എന്നോടെന്തെങ്കിലും പറയൂ.., ഞാൻ ഈണമിടട്ടെ...
എന്നോടെന്തെങ്കിലും പറയൂ.., ഞാൻ ഈണമിടട്ടെ...
പത്രക്കാരോട് അധികം സംസാരിക്കാത്തയാളായിരുന്നു വിഖ്യാത ഗായകനായ കിഷോർ കുമാർ. ആരെയും പരിധിവിട്ട് അടുപ്പിക്കാത്ത അദ്ദേഹത്തിന്റെ അല്പം വിചിത്രമായ പെരുമാറ്റങ്ങളുടെ ഭാഗമായിരുന്നു അതും. വിചിത്രം എന്ന വാക്കിന് അദ്ദേഹത്തിന്റെ ജീവിതത്തോട് അത്രമാത്രം അടുപ്പമുണ്ടായിരുന്നു. അവസാനകാലത്ത് പ്രിതീഷ് നന്ദിക്കു നൽകിയ അഭിമുഖത്തിൽ കിഷോർദാ തന്റെ പ്രിയപ്പെട്ട പത്തു പാട്ടുകൾ എണ്ണമിട്ടു പറഞ്ഞു. അതിലൊന്നാണ് ഖാമോഷി എന്ന ചിത്രത്തിലെ വോ ശാം കുഛ് അജീബ് ഥീ.. ആ സായാഹ്നം അല്പം വിചിത്രമായിരുന്നു എന്നാണ് ആ വരിയുടെ ഏകദേശ മലയാളം!.

ഏറെക്കുറെ വിചിത്രമായാണ് ആ പാട്ടുണ്ടായതും. സംഗീതസംവിധായകൻ ഹേമന്ത് കുമാറിനൊപ്പം ആ പാട്ടിനുവേണ്ടി ഇരുന്ന വേളയെക്കുറിച്ച് ഗാനരചയിതാവ് ഗുൽസാർ ഇങ്ങനെ ഓർമിച്ചിട്ടുണ്ട്: ഈണങ്ങളുടെ പണിപ്പുരയായ കൊച്ചു മുറിയിൽ നീളമുള്ള കാലുകൾ നീട്ടി, ഒരു കൈ ഹാർമോണിയത്തിൽവച്ച് ഇരിക്കുകയാണ് ഹേമന്ത് കുമാർ. ഏതാനും മണിക്കൂറുകളായി ആ ഇരിപ്പു തുടങ്ങിയിട്ട്. ഇടയ്ക്കിടെ രാജകീയമായി ഒരുനുള്ളു മൂക്കുപൊടി വലിക്കും. വിരലുകളുടെ അറ്റം ധോത്തിയിൽ തുടയ്ക്കും. അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഈണങ്ങളൊന്നും വരുന്നില്ലായിരുന്നു. ഒടുവിൽ അദ്ദേഹം പറഞ്ഞു– ‘‘എനിക്കു വരികൾ തരൂ.., ഒന്നും (സംഗീതം) ഉണ്ടാക്കാൻ പറ്റുന്നില്ല’’.

കഥാസന്ദർഭം തിരക്കഥാകൃത്തുകൂടിയായ ഗുൽസാറിന് നന്നായി അറിയാം., കഥാപാത്രത്തിന്റെ ചിന്തകളും. ഗുൽസാർ വരികൾ പറഞ്ഞു– വോ ശാം കുഛ് അജീബ് ഥീ, യേ ശാം ഭീ അജീബ് ഹേ... നായകൻ തന്റെ നഷ്‌ടപ്രണയം ഓർക്കുകയാണ്. ഹേമന്ത് ദാ വരികൾ ഒരു കടലാസിൽ കുറിച്ചെടുത്തു. അങ്ങനെ ഹിന്ദിയിലെ എണ്ണംപറഞ്ഞ ഒരു റൊമാന്റിക് ഗാനത്തിന്റെ പിറവിയായി.

വരികൾക്കനുസരിച്ച് പല്ലവിക്കിട്ട ഈണത്തിന്റെ തുടർച്ചയായി അനുപല്ലവിയും പിറന്നു. ഈണത്തിനനുസരിച്ചാണ് അനുപല്ലവിയുടെ വരികൾ എഴുതിയതെന്നും ഗുൽസാർ ഓർക്കുന്നു.
യമൻ രാഗത്തിൽ അധിഷ്ഠിതമായാണ് ഹേമന്ത് കുമാർ ഈ മനോഹരഗാനം ഒരുക്കിയത്. അനിൽ ബിശ്വാസ് മുതൽ എ.ആർ. റഹ്്മാൻ വരെയുള്ള ഒട്ടുമിക്ക സംഗീതസംവിധായകർക്കും പ്രിയങ്കരമായ രാഗമാണ് യമൻ. പഹാഡി, ഭൈരവി എന്നിവയ്ക്കൊപ്പം ഹിന്ദിയിൽ ഏറ്റവുംകൂടുതൽ ഉപയോഗിച്ചിട്ടുള്ള രാഗവും യമൻ ആണ്.


എങ്ങനെയാണ് കിഷോർ കുമാർ ഈ ഗാനം പാടാനെത്തിയത്? കിഷോർ നടനാണോ ഗായകനാണോ എന്നതിനെക്കുറിച്ച് അന്നത്തെ സംഗീത സംവിധായകർക്ക് വലിയ ഉറപ്പൊന്നുമുണ്ടായിരുന്നില്ല. അടിപൊളി പാട്ടുകളും ലൈറ്റ് നമ്പറുകളും മാത്രം വഴങ്ങുന്ന ഒരു സാധാരണ ഗായകൻ എന്ന കാഴ്ചപ്പാടേ അന്ന് കിഷോർ കുമാറിനെക്കുറിച്ച് ഉള്ളൂ. എന്നാൽ അഭിനയംകുറച്ച് പാട്ടിൽ കൂടുതൽ ശ്രദ്ധവയ്ക്കാൻ കിഷോർ ആഗ്രഹിച്ചിരുന്നു. ഹേമന്ത് കുമാർ ദീർഘദൃഷ്‌ടിയോടെ ഈ ഗാനം കിഷോർ കുമാറിനു നൽകി. അസാമാന്യ മികവോടെ അദ്ദേഹമതിനു ജീവൻ നൽകുകയും ചെയ്തു. ചിത്രത്തിന്റെ സംവിധായകനായ അസിത് സെന്നും ഹേമന്ത് കുമാറും ചേർന്നാണ് ആ തീരുമാനമെടുത്തതെന്ന് ഗുൽസാർ പറഞ്ഞിട്ടുണ്ട്.

സംഗീതസംവിധായകനും ഗായകനും നിർമാതാവുമായിരുന്ന ഹേമന്ത് കുമാറിന്റെ ഏറ്റവും മികച്ച സൃഷ്‌ടികളിലൊന്നാണ് 1969ൽ പുറത്തിറങ്ങിയ രാജേഷ് ഖന്ന– വഹീദാ റഹ്മാൻ ചിത്രമായ ഖാമോഷി. പത്നി ബേല, ദേവി ചക്രവർത്തി, ഹിന്ദിയിലെ സുഷിരവാദ്യ വിദഗ്ധനായ മനോഹരി സിംഗ് എന്നിവരായിരുന്നു ഹേമന്ത് ദായുടെ സഹായികൾ. അദ്ദേഹംതന്നെ പാടിയ തും പുകാർ ലോ.., ലതാ മങ്കേഷ്കർ ശബ്ദം നൽകിയ ഹംനേ ദേഖീ ഹേ.. തുടങ്ങിയ പാട്ടുകൾ ഇന്നും സംഗീതപ്രേമികളുടെ ഹൃദയങ്ങളിലുണ്ട്. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെപ്പോലുള്ള പ്രതിഭകളും ചിത്രത്തിനുവേണ്ടി സഹകരിച്ചു.

ഇന്നത്തെപ്പോലെ ആ സായാഹ്നവും ഒട്ടു വിചിത്രമായിരുന്നു.. അവൾ ഇന്നലെ എന്റെ തൊട്ടടുത്തുണ്ടായിരുന്നു.. ഇന്നും അവൾ മനസോടു ചേർന്നുണ്ട്... വോ ശാം കുഛ് അജീബ് ഥീ...– കിഷോർ കുമാർ പാടുന്നത് നിങ്ങൾക്കുവേണ്ടിയാണ്.

<ആ>ഹരിപ്രസാദ്