ആമകളിൽ വമ്പൻ ഗോലിയാത്ത്
ആമകളിൽ വമ്പൻ ഗോലിയാത്ത്
30 വയസാകുമ്പോഴേക്കും ആമകളുടെ വളർച്ച നിലയ്ക്കും എന്നാണു പൊതുവേയുള്ള കണക്കുകൂട്ടൽ. ആ കണക്കുകൂട്ടലുകളെയെല്ലാം കാറ്റിൽപറത്തി ഇതാ ഭീമാകാരനായ ഒരു ആമ ചരിത്രം സൃഷ്‌ടിക്കുന്നു. വളർച്ചയിലും പ്രായത്തിലും വലിപ്പത്തിലും ഭാരത്തിലും ഉയരത്തിലുമെല്ലാം റിക്കാർഡ് സൃഷ്‌ടിച്ച ഈ ആമ ഭീമന്റെ പേര് ’ഗോലിയാത്ത്’ എന്നാണ്. ബൈബിളിലെ പഴയനിയമത്തിലെ ഫെലിസ്ത്യമല്ലനായ ഗോലിയാത്തിന്റെ അതേ പേര്. 2002–ൽ ഈ ആമ ഭീമന് 135.8 സെ.മീ. നീളവും (4 അടി 5 ഇഞ്ച്) 102 സെ.മീ. വിസ്തീർണവും (3 അടി 4 ഇഞ്ച്) 68.5 സെ.മീ. ഉയരവും (2 അടി 3 ഇഞ്ച്) 417 കിലോഗ്രാം ഭാരവുമാണ് ഉണ്ടായിരുന്നത്.

ഗാലാപഗോസ് സാന്താക്രൂസ് ഐലൻഡ് സ്വദേശിയാണ് ഈ ആമ മല്ലൻ. പച്ചിലകളും പച്ചക്കറികളും പുല്ലും പൂക്കളുമൊക്കെയാണ് കക്ഷിയുടെ ഇഷ്‌ടഭക്ഷണം. 16–ാം നൂറ്റാണ്ടിൽ സ്പാനിഷ് ഗവേഷകർ കണ്ടുപിടിച്ച ദ്വീപ സമൂഹമാണ് ’ഗാലാപഗോസ് ഐലൻഡ്’. ഗാലാപഗോസ് എന്ന സ്പാനിഷ് പദത്തിന്റെ അർഥവും ’ആമ’ എന്നാണ്. ഇന്ന് ഗാലാപഗോസ് ദ്വീപിൽ 20,000 മുതൽ 25,000 വരെ ഭീമൻ ആമകൾ ഉള്ളതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. അവിടെ ആദ്യം ആമകൾ വന്നെത്തിയിട്ട് 30 ലക്ഷം വർഷങ്ങൾ കഴിഞ്ഞെന്നാണ് ശാസ്ത്രജ്‌ഞന്മാർ വിശ്വസിക്കുന്നത്. കപ്പൽ ജോലിക്കാരും യാത്രക്കാരും സഞ്ചാരികളുമായിരുന്നു ആമകളുടെ വംശനാശത്തിനു മുഖ്യകാരണക്കാരായത്. ദീർഘദൂര യാത്രകളിൽ ഭക്ഷണത്തിനായി ആമകളുടെ രുചികരമായ മാംസവും മറ്റ് ആവശ്യങ്ങൾക്കായി ആമയിൽനിന്നു ലഭിക്കുന്ന എണ്ണയും അവർ ശേഖരിച്ചിരുന്നു. കഴിഞ്ഞ രണ്ടു ശതകങ്ങളിലായി രണ്ടുലക്ഷത്തിലേറെ ഭീമൻ ആമകളെ അവർ കൊന്നൊടുക്കിയിട്ടുണ്ടെന്നു കരുതപ്പെടുന്നു.


ആമകളുടെ വംശനാശം ഭരണകൂടം കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ ഇന്നു പഴയതുപോലെയുള്ള ആമവേട്ട ദ്വീപിൽ നടക്കാറില്ല. ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും ഭാരമുള്ളതുമായ ആമ എന്ന ബഹുമതി ഗോലിയാത്തിന് അവകാശപ്പെട്ടതാണെങ്കിലും, അൽഡബ്റ വിഭാഗത്തിൽപ്പെട്ട രാക്ഷസ ആമകൾ ഗാലാപഗോസ് ദ്വീപിൽ ഉണ്ടെന്നു കരുതുന്നതിനാൽ ആ അവകാശവാദം ഒരുപക്ഷേ, പൂർണമായി ശരിയായി എന്നുവരില്ല. 1832–ൽ സെന്റ് ഹെലേന ദ്വീപിൽനിന്നു പിടിച്ച ജോനാഥാൻ എന്ന ആമ 183 വയസ് വരെ ജീവിച്ചിരുന്നതായി രേഖകൾ തെളിയിക്കുന്നു. 170 വയസ് വരെ ജീവിച്ചിരുന്ന ഒരു ‘പെൺ ഭീമ’യായിരുന്നു 363 കിലോഗ്രാം ഭാരമുള്ള എസ്മെറാൾഡ എന്ന ആമ.

<ആ>ജോർജ് മാത്യു പുതുപ്പള്ളി