കുട്ടികളുടെ സൗഹൃദം ശ്രദ്ധിക്കുക
കുട്ടികളുടെ സൗഹൃദം ശ്രദ്ധിക്കുക
? ഡോക്ടർ, വളരെ വേദനയോടെയാണ് ഇതെഴുതുന്നത്. എന്റെ മകന് ആറു വയസുണ്ട്. അടുത്തിടെ അവന്റെ പെരുമാറ്റത്തിൽ നിന്നും മുതിർന്നവർ സംസാരിക്കുന്നതുപോലെയുള്ള പല കാര്യങ്ങളും കേട്ടു. വിവാഹത്തെക്കുറിച്ചും കുട്ടികൾ ഉണ്ടാകുന്നതിനെക്കുറിച്ചുമൊക്കെ കളിയിലൂടെയാണ് അവൻ പറഞ്ഞത്. ഞാൻ ഇതെക്കുറിച്ചു ചോദിച്ചപ്പോൾ അടുത്ത വീട്ടിലെ കുട്ടി കളിക്കുമ്പോൾ ഇതൊക്കെ പറഞ്ഞുതന്നതാണെന്നാണ് അവൻ പറയുന്നത്. ഞങ്ങളുടെ വീട്ടിൽ നിന്നും കുട്ടിയുടെ മുന്നിൽ വച്ച് ഇത്തരത്തിലുള്ള സംസാരം ഒരിക്കലും ഉണ്ടായിട്ടില്ല. ഇതൊക്കെ കേട്ടപ്പോൾ ഞാൻ മോനെ ഒരുപാട് അടിച്ചു. ഇനി ഈ കളി കളിക്കരുതെന്ന് പറഞ്ഞതിനുശേഷം അത്തരത്തിലുള്ള സംസാരം അവനിൽ നിന്ന് ഉണ്ടായിട്ടില്ല. എങ്കിലും ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചോർക്കുമ്പോൾ അമ്മയെന്ന നിലയിൽ എനിക്ക് പേടിയുണ്ട് ഡോക്ടർ. എന്താണു ചെയ്യേണ്ടത്?

= അഞ്ചു വയസുള്ള കുട്ടി ഇത്തരത്തിൽ പറഞ്ഞാൽ അവൻ കേട്ട കാര്യങ്ങൾ ആവർത്തിക്കുന്നുവെന്നു മാത്രം കരുതിയാൽ മതി. കുട്ടിയെ അടിക്കുകയോ വഴക്കു പറയുകയോ ചെയ്യേണ്ട ആവശ്യമില്ല. ചെറിയ കുട്ടികൾ മുതിർന്ന കുട്ടികളുമായിട്ട് കളിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. മുതിർന്ന കുട്ടികൾ ഏതെല്ലാം രീതിയിൽ സംസാരിക്കുന്നുവെന്നോ ടിവി കാണുമ്പോൾ എന്തൊക്കെയാണ് കാണുന്നതെന്നോ നമുക്കറിയില്ല. അവർ കണ്ടതും കേട്ടതുമായ കാര്യങ്ങൾ കൊച്ചുകുട്ടികളോട് സംസാരിക്കാം. അത് കൊച്ചുകുട്ടികൾ അനുകരിച്ചേക്കാം. ഈ അഞ്ചു വയസുകാരന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ബന്ധുക്കളാണെങ്കിൽ പോലും ചെറിയ കുട്ടികളെ മുതിർന്ന കുട്ടികളുമായി അധികസമയം ഇടപഴകാൻ അനുവദിക്കാതിരിക്കുകയാണ് നല്ലത്. ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ ആണെങ്കിൽപോലും സൗഹൃദം ശരിയല്ലെന്നു തോന്നിയാൽ അത് ഒഴിവാക്കണം.


ഒമ്പതു വയസു കഴിഞ്ഞ പെൺകുട്ടികൾക്ക് ഫാമിലി ലൈഫ് എജ്യുക്കേഷൻ അമ്മമാർ തന്നെ നൽകണം. ലൈംഗികാവയവങ്ങളെക്കുറിച്ചും ആർത്തവം, ഗർഭധാരണം, ലൈംഗികബന്ധത്തിലൂടെ പകരുന്ന അസുഖങ്ങൾ ഇവയെക്കുറിച്ചൊക്കെ മനസിലാക്കിക്കൊടുക്കുന്നത് നല്ലതായിരിക്കും. ശരീരഭാഗങ്ങളിൽ അനാവശ്യമായി അന്യർ സ്പർശിച്ചാൽ പ്രതികരിക്കണമെന്നൊക്കെ അമ്മമാർ തന്നെ പെൺമക്കൾക്ക് പറഞ്ഞുകൊടുക്കണം.

ഡോ.*ഏബ്രഹാം കെ. പോൾ
പീഡിയാട്രീഷൻ, കൊച്ചിൻ ഹോസ്പ്റ്റൽ, എറണാകുളം.