വിശുദ്ധവാരം ഇത്തവണ ഇങ്ങനെയാവാം
വിശുദ്ധവാരം ഇത്തവണ ഇങ്ങനെയാവാം
നോമ്പുകാലത്ത് വിശുദ്ധകുർബാനയിൽ നമ്മൾ പ്രാർഥിക്കുന്നു, ‘യഥാർഥമായ പ്രാർഥനാചൈതന്യവും സഹോദരസ്നേഹവും ആത്മപരിത്യാഗവും പുലർത്തിക്കൊണ്ട് നോമ്പുകാലം ഫലദായകമാക്കാൻ സഹായിക്കണമെന്ന്. നോമ്പ് ആചരണം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എത്രത്തോളം നമുക്ക് ലക്ഷ്യംനേടാൻ സാധിച്ചുവെന്ന് ആത്മാർഥതയോടെ ആത്മപരിശോധന ചെയ്യേണ്ടതല്ലേ? എസക്കിയേൽ പ്രവാചകൻ വഴി ദൈവം അരുൾചെയ്തതുപോലെ ‘ഒരു പുതിയ ഹൃദയവും ഒരു പുതിയ ചൈതന്യവും നേടാനും ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളമായ – സ്നേഹവും കരുണയും നന്മയും വിശുദ്ധിയും – ഒരു ഹൃദയം രൂപപ്പെടുത്താനും (എസക്കിയേൽ 11:19) നമുക്ക് സാധിക്കുന്നുണ്ട്?

അമ്പതു നോമ്പ് നമ്മൾ വർഷങ്ങളായി ആചരിക്കുന്നു. പലരിലും യാതൊന്നും സംഭവിക്കുന്നില്ല! ശത്രുതകൾ അവസാനിപ്പിക്കാനോ, കേസുകൾ പിൻവലിച്ച് രമ്യതപ്പെടാനോ ക്ഷമിക്കാനോ അറ്റുപോയ ബന്ധങ്ങൾ കൂട്ടിയോജിപ്പിക്കാനോ പലരും തയാറാകുന്നില്ല. ജീവിതഭാരത്തിന്റെ കുരിശുകൾ ചുമക്കുന്നവരുടെ കുരിശിന്റെ ഭാരം എടുത്തുമാറ്റുകയോ അൽപമെങ്കിലും കുറച്ചുകൊടുക്കാനോ പലരും സന്നദ്ധമാകുന്നില്ല. പലർക്കും കുരിശായിത്തീർന്നിട്ടും നമ്മൾ കുരിശിന്റെവഴി നടത്തുന്നു. ജീവിതവും സാന്നിധ്യവും സംസാരവും പലർക്കും കൈയ്പുനീര് കുടിപ്പിക്കുന്നതായിട്ടും നമ്മൾ ദുഃഖവെള്ളിയാഴ്ച ആവേശത്തോടെ കൈയ്പുനീര് കുടിക്കുന്നു! പെറ്റമ്മയെപ്പോലും ഒന്നുപോയി കാണാനോ ശുശ്രൂഷിക്കാനോ തയാറാകാതെ ഈശോയുടെ പീഡാനുഭവരൂപത്തിൽ മുത്താൻ തിരക്കുകൂട്ടുന്നു!

ജീവിതവഴിയിൽ മുറിവേറ്റു വീണുകിടക്കുന്നവർ അനവധിയാണ്. കണ്ട്, അടുത്തുചെന്ന് വേണ്ടതു ചെയ്യാതെ ദൈവസന്നിധിയിലേക്ക് പോകുന്നവർ ധാരാളമുണ്ട്. ‘ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന‘ നാഥന്റെ കല്പന ഓർത്തിരുന്നെങ്കിൽ. ഈശോ പറഞ്ഞതുപോലെ ഇന്ന് സഭയിലേക്കും സമൂഹത്തിലേക്കും നോക്കുമ്പോൾ ‘വിളവ് അധികം വേലക്കാർ ചുരുക്കം‘ എന്ന വചനം എത്രയോ ശരിയാണ്. ദൈവത്തിന്റെ നാട് എന്നാണ് കേരളം അറിയപ്പെടുന്നതെങ്കിലും കണ്ണുതുറന്നു നോക്കിയാൽ, അനുകമ്പയുള്ള ഹൃദയത്തോടെ കാര്യങ്ങൾ മനസിലാക്കിയാൽ കേരളം പാവപ്പെട്ടവരുടെയും പാർപ്പിടമില്ലാത്തവരുടെയും നാടാണ്. 2015 ജൂലൈയിൽ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച സാമ്പത്തികസർവേ പ്രകാരം കേരളത്തിൽ ഭൂരഹിതർ 40 ശതമാനമാണ്.


ദൈവപുത്രന് ഭൂമിയിൽ വന്ന് പിറക്കാൻ സത്രത്തിൽ സ്‌ഥലം ലഭിച്ചില്ല (ലൂക്കാ 2:7) എന്നതുപോലെ സ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലാതെ, ഒരു ചെറിയ വീടില്ലാതെ നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ട്! അപ്പോഴും ബാബേൽ ഗോപുരങ്ങൾ പോലുള്ള വലിയ വീടുകൾ നമ്മുടെ നാട്ടിൽ ഉയരുന്നു! വീടുകൾ പണിയുന്നതിൽ, വിവാഹം നടത്തുന്നതിൽ, ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിൽ, വിലകൂടിയ വസ്ത്രങ്ങളും വാഹനങ്ങളും ധൂർത്തും ആഡംബരവും... വർധിച്ചുവരുന്നു. എവിടെയുണ്ട് ആത്മപരിത്യാഗം?

മുപ്പത്തിയെട്ട് വർഷമായി തളർന്നവൻ ബെഥ്സെയ്ദ കുളക്കരയിൽ സൗഖ്യവും രക്ഷയും ആഗ്രഹിച്ചു കിടക്കുകയാണ്. അവൻ അവിടെ കിടക്കുന്നത് പലരും കണ്ടില്ല (യോഹ 5:6). തളർന്നവൻ അവിടെ കിടക്കുന്നത് ഈശോ കണ്ടു. ഈശോ അടുത്തുചെന്ന് അവനോടു ചോദിച്ചു, ‘സുഖപ്പെടാൻ നിനക്ക് ആഗ്രഹമുണ്ടോ?‘ ഈശോ അവനെ സുഖപ്പെടുത്തി. അവന്റെ ജീവിതത്തിന്റെ തളർച്ച മാറ്റി ജീവിതം കൊടുത്തു. ഇതാണ് നോമ്പാചരണത്തിലൂടെ സംഭവിക്കേണ്ടത്.

ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു, ‘സഭാമക്കൾ മുറിവേറ്റ യേശുവിനെ ചുംബിക്കണം. അതാണ് വിശ്വാസം‘ എന്ന്. എന്നുവച്ചാൽ പീഡാനുഭവവെള്ളിയാഴ്ച ക്രൂശിതരൂപത്തെയോ പീഡാനുഭവരൂപത്തെയോ മുത്തുന്നതല്ല, അതു വളരെ എളുപ്പമാണ്. നമുക്കു ചുറ്റും ഒരുപക്ഷേ നമ്മുടെ വീട്ടിൽത്തന്നെ മനസിലും ജീവിതത്തിലും ഒത്തിരി മുറിവുകളുമായി, രോഗപീഡകളുമായി, കടബാധ്യതകളുമായി ജീവിതകുരിശുകളും ഭാരങ്ങളുമായി ജീവിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കുന്നതും ആശ്വസിപ്പിക്കുന്നതുമാകട്ടെ നോമ്പാചരണം. ‘ഞാങ്ങണപോലെ തലകുനിക്കുന്നതും ചാരംപൂശുന്നതും ആണോ ഉപവാസം? ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതാണ് ഉപവാസം.‘ (ഏശയ്യ 58: 5–7).

<ആ>ഫാ. തോമസ് പ്ലാപ്പറമ്പിൽ വികാരി, സെന്റ് ജോർജ് ചർച്ച് തോട്ടയ്ക്കാട്