വന്ധ്യതയ്ക്കു ഹോമിയോചികിത്സ
വന്ധ്യതയ്ക്കു ഹോമിയോചികിത്സ
അടുത്തറിയാം ഹോമിയോപ്പതിയെ –9
ഇന്നു നമ്മുടെ സമൂഹത്തിൽ കുട്ടികളില്ലാത്ത ദു:ഖം അനുഭവിക്കുന്നവരുടെ എണ്ണം ഏറെയാണ്. വിവാഹശേഷം യഥാസമയം കഴിഞ്ഞിട്ടും കൂട്ടികളുണ്ടാകാതെയാകുമ്പോൾ ദമ്പതികൾ കടുത്ത മാനസിക വ്യഥ അനുഭവിക്കാനിടയാകുന്നു. അതോട് അനുബന്ധമായി നിരവധി ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കുന്നു. ഏറെ പണം ചെലവഴിച്ച് ദീർഘകാലം വിവിധതരം ചികിത്സകൾ ചെയ്തിട്ടും ഫലം ലഭിക്കാതെ നിരാശരായവർ നിരവധി. സാമ്പത്തിക പരാധീനതകൾ മൂലം ചെലവേറിയ ചികിത്സ സ്വീകരിക്കാൻ കഴിയാതെ ദു:ഖിക്കുന്നവരും നമുക്കിടയിൽ ധാരാളം.

* എന്താണ് വന്ധ്യത?

വിവാഹാനന്തരം ഒരു കുഞ്ഞു വേണമെന്ന ആഗ്രഹത്തോടെ ഒരു വർഷത്തിലേറെക്കാലം ഒന്നിച്ചു ജീവിച്ചിട്ടും കുട്ടികളുണ്ടാകാതെ വരുമ്പോൾ ദമ്പതിമാരിൽ വന്ധ്യതയുള്ളതായി നിരീക്ഷിക്കുന്നു.

* കാരണങ്ങൾ

വന്ധ്യതയുടെ കാരണങ്ങൾ നിരവധി. അതു പുരുഷപങ്കാളിയിൽ മാത്രമായോ സ്ത്രീ പങ്കാളിയിൽ മാത്രമായോ ചിലപ്പോൾ ഇരുവരിലുമായോ കാണുന്നു. വന്ധ്യതയള്ള ചില ദമ്പതിമാരിൽ പ്രത്യേകിച്ചു പറയത്തക്ക കാരണങ്ങൾ ഒന്നുംതന്നെ കാണാനുമാവില്ല.

* കാരണങ്ങൾ സ്ത്രീയിൽ

ക്രമം തെറ്റിയുളള ആർത്തവചക്രം, അണ്ഡോൽപ്പാദനത്തിലെ അപാകതകൾ, അണ്ഡവാഹിനിക്കുഴലുകളിലെ തടസങ്ങൾ, അണ്ഡാശയം, ഗർഭാശയം എന്നിവിടങ്ങളിലെ മുഴകൾ, കുമിളകൾ, എൻഡോമെട്രിയോസിസ്( ഗർഭാശയ അകംപാളിയുടെ ക്രമരഹിതമായ വിന്യാസം, ഗർഭാശയേതര ആന്തരാവയവങ്ങളിൽ കാണുന്ന അവസ്‌ഥ, ഹോർമോൺ തകരാറുകൾ, മറ്റു ലൈംഗിക പ്രശ്നങ്ങൾ എന്നിവ)

* കാരണങ്ങൾ പുരുഷനിൽ

ശുക്ലത്തിൽ ബീജങ്ങളുടെ ഇല്ലായ്മ/എണ്ണക്കുറവ്, ബീജങ്ങൾക്കു ചലനശേഷിയില്ലായ്മ, ഹോർമോൺ തകരാറുകൾ, ബീജവാഹിനിക്കുഴലുകളിലെ തടസങ്ങൾ, വൃഷണങ്ങളിലെ സിരകൾ തടിക്കുന്ന അവസ്‌ഥ, ജന്മനാ വൃഷണങ്ങൾ വൃഷണസഞ്ചിയിലേക്ക് ഇറങ്ങിവരാത്ത അവസ്‌ഥ...

* മറ്റു കാരണങ്ങൾ

ദമ്പതിമാരിലെ മാനസികപിരിമുറുക്കം, കൂടിയ പ്രായം, പൊതു ആരോഗ്യക്കുറവ്, അമിതവണ്ണം, വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, മറ്റു ലഹരി ഉപയോഗം, ചൂടു കൂടുതലുളള സ്‌ഥലങ്ങളിൽ ജോലി ചെയ്യൽ, കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുക, ഇറുകിയ അടിവസ്ത്രങ്ങളുടെ ഉപയോഗം തുടങ്ങിയവയും വന്ധ്യതയ്ക്കു കാരണമായി തെളിയിക്കപ്പെട്ടിരിക്കുന്നു.

* ചികിത്സ ഹോമിയാപ്പതിയിൽ

വന്ധ്യതാനിവാരണത്തിന് ആധുനിക പരിശോധനാ സംവിധാനങ്ങളുടെ സഹായത്തോടെ കൃത്യമായി കാരണം കണ്ടെത്തിയുളള ചികിത്സ ഹോമിയോപ്പതിയിലുണ്ട്. ഇത് ഏറെ ഫലപ്രദമാണ്. സീതാലയം ക്ലിനിക്കുകളോട് അനുബന്ധിച്ചാണ് വന്ധ്യതാനിവാകണ ക്ലിനിക്കുതളുടെ പ്രവർത്തനം

* വിശദവിവരങ്ങൾക്ക്:

1.സീതാലയം, ഗവ. ജില്ലാ ഹോമിയോ ആശുപത്രി, എരഞ്ഞിക്കൽ, പാവങ്ങാട്, കോഴിക്കോട്
ഫോൺ: 0495– 2462110.
2. ജില്ലാ മെഡിക്കൽ ഓഫീസ്(ഹോമിയോ), കോഴിക്കോട്
ഫോൺ: 0495– 2371748
3. ഗവ. ജില്ലാ ഹോമിയോ ആശുപത്രി, കോഴിക്കോട്

ഫോൺ: 0495– 2460724. e mail dmohomoekkd@gmail.com

റീച്ച് – ദ്രുതകർമ സാംക്രമികരോഗ നിയന്ത്രണ വിഭാഗം

ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ കേരളത്തിലെ എല്ലാ ഹോമിയോപ്പതി ഡോക്ടർമാരുടെയും സേവനം എകോപിപ്പിച്ചു കൊണ്ടു പ്രവർത്തിച്ചു വരുന്ന വിഭാഗമാണ് റീച്ച് – റാപ്പിഡ് ആക്ഷൻ എപിഡെമിക്ക് കൺട്രോൾ സെൽ. ഇതിന്റെ പരിധിയിൽ സംസ്‌ഥാന ഗവൺമെന്റ്ഡോക്ടർമാർ, കേന്ദ്ര ഹോമിയോപ്പതി ഗവേഷണ വിഭാഗം ഡോക്ടർമാർ, സ്വകാര്യ ഡോക്ടർമാർ, ഹോമിയോ കോളേജിലെ അധ്യാപകർ തുടങ്ങിയവർ അംഗങ്ങളാണ്.

പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ ഹോമിയോപ്പതി മരുന്നുകളും മറ്റും നിർണയിക്കുന്നതിനും രോഗവ്യാപ്തിയെക്കുറിച്ചു പഠനം നടത്തുന്നതിനും മരുന്നുവിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനും ഈ വിഭാഗം സഹായിക്കുന്നു.

പകർച്ചവ്യാധി ഉണ്ടാകുമ്പോൾ ഇത്തരം രോഗവസ്‌ഥകളുടെ പ്രത്യേകതകളെക്കുറിച്ചു ഡോക്ടർമാർ വിശദപഠനം നടത്തുന്നു. ആ അവസരത്തിൽ എറ്റവും അനുയോജ്യമായ രോഗപ്രതിരോധമരുന്ന് കണ്ടെത്തുന്നു. ഈ മരുന്ന് കഴിക്കുന്നവരുടെ ശരീരത്തിൽ നിലവിൽ കാണപ്പെടുന്ന പകർച്ചവ്യാധിക്ക് എതിരായ ഒരു രോഗപ്രതിരോധ വ്യവസ്‌ഥ സൃഷ്ടിക്കപ്പെടന്നു.

ഈ പ്രതിരോധ വ്യവസ്‌ഥ ശാരീരിക സംതുലിതാവസ്‌ഥയ്ക്കു കോട്ടം വരാത്തരീതിയിൽ രൂപപ്പെടുന്നതും ഈ പ്രത്യേക കാലയളവിൽ മാത്രം നിലനിൽക്കുന്നതുമാണ്. ഈ മരുന്നുകളുടെ ഉപയോഗം രോഗം പിടിപെടാതിരിക്കുന്നതിനും, രോഗം ബാധിച്ചു തുടങ്ങിയ വ്യക്‌തിയിൽ അതിന്റെ തുടക്കത്തിൽ തന്നെ രോഗം ലഘുകരിക്കുന്നതിനും സഹായകം.

റീച്ചിന്റെ പ്രവർത്തനരീതിസാംക്രമിക രോഗം പൊട്ടിപ്പുറപ്പെടുന്ന പ്രദേശത്തെ ഹോമിയോ ഡോക്ടർമാരുടെ സഹായത്തോടെ ജില്ലയിലെ വിദഗ്ധരായ ഡോക്ടർമാരുടെ സംഘം രോഗാവസ്‌ഥകളെകുറിച്ച് വിശദമായി പഠനം നടത്തുന്നു. മരുന്ന് നിർണയിക്കുന്നു.

ജില്ലാ തലത്തിൽ ഹോമിയോ ഡിഎംഓയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും. ഇതിൽ ഹോമിയോപ്പതിയിലെ ഡോക്ടർമാരുടെ വിവിധ സംഘടനകളുടെ പ്രതിനിധികൾ സംസ്‌ഥാന, കേന്ദ്ര സർക്കാരിലെ ഡോക്ടർമാർ, ഹോമിയോ കോളേജിലെ അധ്യാപകർ തുടങ്ങിയവർ അംഗങ്ങളാണ്.
സംസ്‌ഥാനതലത്തിൽ ഇതിന്റെ മേൽനോട്ടം ഹോമിയോപ്പതി വിഭാഗം മേധാവിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംസ്‌ഥാന തല വിദഗ്ധസമിതിക്കായിരിക്കും. മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും മറ്റു സേവനങ്ങൾക്കും ജില്ലാ ഹോമിയോപ്പതി വകുപ്പുമേധാവിയുമായി ബന്ധപ്പെടുക.

വിവരങ്ങൾ: ജില്ലാ ഗവ. ഹോമിയോ, ആശുപത്രി, കോട്ടയം

തയാറാക്കിയത് : ടി.ജി.ബൈജുനാഥ്