തെന്നലയിലെ പാടങ്ങൾ വിളയുന്നു; പെൺവീരഗാഥയിൽ
തെന്നലയിലെ പാടങ്ങൾ വിളയുന്നു; പെൺവീരഗാഥയിൽ
തെന്നല പഞ്ചായത്തിലെ ഒരു കൂട്ടം വനിതകൾ തരിശായി കിടന്ന പാടശേഖരങ്ങളിൽ നിലമൊരുക്കി വിത്ത് പാകുമ്പോൾ ഒരിക്കലും ഓർത്തു കാണില്ല, അവരുടെ കാർഷിക പെരുമ നാടും വീടും കടന്ന് കടൽ കടക്കുമെന്ന്. കൂട്ടായ്മയുടെയും അധ്വാനത്തിന്റെയും കരുത്തിന് നൂറുമേനി വിളവിനപ്പുറം പെൺമയ്ക്കായി കാലം കരുതിവച്ചത് അത്രയേറെയാണ്. അങ്ങ് തെന്നലയിലെ പാടങ്ങളിൽ വിളയിച്ച ജൈവ നെല്ല് അരിയാക്കി തെന്നല റൈസ് എന്ന് പേരിട്ട് പുറത്തിറക്കിയപ്പോൾ തന്നെ ആവശ്യക്കാരേറെയായിരുന്നു. ഇന്നിപ്പോൾ കടലും കടന്ന് ദുബായിയിലേക്ക് പറക്കാനൊരുങ്ങുകയാണ് നാട്ടിൻപുറത്തെ ഒരു കൂട്ടം കുടുംബശ്രീ വനിതകൾ വിളയിച്ചെടുത്ത ജൈവ അരിയും അവരുടെ പെരുമയും.

തെന്നല റൈസ് കയറ്റുമതി ഈ മാസം മുതൽ

കുടുംബശ്രീ വനിതകൾ കൂട്ടുകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന ജൈവ അരിയായ തെന്നല റൈസ് ഈ മാസം ദുബായിയിലേക്ക് കയറ്റുമതി ചെയ്യും. ലുലു ഗ്രൂപ്പുമായി സഹകരിച്ചാണ് ദുബായിയിലെ മേളയിൽ വിറ്റഴിക്കാൻ തെന്നല റൈസ് കയറ്റുമതി ചെയ്യുന്നത്. തെന്നല അഗ്രോ പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ച് ബ്രാൻഡിംഗ് നടത്തിയാണ് കയറ്റുമതി.10, അഞ്ച്, രണ്ടു കിലോകളിൽ പായ്ക്കറ്റ് ചെയ്താണ് വിൽപ്പന. കിലോയ്ക്ക് 40 രൂപയാണ് വില. മലപ്പുറം ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും സംസ്‌ഥാനത്തിനു പുറത്തും മാർക്കറ്റ് വിപുലീകരിച്ച് സജീവമാകുകയാണ് തെന്നല റൈസ്. കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് തെന്നല റൈസിന് കമ്പനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജൈവ അരിയുടെ ബ്രാൻഡിംഗും നടത്തി. തുടർന്നാണ് കേരളത്തിനകത്തും പുറത്തും വിപണനം വ്യാപിപ്പിക്കാനും വിദേശത്തേക്ക് കയറ്റി അയയ്ക്കാനും ശ്രമം ആരംഭിച്ചത്.

<ശാഴ െൃര=/ളലമേൗൃല/െുലശമഹബ2016മുൃശഹ21ഴമ3.ഷുഴ മഹശഴി=ഹലളേ>

കമ്പനി എംഡി സിഡിഎസ് ചെയർപേഴ്സൺ

തെന്നല റൈസിന് ആഗോളവിപണി കണ്ടെത്താനും ഉൽപാദനവും സംഭരണവും ശക്‌തിപ്പെടുത്താനും ലക്ഷ്യമിട്ട് രൂപീകരിച്ച തെന്നല അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ എംഡി സിഡിഎസ് ചെയർപേഴ്സണായ അരിമ്പ്ര യാസീനാണ്. മറ്റ് 10 ഡയറക്ടർ ബോർഡ് അംഗങ്ങളും കർഷകരായ കുടുംബശ്രീ വനിതകളുമാണ് കാർഷിക മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. കമ്പനിക്ക് 500 ഓഹരി ഉടമകളുമുണ്ട്. ജൈവ അരി കൂടാതെ അവിൽ, പൊടിയരി, ഉണക്കല്ലരി, പായസ അരി തുടങ്ങിയവയും തെന്നലയിലെ വനിതാ കൂട്ടായ്മ ഉൽപാദിപ്പിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ഭാവിയിൽ മികച്ച മാർക്കറ്റ് ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം.

106 സംഘകൃഷി യൂണിറ്റുകൾ, 540 അംഗങ്ങൾ

നിലവിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന തെന്നല പഞ്ചായത്തിൽ 2012–13 കാലത്താണ് സിഡിഎസ് കുടുംബശ്രീ അംഗങ്ങളായ വനിതകൾ കാർഷിക രംഗത്ത് സജീവമായത്. നാല് സംഘകൃഷി യൂണിറ്റിൽ തുടങ്ങിയ കാർഷിക പ്രവർത്തനം ഇന്നിപ്പോൾ 106 സംഘകൃഷി യൂണിറ്റുകളുടെ കരുത്തിലാണ്. മൊത്തം 540 പേർ അംഗങ്ങളായുണ്ട്. തരിശായി കിടന്ന 146 ഏക്കർ പാടശേഖരങ്ങളാണ് ഇവർ കൃഷിയോഗ്യമാക്കിയത്.നിലവിൽ 1340 ഏക്കറിൽ സിഡിഎസ് കൂടുംബശ്രീ കൂട്ടായ്മയ്ക്ക് തെന്നലയിൽ കൃഷിയുണ്ട്. മറക്കപ്പാടം, വാളക്കുളം, അപ്ല പാടം, പാലക്കൽ, എരഞ്ഞിപ്പാടം എന്നീ പാടശേഖരങ്ങളിലാണ് കൃഷി. 47 സംഘകൃഷി യൂണിറ്റുകൾ നടത്തുന്ന നെൽകൃഷിക്ക് പുറമേ 24 സംഘകൃഷി യൂണിറ്റുകളിലായി 19 ഏക്കറിൽ വാഴ കൃഷിയുണ്ട്. 21 സംഘകൃഷി യൂണിറ്റുകൾ 19 ഏക്കറിൽ പച്ചക്കറി കൃഷിയും നടത്തുന്നു. 35 സംഘകൃഷി യൂണിറ്റുകൾ 43 ഏക്കറിൽ മരച്ചീനിയും കൃഷിയിറക്കിയിട്ടുണ്ട്. 10 സംഘകൃഷി യൂണിറ്റുകൾ എട്ട് ഏക്കറിൽ ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞൾ, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്.ആകെ രണ്ടു വിളകളായി 670 ഏക്കറിലാണ് നിലവിലെ സംയോജിത കൃഷി രീതി.


നെല്ല് കുത്താൻ സ്വന്തം മില്ലിനായി

വിളവെടുക്കുന്ന നെല്ല് ഇപ്പോൾ സ്വകാര്യമില്ലിൽ നിന്നാണ് അരിയാക്കുന്നത്. ഇതിനാൽ സ്വന്തമായി മില്ല് സ്‌ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോഴിച്ചെനയിലെ സർക്കാർ ഭൂമിയിൽ നിന്ന് ഒരേക്കർ അനുവദിച്ചുകിട്ടാൻ തെന്നല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കമ്പനി എംഡിയും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം കളക്ടറോട് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ടിൻമേൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് തെന്നല റൈസ് കൂട്ടായ്മ.

പെൺമയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച്

വീട്ടിൽ ഒതുങ്ങിക്കൂടേണ്ടവരല്ല പെണ്ണുങ്ങൾ, അവർക്കുമുണ്ട് സ്വാതന്ത്ര്യവും അവകാശങ്ങളും... ഇതെല്ലാം വായ കൊണ്ട് പറഞ്ഞ് വെറുതെ ഇരുന്നില്ല തെന്നലയിലെ പെണ്ണുങ്ങൾ.. പൊരിവെയിലത്ത് കൊത്തിയും കിളച്ചും മേൽനോട്ടം വഹിച്ചും അരി പായ്ക്ക് ചെയ്തും നേടിയെടുത്ത മാനസികവും ശാരീരികവുമായ കരുത്ത് കുറച്ചൊന്നുമല്ല തെന്നലയിലെ വനിതാ കൂട്ടായ്മയെ പ്രചോദിപ്പിച്ചിരിക്കുന്നത്. ആത്മാഭിമാനത്തോടെ ഇനിയും ഉയരങ്ങൾ കീഴടക്കാനാണ് അവരുടെ പരിശ്രമം. ദൂരദർശൻ നടത്തിയ സോഷ്യൽ റിയാലിറ്റി ഷോയിൽ പദ്ധതി പ്രവർത്തനങ്ങളുടെ കരുത്തിൽ മുന്നിലെത്തിയതും തങ്ങളെക്കുറിച്ച് ലോകം അറിഞ്ഞതുമെല്ലാം പെൺമയുടെ ആവേശവും ആത്മാഭിമാനവും വാനംമുട്ടെ എത്തിച്ചിരിക്കുന്നു.. മാത്രമല്ല നല്ല നാളെകൾക്കായി കൺതുറക്കാനും കാതോർക്കാനും അവർ നമ്മെ പഠിപ്പിക്കുന്നു. കാർഷികസമൃദ്ധിയുടെ കഴിഞ്ഞ കാല നന്മകളെക്കുറിച്ചും കൂട്ടായ്മയുടെ വിജയത്തെക്കുറിച്ചും തെന്നലയിലെ പെൺവീരഗാഥ രചിക്കുന്നു.

<യ> –കെ.പ്രവീൺകുമാർ