നില്ല. എപ്പോഴും ഗാനങ്ങളുടെ ലോകത്തുതന്നെ ആയിരുന്നതുകൊണ്ട് എനിക്ക് അങ്ങനെയൊരു ഇടവേളയോ, മാറ്റമോ അനുഭവപ്പെടുന്നുമില്ല. എന്തായാലും പാട്ടുകൾ ഹിറ്റായി. അതല്ലേ പ്രധാനം.


കെ. രാഘവൻ, ജി. ദേവരാജൻ, ദക്ഷിണാമൂർത്തി സ്വാമി, ബാബുരാജ്, സലിൽ ചൗധരി തുടങ്ങി ഒരു കാലത്തെ സംഗീത ഇതിഹാസങ്ങളുടെ കാലത്ത് പാടിത്തുടങ്ങിയ വാണിജയറാം ഗോപി സുന്ദർ സംഗീതം നല്കിയ ’ഓലഞ്ഞാലിക്കുരുവി...’ പാടുമ്പോൾ എന്ത് വ്യത്യാസമാണ് അനുഭവപ്പെട്ടത്? പുതിയ സംഗീത സംവിധായകരെയും പുതിയ സാങ്കേതികതയെയും എങ്ങനെ കാണുന്നു?

എനിക്കു അങ്ങനെ പഴയ തലമുറ, പുതിയ തലമുറ എന്നീ വ്യത്യാസം ഒന്നും അനുഭവപ്പെടാറില്ല. എന്നും ഗാനരംഗത്ത് തന്നെ ഉണ്ടായിരുന്നതുകൊണ്ട് സാങ്കേതിക രംഗത്തെ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ട ആവശ്യവും വന്നിട്ടില്ല. പുതിയ സംഗീത സംവിധാനങ്ങളുമായെല്ലാം പരിചിതമാണ്.

തമിഴ് മാതൃഭാഷയായ വാണിജയറാമിനു മലയാള ഗാനങ്ങൾ ഇത്രമേൽ ഭാവതീവ്രതയോടെ ആലപിക്കുവാൻ എങ്ങനെ സാധിച്ചു? ഭർത്താവ് ജയറാമിനൊപ്പം മുംബൈയിലാണ് വലിയകാലം ജീവിച്ചതും ?

ഗാനരചയിതാക്കൾക്കൊപ്പമിരുന്നു ഗാനത്തിന്റെ ഭാവവും വാക്കുകളും അർഥവുമെല്ലാം അതിസൂക്ഷ്മമായി മനസിലാക്കുമായിരുന്നു. ഇന്നും ഗാനത്തിന്റെ ആന്തരികഭാവവും അർഥവും അറിഞ്ഞു മാത്രമേ പാടാറുള്ളൂ. പാട്ടുകേൾക്കുന്ന ആസ്വാദകർക്കു ഗാനാനുഭൂതി ഉണ്ടാകണമെങ്കിൽ ഗായിക ഗാനത്തിൽ അലിഞ്ഞു പാടണം. അതു ഞാൻ എന്നും ശ്രദ്ധിക്കുന്നു.

മലയാള ഭാഷ വളരെ ബുദ്ധിമുട്ടിപ്പിക്കുന്ന ഭാഷ എന്നു പലരും പറയാറുണ്ട്?

അതേ, ഉച്ചരിക്കുവാൻ മലയാളഭാഷ ഏറ്റവും പ്രയാസമേറിയതു തന്നെയാണ്. എങ്കിലും ഞാൻ വളരെ പ്രയത്നിച്ച് ഉച്ചാരണവും അർഥവുമെല്ലാം പഠിക്കുമായിരുന്നു. എന്റെ മലയാള ചലച്ചിത്രഗാനങ്ങൾ കേട്ടിട്ട് പ്രഫ. ഒ.എൻ.വി. കുറുപ്പുസാർ അഭിനന്ദിച്ചത് ഇന്നും സന്തോഷത്തോടെ ഓർമ്മിക്കുന്നു. പാട്ടുപാടിയിരിക്കുന്നത് മലയാളി അല്ലാത്ത ഗായികയാണെന്നു തോന്നുകയില്ല എന്ന് ഒ.എൻ.വി സാർ പറഞ്ഞിരുന്നു. ശ്രീകുമാരൻതമ്പിസാറും എന്റെ മലയാള വഴക്കത്തെക്കുറിച്ച് പറഞ്ഞത് ഓർമിക്കുന്നു.

കാലങ്ങൾ കഴിഞ്ഞിട്ടും എങ്ങനെയാണ് ഇത്ര മനോഹരമായി മലയാള ഗാനങ്ങൾ പഴയ അക്ഷരശുദ്ധിയോടെ പാടുന്നത്? ഒരു ഭാഷയിൽനിന്ന് അല്പകാലം മാറിനിന്നാൽ തന്നെ ആ ഭാഷ മറന്നുപോകില്ലേ?

അങ്ങനെ എനിക്കു തോന്നാറില്ല. ഞാൻ മറാഠി ഗാനങ്ങൾ മുമ്പ് ധാരാളം പാടിയിരുന്നു. പിന്നീട് വഴിതിരിഞ്ഞു. എന്നുവച്ച് മറാഠി ഗാനങ്ങൾ ഇന്നും അതുപോലെ തന്നെ പാടുവാൻ സാധിക്കുന്നുണ്ട്. ഒരിക്കൽ ഒരു ഗാനം ഹൃദയത്തിൽ പതിഞ്ഞാൽ, നമ്മുടെ സിസ്റ്റത്തിൽ അലിഞ്ഞുചേർന്നാൽ പിന്നീട് ഒരിക്കലും മറക്കില്ല. ഞാൻ പാടിയ ഗാനങ്ങൾ എല്ലാം തന്നെ ഇന്നും അതേ തെളിമയോടെ എന്റെ ഉള്ളിലുണ്ട്.

1973ൽ വാണിജയറാം പാടിയ ’സൗരയുഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി’ ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇന്നു ഗാനമേള വേദികളിൽ വാണി ജയറാം പാടുമ്പോഴും അതേ സ്വരസൗന്ദര്യം മാത്രമല്ല ചലച്ചിത്ര ഗാനത്തിനുവേണ്ടി റെക്കോർഡ് ചെയ്ത അതേ പിച്ചിൽ, സ്കെയിലിൽ ഇന്നും പാടുവാൻ സാധിക്കുന്ന അത്യപൂർവം ഗായകരിൽ ഒരാളാണ് വാണി ജയറാം. എന്താണ് ഈ അദ്ഭുത രാഗത്തിനു പിന്നിൽ?

തീർച്ചയായും ഈശ്വരാധീനം. പിന്നെ രക്ഷിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം. സംഗീതത്തോടുള്ള അർപ്പണം, ജീവിതത്തിൽ നമ്മൾ പാലിക്കുന്ന മൂല്യങ്ങൾ, മുതിർന്നവരോടു കാട്ടുന്ന ബഹുമാനം എല്ലാം സംഗീത രംഗത്തെ വിജയത്തിലും പ്രാധാന്യം അർഹിക്കുന്നുണ്ട്.

<ആ>എസ്. മഞ്ജുളദേവി