നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ഹരുണി സുരേഷ് വൈപ്പിൻ
Wednesday, February 19, 2025 2:46 PM IST
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയും കവിതയും എഴുതുകയാണ്. ആത്മാംശത്തിലൂടെ നോക്കി കാണുന്ന സമൂഹത്തിലെ നേർക്കാഴ്ചകളും പരിഛേദങ്ങളുമാണ് ആ സൃഷ്ടികളിലെല്ലാം നിറയുന്നത്.
സമൂഹത്തിലെ നെറികേടുകൾക്കെതിരേ വിട്ടു വീഴചയില്ലാത്ത മുന്നറിയിപ്പുകളും അശരണരോടും ആലംബ ഹീനരോടുമൊക്കെയുള്ള ദയാവായ്പുകളും റൂബിയുടെ രചനയുടെ മുഖമുദ്രകളാണ്. പ്രകൃതിയേയും പ്രണയത്തെയും ഇഴചേർത്ത് നെയ്തെടുത്ത ചില കവിതകൾ റൂബിയുടെ വൈഭവത്തിനു ഒരു പടി കൂടി മാറ്റു കൂട്ടുന്നുണ്ട്.
സൃഷ്ടികളും അംഗീകാരങ്ങളും
കഥയും കവിതയും ബാലസാഹിത്യവുമൊക്കെയായി സൃഷ്ടികൾ ഏറെയുണ്ട്. മാണിക്യ കല്ലിന്റെ കഥകൾ (കഥാസമാഹാരം), ചെമ്പഴുക്ക (ബാലസാഹിത്യം), നീ പെണ്ണാണ് (കവിതാ സമാഹാരം) എന്നിവ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2020 ൽ കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരം, 2021 ൽ അടയാളം ഫൗണ്ടേഷൻ അവാർഡ്, മാടമ്പ് കുഞ്ഞുകുട്ടൻ പുരസ്കാരം, 2023 ൽ ആശയം ബുക്സ് ബഷീർ സ്മാരക അവാർഡ്, 2024 ൽ കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയാണ് ഇതുവരെ റൂബിയെ തേടി എത്തിയിട്ടുള്ള അംഗീകാരങ്ങൾ.

സാഹിത്യം ചെറുപ്പം മുതൽ
സ്കൂൾ തലം തൊട്ട് സാഹിത്യ രചനകളാൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ റൂബി കൊല്ലം ഫാത്തിമ മാതാ കോളജിൽ പഠിക്കുന്ന കാലത്ത് കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കോളജ് മാഗസീനുകളിലെ രചനകളും, പാട്ട്, നൃത്തം തുടങ്ങിയ കലാ ശാഖകളിലെ സാന്നിധ്യവും വായനയുമെല്ലാം റൂബിയിലെ കലാകാരിയുടെ പിറവി വിളിച്ചോതുന്ന മുന്നറിയിപ്പുകളായിരുന്നു.
ഭാഷാപോഷിണി പോലുള്ള ആനുകാലികങ്ങളിലൊക്കെ രചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് റൂബി സാഹിത്യലോകത്തിന്റെ ശ്രദ്ധയിൽ പെട്ടത്.
യു ട്യൂബിൽ പതിവ് സാന്നിധ്യം
സാഹിത്യ രചനക്കൊപ്പം നൃത്തവും പാട്ടും അഭിനയവും യോഗയുമെല്ലാം റൂബിയുടെ ഹോബികളാണ്. യു ട്യൂബിൽ റൂബി ജോർജ് എന്ന പേരിൽ സർച്ച് ചെയ്താൽ കാണാം റൂബിയുടെ കലാവിരുത്. ഓണം, വിഷു കാലങ്ങളിൽ ഇറക്കിയ ആൽബങ്ങളുടെ ഒരു നിര തന്നെ യൂ ട്യൂബിൽ കാണാൻ കഴിയും.
ഇത്രയും ആക്ടിവിറ്റികൾക്കിടയിലും സഞ്ചാരം റൂബിക്ക് ഒരു ബലഹീനത തന്നെയാണ്. ഇന്ത്യക്കകത്തും പുറത്തും ഒക്കെ കറങ്ങിയ നിരവധി ദൃശ്യങ്ങളും യു ട്യൂബിൽ ഉണ്ട്.

വഴിതെളിച്ചത് പിതാവ്
ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ജി.ഡി. കരോട്ട് എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന പരേതനായ ജോർജ് ഡാനിയൽ ആണ് പിതാവ് . സമൂഹ്യസേവനത്തിനു ഏറെ മുൻതൂക്കം നൽകിയിരുന്ന പിതാവിൽനിന്നുള്ള പ്രചോദനവും കൂടി ഉൾക്കൊണ്ടാണ് റൂബി എഴുത്തിനെ സ്നേഹിച്ചത്.
പിന്നീട് ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ മുന്നോട്ടുള്ള പ്രയാണത്തിൽ വലിയൊരു ഘടകമായി. എൽഐസി എറണാകുളം ഡിവിഷണൽ ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന റൂബി ഇപ്പോൾ കടവന്ത്രയിൽ ആണ് താമസം.
കെഎസ്ഇബി മുൻ ഉദ്യോസ്ഥൻ ലാൽ ജോസഫ് ആണ് ഭർത്താവ്. മക്കൾ: രോഹിത്, റോഷൻ.