മക്കളെ നേർവഴിക്ക് നടത്താം
മക്കളെ നേർവഴിക്ക് നടത്താം
<യ> അംബ്രലാ പോയിന്റിലെ കാണാകാഴ്ചകൾ–5/ സീമ മോഹൻലാൽ

മക്കൾ കൗമാരത്തിലേക്ക് കടക്കുന്നതോടെ നല്ലതും ചീത്തയുമായ ഒരുപാടു കാര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകാനുള്ള സാധ്യതയുണ്ട്. ലൈംഗികതയെക്കുറിച്ച് അറിയാനുള്ള താത്പര്യവും ഈ പ്രായത്തിലുണ്ടാകാം. പ്രായത്തിനു ചേരുന്നതും ചേരാത്തതുമായ അനവധി കാര്യങ്ങൾ കുട്ടികളുടെ കൈയെത്തും ദൂരത്തുതന്നെയുണ്ട്. എവിടെയും ചതിക്കുഴികൾ ഉണ്ടാകാം. മദ്യത്തിന്റെയും ലഹരിയുടെയും പിടിയിൽ അറിഞ്ഞും അറിയാതെയും വഴുതിവീഴുന്ന കൗമാരക്കാർ അനവധിയാണ്. അതിൽ പെൺകുട്ടികളും ഉണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വസ്തുതയാണ്. കരുത്തോടെയും കരുതലോടെയും ചുവടുകൾ പിഴയ്ക്കാതെ മക്കൾക്ക് താങ്ങാകാൻ മാതാപിതാക്കൾക്ക് കഴിയണം. ഉപദേശവും നിയന്ത്രണവും മക്കളുടെ മേൽ അടിച്ചേൽപ്പിക്കാതെ സ്നേഹപൂർവം അവരോടു നിർദേശിക്കാം. അതുപോലെതന്നെ സുരക്ഷിതമല്ലാത്ത ഈ ലോകത്ത് സുരക്ഷിതരായിരിക്കാൻ കൗമാരക്കാരും പഠിക്കണം.

<യ> മാതാപിതാക്കൾ അറിയാൻ

* നല്ല കേൾവിക്കാരാകുക. അതായത് മക്കൾക്ക് നിങ്ങളോട് എന്തും തുറന്നുപറയാവുന്ന ബന്ധം വളർത്തിയെടുക്കുക.

* കുട്ടികളെ അറിയുക. കുട്ടികളുടെ വികാരങ്ങളും മനോഭാവങ്ങളും സന്തോഷവും സങ്കടവും തിരിച്ചറിയാൻ രക്ഷാകർത്താവിന് കഴിയണം. സന്തോഷങ്ങളിൽ അവർക്കൊപ്പം നിങ്ങളും സന്തോഷിക്കണം. സങ്കടങ്ങളിൽ അവർക്ക് പിന്തുണ നൽകണം. അങ്ങനെയായാൽ ഒരു സഹായം വേണ്ടിവരുമ്പോൾ അവർ ആദ്യം ചിന്തിക്കുന്നത് നിങ്ങളെക്കുറിച്ചായിരിക്കും.

* കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർക്കൊപ്പം നിങ്ങളും ഉണ്ടാകണം. അവരുടെ താൽപര്യങ്ങൾ, സുഹൃത്തുക്കൾ, ഒഴിവുനേരങ്ങൾ അവർ എവിടെ ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. ടിവിയിൽ അവർ എന്തു കാണുന്നു, അവർക്കു താൽപര്യമുള്ള ഗെയിമുകളും സംഗീതവും ഏതു തരമാണ്, കംപ്യൂട്ടർ ഉപയോഗിച്ച് അവർ എന്തെല്ലാം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളും അറിയാൻ ശ്രമിക്കണം.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ാമൃരവ18ഴമ3 മഹശഴി=ഹലളേ>

* ഉപദേശം വേണ്ട. തെറ്റു കണ്ടാൽ കുറ്റപ്പെടുത്തുകയോ മോശം ഭാഷയിൽ ശകാരിക്കുകയോ ചെയ്യരുത്. മറിച്ചു ചെയ്താൽ കുട്ടിയിലേക്കുള്ള നിങ്ങളുടെ വാതിൽ അടയും. സംഭാഷണങ്ങളിലൂടെ അറിവു പകരാൻ ശ്രമിക്കണം. നല്ല വാക്കുകളിലൂടെ അവരെ പ്രോത്സാഹിപ്പിക്കണം.

* പണത്തിന്റെ വില നിങ്ങൾ സ്വയം പഠിക്കുകയും കുട്ടിയെ പഠിപ്പിക്കുകയും വേണം. മൊബൈൺ ഫോൺ (പ്രായത്തിനു യോജിക്കാത്തത്), ഇരുചക്രവാഹനങ്ങൾ തുടങ്ങിയ വിലയേറിയ വസ്തുക്കളുടെ പിന്നാലെ പോകാനുള്ള അവരുടെ ശ്രമങ്ങളെ വിലക്കണം. കുട്ടിക്കാലത്തുതന്നെ മിതവ്യയം അവരിൽ ഉണ്ടാക്കിയെടുക്കുക.

* ട്യൂഷൻ പോലുള്ള ആവശ്യങ്ങൾക്കായി കൗമാരക്കാരെ ഒരു മുതിർന്ന വ്യക്‌തിയോടൊപ്പം മുറിയിൽ തനിച്ചാക്കേണ്ടി വരുമ്പോൾ ജാഗ്രത പാലിക്കണം. വീട്ടുജോലിക്കാരോടൊപ്പം കുട്ടികളെ തനിച്ചാക്കേണ്ടി വരുമ്പോഴും ഇതേ കരുതൽ വേണം.

* പഠനത്തിൽ പിന്നോക്കം പോകുക, അകാരണമായ കരച്ചിൽ പോലെ പെട്ടെന്നുണ്ടാകുന്ന വൈകാരിക മാറ്റങ്ങൾ, കടുത്ത ദേഷ്യം, വൈരാഗ്യബുദ്ധിയോടെ എന്ന മട്ടിലുള്ള അനുസരണക്കേട്, മാനസിക വിക്ഷോഭംകൊണ്ടുള്ള പൊട്ടിത്തെറിക്കൽ തുടങ്ങി കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ ചിലേപ്പോൾ ലൈംഗികപീഡനങ്ങളുടെ ഫലമായുണ്ടാകുന്ന മാനസിക സമ്മർദത്തിന്റെ പ്രതിഫലനമാകാം. ഇത്തരം മാറ്റങ്ങൾ കണ്ടാൽ കുട്ടിയെ ശ്രദ്ധിക്കണം.

* ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടിയോട് ‘നീ നശിച്ചുപോയി, ചീത്തയായി’ തുടങ്ങിയരീതിയിൽ സംസാരിച്ചു വിധിയെഴുത്തു നടത്തരുത്. പ്രശ്നമുണ്ടായാൽ വിവേചനബുദ്ധിയോടെ, കുട്ടിക്കു പിന്തുണ നൽകുന്ന രീതിയിൽ പെരുമാറണം. കുട്ടിയിലെ കുറ്റബോധം കുറയ്ക്കാനും വൈകാരികവിക്ഷോഭം പരിഹരിക്കാനുമാകണം നിങ്ങളുടെ ശ്രമം.


* ഒളിച്ചോടിയ കുട്ടിയെ തിരികെ കിട്ടിയാൽ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. അവന്റെ/അവളുടെ പ്രശ്നങ്ങൾക്കു നിങ്ങളും കാരണമായിട്ടുണ്ടാകാം. കുട്ടിയുടെ പ്രശ്നത്തിലേക്കുതിരിയും മുമ്പു നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് കണ്ടെത്താൻ ചെറിയൊരു സ്വയം വിമർശനം നന്നായിരിക്കും.

* കുട്ടികൾക്കു ലഭിക്കുന്ന പണത്തിനപ്പുറം മൂല്യമുള്ള വസ്തുക്കൾ *അവരുടെ പക്കൽ കണ്ടാൽ പണത്തിന്റെ ഉറവിടം കണ്ടെത്തണം. കുട്ടിയുടെ മുറിയിൽ സിഗരറ്റ*്, സിറിഞ്ച്, പാൻമസാലയുടെ അവശിഷ്ടങ്ങൾ എന്നിവ കണ്ടാൽ ജാഗരൂകരാകണം. കംപ്യൂട്ടറും മൊബൈൽഫോണും രഹസ്യമായി ഉപയോഗിക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇടപഴകുന്നതിൽ നിന്നു പെട്ടെന്ന്് ഉൾവലിയുന്നതും ശ്രദ്ധിക്കണം. കാര്യങ്ങൾ നേരായ മാർഗത്തിലെത്തിക്കാൻ കുട്ടിയുമായി തുറന്നു സംസാരിക്കുകയാണു വേണ്ടത്.

<യ> കൗമാരക്കാർ ശ്രദ്ധിക്കുക

* ടെലിവിഷൻ, കംപ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൺഫോണുകൾ, സിഡികൾ, മെമ്മറി കാർഡുകൾ ഇവയെല്ലാം ഇന്ന് സർവസാധാരണമാണ്. അവയ്ക്കു പിന്നിലെ ചതിക്കുഴിയെക്കുറിച്ച് മനസിലാക്കണം. അശ്ലീല വെബ്സൈറ്റുകൾക്കും ചാറ്റ് റൂം സുഹൃത്തുകൾക്കും മോഹിപ്പിക്കുന്ന എസ്എംഎസുകൾക്കും അശ്ലീല ക്ലിപ്പിംഗുകൾക്കും പുറകേ പോകരുത്.ഇത്തരം കാര്യങ്ങൾ നിങ്ങളുടെ വൈകാരിക വ്യക്‌തിത്വ വികസനത്തെ താറുമാറാക്കുമെന്ന കാര്യം മറക്കരുത്.

* നിങ്ങളോട് അടുപ്പമുള്ളവർ (മാതാപിതാക്കളും സുഹൃത്തുക്കളും മറ്റും) അറിയരുതെന്നു പറഞ്ഞ് അടുപ്പം പുലർത്താൻ എത്തുന്നവരെ അകറ്റിനിർത്തണം.

* അപരിചിതർ നിങ്ങളോടു ബന്ധം പുലർത്താൻ അമിതമായ താത്പര്യം കാണിക്കുന്നുവെങ്കിൽ അവരെ ജാഗ്രതയോടെ നിരീക്ഷിക്കണം. അനാവശ്യവും അംഗീകൃതമല്ലാത്തതുമായ സൗഹൃദവാഗ്ദാനങ്ങൾ അവഗണിക്കുക. ഇക്കാര്യത്തെക്കുറിച്ച് മാതാപിതാക്കളോടും നിങ്ങളുമായി അടുപ്പം പുലർത്തുന്നവരോടും ചർച്ച ചെയ്യുക.

* കുടുംബാംഗങ്ങൾക്കു പരിചയമില്ലാത്ത ആളുകൾക്കൊപ്പം രക്ഷിതാക്കൾ അറിയാതെ ഭക്ഷണശാലയിലോ സിനിമയ്ക്കോ മറ്റു സ്‌ഥലങ്ങളിലോ പോകരുത്. സിനിമ, സീരിയൽ, മ്യൂസിക് ആൽബം എന്നിവയിൽ അഭിനയിക്കാമെന്നു പറഞ്ഞ് അപരിചിതർ വിളിച്ചാൽ പോകരുത്.

* ലൈംഗിക താൽപര്യത്തോടെയുളള സ്പർശനങ്ങൾ പരിചിതരിൽ നിന്നായാൽ പോലും തിരിച്ചറിയണം. തനിച്ചാകുമ്പോഴുണ്ടാകുന്ന ഇത്തരമൊരു സ്പർശനത്തിൽ നിന്നാകാം ലൈംഗിക പീഡനത്തിന്റെ തുടക്കം.

* ലഹരിവസ്തുക്കളോ, മദ്യമോ, പാൻമസാലയോ ഉപയോഗിക്കാൻ ആരെങ്കിലും പ്രലോഭിപ്പിച്ചാൽ അതിൽ നിന്നു ചെറുത്തുനിൽക്കുക.

* പരീക്ഷയ്ക്കു മാർക്കു കുറഞ്ഞാലോ മറ്റോ വീടു വിട്ടു പോകാനുള്ള താൽപര്യം ചില കുട്ടികളെങ്കിലും കാണിച്ചേക്കാം. അതു ചിലപ്പോൾ അസാന്മാർഗിക കൂട്ടുകെട്ടിൽ ചെന്ന് എത്തിച്ചേർക്കാമെന്ന് ഓർക്കുക.

* സ്കൂളിലോ ട്യൂഷൻ ക്ലാസിലോ പോകാതെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കറങ്ങിനടക്കരുത്. ഇത്തരം സാഹചര്യങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ കൈകളിൽ എത്തിപ്പെട്ടേക്കാം.

* ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന്(ലൈംഗിക പീഡനം, കുറ്റവാളി സംഘങ്ങളുടെയോ ലഹരിമരുന്നു റാക്കറ്റിന്റെയോ കെണിയിലാകൽ) ഇരയാകുകയാണെങ്കിൽ അക്കാര്യം വേണ്ടപ്പെട്ടവരോടു തുറന്നു പറയാൻ മടിക്കരുത്. അതു നിങ്ങളുടെ രക്ഷാകർത്താവോ അധ്യാപകരോ അടുത്ത ബന്ധുക്കളോ ആവാം. കാര്യങ്ങൾ തുറന്നു പറയുന്നതു വഴി കുറ്റവാളിയെ എളുപ്പത്തിൽ ശിക്ഷിക്കാനായേക്കും. (തുടരും)

വിവരങ്ങൾക്ക് കടപ്പാട്: ഡോ.സി.ജെ ജോൺ
ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം.