പുന്നത്തുറയിൽ പോയാൽ അലിവുണ്ടാകും
പുന്നത്തുറയിൽ പോയാൽ അലിവുണ്ടാകും
ചുണ്ടിലെ ചിരി വറ്റിയവർക്കും കരളിലെ കരുണ വറ്റിയവർക്കും ഒരു മറുപടിയാണ് അലിവ്. സഹജീവികളോടു കാണിക്കുന്ന കരുണയ്ക്ക് ഇവർ ഒരു പേര് നൽകി അലിവ്. ഒരു ഇടവക സമൂഹം കാണിച്ച രോഗികളോടുള്ള അലിവ് ഒരു നാട് ഏറ്റെടുത്ത കഥയാണിത്. ദൈവം മനുഷ്യസ്നേഹികളെ എല്ലാം കൂട്ടി ഒരു ചരടിൽ കോർത്തിരിക്കുന്നതുപോലെ തോന്നും ഈ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ. ഈ ചരടിൽ കോർത്ത മുത്തുകൾക്കു നിറമില്ല, പേരില്ല, ജാതിയില്ല, മതമില്ല. പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി. ഇവർക്കൊരു ഇടയൻ. ഫാ. സോണിമുണ്ടുനടയ്ക്കൽ. ഇവിടെ തുടങ്ങുന്നു അലിവ്. ഒരു കാരുണ്യസ്പർശം.

പുന്നത്തുറ വെള്ളാപ്പള്ളിയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അർബുദബാധിതരായ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമായ ആയിരം പേർക്ക് അന്നദാനം. ഇതാണ് അലിവ്. ചെറിയ കാര്യമല്ല. എല്ലാവെള്ളിയാഴ്ചയും മുടങ്ങാതെ അന്നദാനം. കഴിഞ്ഞ ഒന്നരവർഷമായി ഇതു മുടങ്ങിയിട്ടില്ല. ചോറും കറികളും തയാറാക്കുന്ന വീട്ടമ്മമാർ മുതൽ വിളമ്പുന്ന പുരുഷൻമാർ വരെ അലിവിൽ പങ്കാളികളാകുന്നു. എന്നുമാത്രമല്ല, കോട്ടയം ജില്ലാ പോലീസിന്റെയും ഗാന്ധിനഗർ പോലീസിന്റെയും സഹായവും ഇവരോടൊപ്പമുണ്ട ്. ഇനി ആഴ്ചയിൽ എല്ലാ ദിവസവുമൊരുക്കാനുള്ള തയാറെടുപ്പ് ഇവർ നടത്തുന്നു. ഈ നിശബ്്ദപ്രവർത്തനം ആരംഭിക്കുന്നതു പുന്നത്തുറ വെള്ളാപ്പള്ളി ഇടവകയിൽ നിന്നാണ്. ഇവർക്ക് അലിവ് മാത്രമല്ല, രോഗികളെ ശുശ്രൂഷിക്കാൻ വീട്ടമ്മമാരുടെ പാലിയേറ്റീവ് കെയർ, എല്ലാ ഞായറാഴ്ചയുമുള്ള സൺഡേ ക്ലിനിക്, വിധവകളായ പാവപ്പെട്ട വീട്ടമ്മമാർക്കായി പെൻഷൻ പദ്ധതി മഹതി, പാവപ്പെട്ട രോഗികൾക്ക് മരുന്ന് നല്കുന്ന ആശ്വാസ്, പാവപ്പെട്ട കുട്ടികളെ പഠനത്തിനു സഹായിക്കുന്ന കൈത്തിരി, പാവപ്പെട്ടവർക്ക് അരി നല്കുന്ന സമൃദ്ധി. ഈ അലിവ് ചുറ്റുമതിൽ കെട്ടി തിരിച്ചിട്ടില്ല. ഭൗതികതലത്തിൽ ഈ കർഷകർ സമ്പന്നരല്ല, എന്നാൽ ആരോടും സമ്പത്തിനുവേണ്ടി യാചിക്കാറില്ല. ഇവർ സമ്പന്നരാണ് അലിവിൽ, കരുണയിൽ എന്നുമാത്രം.

<ആ>എന്താണ് അലിവ്?

ദൈവവിളി നിറഞ്ഞ ഇടവകയാണ് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി. ചങ്ങനാശേരി അതിരുപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെയും തലശേരി രൂപതാധ്യക്ഷനായിരുന്ന മാർ ജോർജ് വലിയമറ്റം പിതാവിന്റെയും ഇടവക. ധാരാളം വൈദികരും സന്യസ്തരും നിറഞ്ഞ ഇടവക. കരുണ വറ്റാത്ത ഒരു ജനം. സഹജീവികളെ സഹായിക്കുന്ന കാര്യത്തിൽ ഒരേ മനസോടെ നിൽക്കും. ഒന്നര വർഷം മുമ്പു ഫാ. സോണി മുണ്ടുനടയ്ക്കൽ വികാരിയായി എത്തിയതോടെയാണ് ഇത്തരമൊരു പ്രവർത്തനത്തിലേക്കും ഇറങ്ങാൻ തീരുമാനിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ പാവപ്പെട്ട രോഗികൾക്ക് ആഹാരം നൽകണം, മരുന്ന് നല്കണം, ഇടവകയിലെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പണം എന്നീ ചിന്ത കൂട്ടായെടുത്തു.

കാരുണ്യവർഷത്തിൽ ഒരു കൈത്തിരിയായി മാറുന്ന തീരുമാനം. കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം കൊടുക്കണം. ആദ്യസംരംഭഭമെന്നനിലയിൽ കുറച്ചുപേർക്ക്. ആഹാരം പാകം ചെയ്യാൻ സ്‌ഥലമില്ല. ഇടവകാംഗമായ ഫാ. സഖറിയാസ് കുന്നക്കാട്ടുതറയുടെ ഭഭവനത്തിൽ ആദ്യമായി 300 പേർക്ക് ആഹാരം പാകം ചെയ്തു. ഇതു പൊതിച്ചോറാക്കയാണ് ആദ്യമായി വിതരണം ചെയ്തത്. 2015 സെപ്റ്റംബർ എട്ടിനു മാതാവിന്റെ ജനനത്തിരുനാൾ നാളിൽ തുടക്കം കുറിച്ചു. ഇന്ന് ആയിരം പേർക്ക് ആഹാരം നൽകുന്നു. മിച്ചം വരുന്നില്ല, ആർക്കും തികയാതെ വരുന്നുമില്ല.

<ആ>അലിവിനു പിന്നിൽ

തിരുവനന്തപുരത്ത് സോണിയച്ചൻ ആരംഭഭിച്ച ലൂർദ് മാതാ കെയർ എന്ന പ്രസ്‌ഥാനവും കാൻസർ രോഗികൾക്ക് ആഹാരവും മരുന്നും വസ്ത്രവും നൽകുന്ന സംരംഭമായിരുന്നു. ഇതിനൊരു തുടർച്ച അച്ചൻ ആഗ്രഹിച്ചു. ഇത് ഇടവകസമൂഹത്തോടു പറഞ്ഞതേയുള്ളൂ.

ഇടവക ഒന്നാകെ അച്ചനു പിന്നിൽ അണിനിരന്നു. അരിവേണം, പച്ചക്കറിവേണം, പാചകംചെയ്യാനും വിളമ്പാനും പാത്രം വേണം, കൊടുക്കാൻ വാഹനം വേണം, സൗകര്യം വേണം. ഇത്രയും ദൂരം കടന്നു പോകണം. ഗതാഗതക്കുരുക്ക് ഒരു പ്രശ്നമായാൽ സമയത്തിന് എത്തില്ല. അച്ചനും ഇടവകയിലെ അറുപതോളംപേരും മുഴുവൻ സമയപ്രവർത്തകരായി രംഗത്തിറങ്ങി. ബാക്കിയുള്ളവർ ഭഭാഗികമായി രംഗത്തിറങ്ങി. ആദ്യം 75,000 രൂപയുടെ പാത്രം വാങ്ങി. വിശുദ്ധ അന്തോനീസിന്റെ ചാപ്പലിനു സമീപം മുന്നൂലക്ഷം രൂപ മുടക്കി കെട്ടിടം നിർമിച്ചു. കോട്ടയം മെഡിക്കൽ കോളജിനു സമീപം ഒരു വീട്ടിൽ ഒരു കുടുംബം സൗകര്യം ഒരുക്കി. അതും കോട്ടയം മെഡിക്കൽ കോളജ് കാൻസർവാർഡിനു സമീപം. രോഗികൾക്കും സൗകര്യം. ഇന്നു നാനാജാതിമതസ്‌ഥരുടെ പിന്തുണയിലാണ് ഈ അലിവ് ഒഴുകുന്നത്. ഒരു വേർതിരിവുമില്ല.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയാകുമ്പോൾ ഇടവകയിലെ അമ്പതോളം വീട്ടമ്മമാരും കുട്ടികളും പുരുഷൻമാരും വിശുദ്ധ അന്തോനീസിന്റെ കപ്പേളയിൽ എത്തും. ആദ്യം പ്രാർഥന. തുടർന്നു മുറ്റത്തുനിരത്തി വച്ചിരിക്കുന്ന പച്ചക്കറികളിലേക്കു ശ്രദ്ധിക്കും. ഇതിനുശേഷമാണ് വെള്ളിയാഴ്ചത്തെ കറിയെക്കുറിച്ചു തീരുമാനിക്കുന്നത്. സാമ്പാർ, തോരൻ എല്ലാം ഒരുക്കും. ഇന്നുവരെ ആരോടും ചോദിച്ചിട്ടില്ല. ഇന്നു വരെ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ചേരുവകൾ മാത്രമേ പുറത്തു നിന്നു വാങ്ങിയിട്ടുള്ളൂ. ദൈവം എന്നും നാട്ടുകാരായും അന്യമതസ്‌ഥരായും ഇടവകക്കാരായും ഇവർക്കു മുന്നിൽ പച്ചക്കറി എത്തിക്കും. തുടർന്നു വൈകിട്ട് ഒമ്പതുവരെ പച്ചക്കറി ഒരുക്കും. ഇതിനു വീട്ടമ്മമാരും കുട്ടികളുമാണ് നേതൃത്വം നൽകുന്നത്. പിറ്റേന്ന് വെള്ളിയാഴ്ച വെളുപ്പിനു രണ്ടുമണിക്കു പുരുഷൻമാർ എത്തും. പ്രാർഥന കഴിഞ്ഞു വെളുപ്പിന് മൂന്നുമണിക്ക് പാചകം ആരംഭിക്കും. ആറരയാകുമ്പോൾ പാചകം റെഡി. 10 മണിക്ക് വാഹനം ആഹാരവുമായി പുറപ്പെടും. 11.30 മുതൽ കോട്ടയം മെഡിക്കൽ കോളജിലെ കാൻസർവാർഡിനു സമീപമുള്ള കെട്ടിടത്തിൽ ആഹാരം വിളമ്പി നൽകും.

<ആ>ശുദ്ധമായ ആഹാരം

ഈ നാട്ടിലെ കർഷകർ, ഈ ഇടവകയിലെ കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം പുരയിടത്തിൽ നട്ടുവളർത്തുന്ന ജൈവപച്ചക്കറികളാണ് കറിക്കായി ഉപയോഗിക്കുന്നത്. അരിയാണെങ്കിലും ജൈവകൃഷിയിൽ നിന്നും ഉൽപാദിപ്പിക്കുന്നത്. നീണ്ടൂർ റൈസാണ്. രോഗികൾക്കു നൽകുന്ന ആഹാരം ശുദ്ധമായിരിക്കണമെന്നു നിർബന്ധമുണ്ട ്. ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന സന്ദേശവും ഇതിലൂടെ പ്രചരിപ്പിക്കുന്നു.

<ആ>പോലീസിന്റെ അലിവ്


പുന്നത്തുറക്കാർ നടത്തുന്ന കാരുണ്യ പ്രവർത്തനത്തിൽ പോലീസിനെന്താ കാര്യം. കാര്യമുണ്ട ്. കോട്ടയംമെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ആഹാരം നൽകുന്ന വിവരം കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എം. രമേശ് കുമാർ അറിഞ്ഞു. അദ്ദേഹം എല്ലാവിധ പിന്തുണയും അലിവിനു പ്രഖ്യാപിച്ചു. അദ്ദേഹം ഇടപെട്ട് ആഹാരം കൊണ്ടുപോകാൻ ഒരു വാഹനം പോലീസ് ക്യാമ്പിൽ നിന്നും വിടാൻ തുടങ്ങി. പിന്നീട് ജില്ലാ പോലീസ് മേധാവി സതിശ് ബിനോ ഇതിനായി തന്നെ ഒരു ഉത്തരവുമിട്ടു. ഇതു സംബന്ധിച്ചുള്ള പുരോഗതികളും പോലീസ് ചോദിച്ചറിയുന്നു. എല്ലാ വെള്ളിയാഴ്ചയും പത്തിനു പോലീസ് വാഹനം ആഹാരം കൊണ്ടുപോകാൻ പുന്നത്തുറയിലെത്തും. ഈ ആഹാരം കോട്ടയം മെഡിക്കൽ കോളജിലെത്തുമ്പോൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾമാർ ഉൾപ്പെടെ ഒരു സംഘം ആഹാരം വിളമ്പാൻ എത്തും. മേലാധികാരികളിൽ നിന്നും പ്രത്യേകം അനുവാദം വാങ്ങിയാണ് ഒരു മണിക്കൂർ ഇവർ ഇവിടെ വരുന്നത്. ഇത്തരമൊരു നിമിഷമാണ് ജീവിതത്തിലെ ഏറ്റവും വിലയേറിയതെന്നാണ് ഇവർ പറയുന്നത്.

<ആ>ആഘോഷം കുറഞ്ഞു

അലിവും ആഘോഷവുമായി എന്താണ് ബന്ധം. ഇവ ഒന്നിച്ചു പോകില്ലെന്നു നാട്ടുകാർ അറിഞ്ഞിരി ക്കുന്നു. നാട് ഇപ്പോൾ അലിവോടു ചേർന്നു നിൽക്കുന്നു. സെപ്റ്റംബർ എട്ടിനു പരിശുദ്ധ മാതാവിന്റെ തിരുനാൾ ദിനത്തിൽ 300 പൊതിച്ചോറുമായി തുടങ്ങി ഇന്ന് ആയിരം പേർക്കു വിതരണം ചെയ്യുമ്പോൾ ഇതു സമൂഹത്തിനു നൽകിയ സന്ദേശം ചെറുതല്ല. ഈ സന്ദേശമാണ് ആഘോഷം വേണ്ടെ ന്നു വയ്ക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ഇതൊന്നും ആരെങ്കിലും പറഞ്ഞിട്ടോ ആരെയെങ്കിലും പേടിച്ചിട്ടോ ചെയ്യുന്നതല്ല. ഈ സമൂഹത്തിൽ ആഘോഷം കുറഞ്ഞു. ആരോടും പറയാതെ രോഗികൾക്കായും പാവപ്പെട്ടവർക്കായും ഈ സമൂഹത്തെ പണം ഏല്പിക്കുന്നവർ ധാരാളം. അടുത്ത പ്രദേശത്തെ ഒരു അമ്മ മകളുടെ മരണാനന്തരച്ചടങ്ങ് പ്രാർഥനയിൽ മാത്രം ഒതുക്കി 5000 രൂപ നീട്ടിയപ്പോൾ ഈ കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞു. കൊച്ചുകുട്ടികൾ പോലും പോക്കറ്റുമണി അലിവിനായി നീക്കിവയ്ക്കുന്നു.

<ആ>പാലിയേറ്റീവ് കെയർ

ഈ നാട്ടിലെ നാല്്പതോളം വീട്ടമ്മമാരാണ് പാലിയേറ്റീവ് കെയറിന്റെ സാരഥികൾ. നഴ്സുമാരായി വിരമിച്ചവരും വിവിധ സ്‌ഥാപനങ്ങളിൽനിന്നു വിരമിച്ചവരും ഈ കൂട്ടായ്മയിലുണ്ട ്. സമൂഹത്തിലെ കിടപ്പുരോഗികളുടെ ശുശ്രൂഷ ഇവർ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ഇവർക്കു പ്രത്യേക പരിശീലനം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ആംബുലൻസും ഉപകരണങ്ങളുമുണ്ട ്. കഫം വലിച്ചെടുക്കുന്ന ഉപകരണം, ഒക്സിജൻ സിലിണ്ട ർ, കുത്തിവയ്്പിനുള്ള സൗകര്യം, മരുന്നുകൾ ഇവയെല്ലാം ഒരുക്കിയാണ് പോകുന്നത്. പ്രാർഥനയും പരിചരണത്തിലൂടെയും ഇവർ രോഗികൾക്ക് ആശ്വാസമാകുന്നു. ഇതിനൊന്നും ഒരു നേതൃത്വനിരയില്ല. എല്ലാവരും ചേർന്നു പ്രവർത്തിക്കുന്നു. കാരണം ഇവരിൽ ആരും വലിയവരുമില്ല, ചെറിയവരുമില്ല. എല്ലാവരും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്.

<ആ>സൺഡേ ക്ലിനിക്

ഇടവകാംഗമായ ഡോ. ജിതിൻ കുത്തിയതോട്ടിൽ സൺഡേ ക്ലിനിക്കിനു നേതൃത്വം നൽകുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ എട്ടര മുതൽ മൂന്നു മണിക്കൂർ ഡോക്ടർ രോഗികളെ പരിശോധിക്കും. നാനാജാതിമതസ്‌ഥരായ നാട്ടുകാർ ഇതു പ്രയോജനപ്പെടുത്തുന്നു.പരിശോധനകളെല്ലാം സൗജന്യമെന്നുമാത്രമല്ല, പാവപ്പെട്ടവർക്കു മരുന്നും സൗജന്യമാണ്.

<ആ>മഹതി

പാവപ്പെട്ട വിധവകളെ സഹായിക്കാനൊരു പദ്ധതി. മഹതി. വിധവകൾക്കു പെൻഷനായി 500 രൂപ മാസന്തോറും നൽകുന്ന പദ്ധതി. ഇതിനകം നാല്പതോളം അപേക്ഷകൾ ലഭഭിച്ചുകഴിഞ്ഞു. ഈ സമൂഹത്തിൽ നിർധനരായ ധാരാളം വീട്ടമ്മമാരുണ്ട ്. ആരോടും പരാതി പോലും പറയാൻ കഴിയാതെ വിഷമിക്കുന്നവർ. ഇതു നേരിട്ടു പലപ്പോഴായി മനസിലാക്കിയതിന്റെ വെളിച്ചത്തിലാണ് മഹതി ആരംഭിക്കുന്നത്.

<ആ>ആശ്വാസ്

പാവപ്പെട്ട രോഗികൾക്ക് മരുന്ന്, അതും സൗജന്യമായി. പാവപ്പെട്ട രോഗികളുടെ അപേക്ഷ സ്വീകരിച്ച് അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് നല്കുകയാണ്. പിന്നീട് മെഡിക്കൽ സ്റ്റോറുകാർക്ക് പണം നൽകും. ഇതും ധാരാളം പേർ പ്രയോജനപ്പെടുത്തുന്നുണ്ട ്. കോതമംഗലം രൂപത ആരംഭഭിച്ചിരിക്കുന്നതുപോലെ ജീവ മെഡിക്കൽസ് ആരംഭിക്കാനുള്ള ആലോചനയും നടന്നുവരുന്നു. അമ്പതു ശതമാനം വരെ വിലക്കുറവിൽ മരുന്ന് നൽകാൻ സാധിക്കുന്ന പദ്ധതിയാണ് കോതമംഗലം രൂപത ആരംഭഭിച്ചിരിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ പോലുള്ള പ്രധാന നഗരങ്ങളിലെല്ലാം ജീവ മെഡിക്കലിനു സ്‌ഥാപനങ്ങളുണ്ട ്.

<ആ>കൈത്തിരി

പഠനസഹായിയാണ്. ഹോസ്റ്റൽ ഫീസ് കൊടുക്കാത്തതിന്റെ പേരിലോ, പുസ്തകമില്ലാത്തതിന്റെ പേരിലോ കുട്ടികളുടെ പഠനം മുടങ്ങരുത്. യൂണിഫോമില്ലാത്തതിന്റെ പേരിൽ ക്ലാസിനു വെളിയിൽ നിൽക്കാൻ ഇടവരരുത്. ഇതിനായിട്ടാണ് കൈത്തിരി ആരംഭഭിച്ചത്.

<ആ>സമൃദ്ധി

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചൻ ആരംഭിച്ച പിടിയരി ശേഖരണത്തിൽ നിന്നും ശക്‌തി സ്വീകരിച്ച് ഇവിടെ പിടിയരി ശേഖരണം ആരംഭിച്ചിരിക്കുന്നു. ഇതിനു പിന്നിൽ കൊച്ചുകുട്ടികളാണ്. എല്ലാ ഞായറാഴ്ചയും പള്ളിയിൽ വരുമ്പോൾ കുട്ടികൾ അരി കൊണ്ടുവരും. ഇതു ശേഖരിച്ചുവയ്ക്കുന്നു. ഈ സമൂഹത്തിലെ പാവപ്പെട്ടവർക്ക് അരി വിതരണം ചെയ്യും. ആർക്കും എപ്പോഴും വന്നു വാങ്ങി കൊണ്ടുപോകാം. കഴിഞ്ഞ വിശ്വാസോത്സവകാലഘട്ടത്തിൽ വികാരിയച്ചൻ നൽകിയ വാഴവിത്തുകൾ എല്ലാ കുട്ടികളും നട്ടുവളർത്തിയിരുന്നു. ഇതു വിളവെടുത്ത് പള്ളിയിലേക്ക് കൊണ്ടുവരും. ഇതും പാവപ്പെട്ട രോഗികൾക്കായി മാറ്റിവയ്ക്കുന്നു. വരും തലമുറയെ കാരുണ്യത്തിന്റെ പാതയിലൂടെ നയിക്കാൻ ഈ സമൂഹം പ്രത്യേകം ശ്രദ്ധിക്കുന്നു.

<ആ>എല്ലാത്തിനും പിന്നിൽ

എല്ലാത്തിനും പിന്നിൽ ഇവർക്കു ശക്‌തിയായി നിൽക്കുന്നതു വികാരി ഫാ. സോണി മുണ്ടുനടയ്ക്കലാണ്. തിരുവനന്തപുരം ഫൊറോനയുടെ സ്നേഹശുശ്രൂഷയായ ലൂർദ്മാതാ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടറായിരുന്നു. കാൻസർരോഗികൾക്കും പാവപ്പെട്ട ജനവിഭാഗത്തിനും മാർഗദീപമായ ഫാ. സോണി, ചങ്ങനാശേരി അതിരൂപതയിലെ ഇത്തിത്താനം ഇടവകാംഗമാണ്.

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ രോഗികളുടെ പ്രത്യേകിച്ചു കുട്ടികളുടെ വാർഡിലൂടെ നടന്നു ശുശ്രൂഷ ചെയ്ത വൈദികനാണ് സോണിയച്ചൻ. അതുകൊണ്ടായിരിക്കാം അച്ചൻ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്കു വന്നപ്പോൾ ഇത്തരമൊരു പ്രവർത്തനം സ്വപ്നം കണ്ടത്. ഈ നാട്ടിലെ ജനങ്ങളാണ് തന്റെ സ്വപ്നങ്ങൾക്കു ചിറകു തന്നതെന്ന് അച്ചൻ പറയുന്നു.

<ആ>ജോൺസൺ വേങ്ങത്തടം