’റിഥം ഹൗസി‘ൽനിന്ന് വിഷാദഗാനം
’റിഥം ഹൗസി‘ൽനിന്ന് വിഷാദഗാനം
ഫിസ എന്ന തൊണ്ണൂറുകാരി പറഞ്ഞു: ‘‘അക്കാലത്ത് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടേയുള്ളൂ. ഭർത്താവുമൊന്നിച്ച് അവിടെ പോകാറുള്ളത് ഓർക്കുന്നു. ദിലീപ് കുമാറിന്റെ മേള, ശഹീദ്, ദേവ് ആനന്ദിന്റെ സിദ്ദി തുടങ്ങിയ പുതിയ സിനിമകളുടെ എൽപി ഡിസ്കുകൾ വാങ്ങാനാണ് ഞങ്ങളവിടെ പോകാറ്. വീട്ടിലെത്തി അത്താഴം കഴിക്കാനിരിക്കുമ്പോൾ എല്ലാവരുംചേർന്ന് പാട്ടുകളെല്ലാം കേൾക്കും... മിക്കവാറും എല്ലാ ദിവസങ്ങളിലും പാട്ടുകേൾക്കും’’...

മുംബൈയിലെ റിഥം ഹൗസ് എന്ന മ്യൂസിക് സ്റ്റോറിനെക്കുറിച്ചാണ് ഫിസ ഓർമിക്കുന്നത്. ഭർത്താവ് ഇന്നു ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ ഓർമകൾക്കൊപ്പം, അന്നു വാങ്ങിക്കൂട്ടിയ ഡിസ്കുകളിലെ പാട്ടുകൾ ഇപ്പോഴും അവരുടെ മനസിലുണ്ട്– ബദ്നാം ന ഹോ ജായേ മൊഹബ്ബത്ത് കാ അഫ്സാനാ.., ഗായേ ജാ ഗീത് മിലൻ കാ..., യേ സിന്ദഗീ കേ മേലേ... ജീവിതം കൂട്ടായ്മയാണെന്ന, ആഘോഷങ്ങളാണെന്ന, പ്രണയമാണെന്ന ഈണങ്ങളായിരുന്നു അവയോരോന്നും... ദിവസങ്ങൾക്കുമുമ്പ് ഒരുരാത്രിയോടെ റിഥം ഹൗസിന്റെ ഷട്ടറുകളിൽ ഒരറിയിപ്പു പതിഞ്ഞു. അതിന്റെ തലക്കെട്ടിൽ അവിടത്തെ പതിവുകാർ ഇങ്ങനെ വായിച്ചു– നന്ദി...

ആ കുറിപ്പ് ഇങ്ങനെ തുടർന്നു– ‘വിട പറയാനുള്ള സമയമായി എന്നു നിങ്ങളെ അറിയിക്കാൻ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. മ്യൂസിക്– വീഡിയോ ബിസിനസ് ഞങ്ങൾ അവസാനിപ്പിക്കുകയാണ്, കാരണങ്ങൾ പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ. പുതിയ സാങ്കേതികവിദ്യകൾ, അനധികൃത കോപ്പിയടി എന്നിവയോടു പൊരുതിനിന്ന മ്യൂസിക് സ്റ്റോറുകളിൽ അവസാനത്തേതായിരുന്നു ഞങ്ങൾ’... അറിയിപ്പു വായിച്ചവർ ഒരുവേള നിശബ്ദരായി., അത്യന്തം സങ്കടത്തോടെ...

പുതിയകാലത്ത് ഒരു കട തുറക്കുക, അത് പൂട്ടുക എന്നതൊന്നും ഒരാളുടെയും മനസിനെ തൊടുന്ന കാര്യമല്ല– അതിന്റെ ഉടമയുടേതൊഴികെ. അങ്ങനെയല്ല റിഥം ഹൗസ്. എഴുപതു വർഷത്തോളം നീണ്ട ഒരു സിംഫണിയാണ് നിശബ്ദമായത്.

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ തൊട്ടടുത്ത വർഷം മുംബൈയിൽ തുടങ്ങിയ റിഥം ഹൗസ് സംഗീതത്തിന്റെ പുതിയൊരു ലോകമാണ് സൃഷ്‌ടിച്ചത്. ചലച്ചിത്രഗാനങ്ങളും, ഇന്ത്യൻ ശാസ്ത്രീയ സംഗീതവും, മോഡേണും ക്ലാസിക്കലുമായ വെസ്റ്റേൺ മ്യൂസിക്കും സംഗീതപ്രേമികളിലേക്ക് ഒഴുകിയെത്തി. മുംബൈയുടെ സാംസ്കാരിക കേന്ദ്രമായ കാലാ ഗോഡയിലായിരുന്നു സ്റ്റോർ. തുടക്കം മുതൽ ഒടുക്കംവരെ അവിടെത്തന്നെ തുടർന്നു. പലരും അതിനെ സംഗീതത്തിന്റെ ദേവാലയമായാണ് കണ്ടത്. എൽപി വിനൈൽ ഡിസ്കുകൾ, കാസറ്റുകൾ, വിഎച്ച്എസ് വീഡിയോ കാസറ്റുകൾ, സിഡികൾ, ഡിവിഡികൾ തുടങ്ങി പുതിയ സാങ്കേതിക വിസ്മയമായ ബ്ലൂറേ ഡിസ്കുകൾ വരെ റിഥം ഹൗസിൽ ലഭ്യമായിരുന്നു. പഴമ ഇഷ്‌ടപ്പെടുന്നവർക്കായി അവസാനകാലത്തും എൽപി ഡിസ്കുകൾ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.


തുടക്കത്തിൽ കണ്ട ഫിസ എന്ന മുത്തശി മാത്രമല്ല റിഥം ഹൗസിന്റെ പാട്ടോർമകൾ പങ്കുവയ്ക്കുന്നത്. പണ്ഡിറ്റ് രവി ശങ്കറും ഉസ്താദ് സക്കീർ ഹുസൈനും..., ഷമ്മി കപൂർ മുതൽ എ.ആർ. റഹ്മാൻ വരെയുള്ളവർ.., ജാക്കി ഷ്രോഫും ജൂഹി ചൗളയും മുതൽ രൺബീർ കപൂർ വരെയുള്ളവർ.. അങ്ങനെ പ്രശസ്തരും അല്ലാത്തവരുമായ പതിനായിരങ്ങൾക്ക് റിഥം ഹൗസ് തങ്ങളുടെ സ്വന്തം സംഗീത ഇടമായിരുന്നു. ‘‘ചെറുപ്പകാലത്ത് ഞാനവിടെ കറങ്ങി നടക്കുമായിരുന്നു. കുറേ പാട്ടുകൾ കേൾക്കുമായിരുന്നു. സ്വന്തമായി വാങ്ങി കേൾക്കാൻ അന്നു പണമുണ്ടായിരുന്നില്ല’’– ജാക്കി ഷ്രോഫ് ഓർക്കുന്നതങ്ങനെയാണ്.

ഓർമകളിൽ വസന്തഗീതങ്ങൾ അങ്ങനെ നിൽക്കട്ടെ. മ്യൂസിക് സ്റ്റോറുകൾ പൂട്ടിപ്പോകുന്നതിനു പിന്നിലെ കാരണങ്ങൾ പ്രത്യേകം അന്വേഷിക്കേണ്ടതുമില്ല. കഴിഞ്ഞ പത്തു പതിനാറു കൊല്ലംകൊണ്ട് പാട്ടുകേൾക്കലിന്റെ രീതി മാറിമറിഞ്ഞത് നാമെല്ലാം കണ്ടുനിന്നതും കേട്ടറിഞ്ഞതുമാണ്. ഓൺലൈനിന്റെ സഹായത്താൽ പാട്ടുകേൾക്കൽ കൂടുതൽ വ്യക്‌തിപരമായി. കംപ്യൂട്ടറും ശ്രോതാവും, അല്ലെങ്കിൽ സ്മാർട്ട്ഫോണും ശ്രോതാവും എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇടയിൽ മറ്റാരും വേണ്ട. കാസറ്റും സിഡിയും വേണ്ട, മ്യൂസിക് പ്ലെയർ വേണ്ട...

മുംബൈയുടെ അതിവേഗത്തിനനുസരിച്ച് പിടിച്ചുനിൽക്കാൻ റിഥം ഹൗസിന് ഇനിയും കഴിയുമായിരുന്നില്ല. സംഗീതപ്രേമികളും, സംഗീതകാരന്മാരും, ചരിത്രാന്വേഷകരുമെല്ലാം ഒത്തുചേർന്നിട്ടും ആ സാംസ്കാരിക സ്‌ഥാപനത്തെ രക്ഷിക്കാനായില്ല. ഓരോ നഗരത്തിനും ഇങ്ങനെ ചില പാട്ടിടങ്ങൾ ഓർത്തുവയ്ക്കാനുണ്ടാവും– ഒരു വിഷാദരാഗം പോലെ. കൊച്ചിയിലുണ്ടായിരുന്ന മ്യൂസിക് വേൾഡ് സ്റ്റോറിനെക്കുറിച്ചു പറയാൻ നൂറുനാവുള്ളവർ ഇന്നുമുണ്ടവിടെ. മൂന്നുവർഷം മുമ്പാണ് എം.ജി റോഡിലുണ്ടായിരുന്ന മ്യൂസിക് വേൾഡ് അടച്ചുപൂട്ടിയത്.

വയലിനിസ്റ്റ് സുനിത ഭുയാനും തബലിസ്റ്റ് അനുരാധ പാലും അടങ്ങുന്ന റിഥം ഹൗസ് ബാൻഡ് കഴിഞ്ഞദിവസം സ്റ്റോറിൽ ഒരു പരിപാടി അവതരിപ്പിച്ചു. ഷോപ്പിലെ പതിവുകാർ ഗൃഹാതുരതയോടെ അതു കേട്ടുകേട്ടിരുന്നു...
*** *** ***
ചലച്ചിത്രഗാനങ്ങൾ സമാപിച്ചു– ആകാശവാണി ഓരോ തവണയും ഇങ്ങനെ പറയുമ്പോൾ ഒരുപാട്ടുകൂടിയുണ്ടായിരുന്നെങ്കിൽ എന്നാശിക്കുമായിരുന്നത്രേ ചിലർ.

<ആ>ഹരിപ്രസാദ്