എനിക്ക് ചിലയ്ക്കാതിരിക്കാൻ ആവില്ലല്ലോ ..!
Thursday, February 13, 2025 3:37 PM IST
ഒന്നു വർത്തമാനം പറയാൻ ആ വീട്ടിൽ അമ്മയ്ക്ക് ആരും ഉണ്ടായിരുന്നില്ല.. എന്നാൽ അമ്മ വർത്തമാനം കേട്ടുകൊണ്ടേയിരുന്നു. അമ്മ അടുക്കളയിൽ ആയിരിക്കുമ്പോൾ, മുറ്റത്തെ പൂച്ചെടികൾക്ക് വെള്ളമൊഴിക്കുമ്പോൾ, പൂജാമുറിയിൽ പ്രാർഥനയ്ക്ക് ഇരിക്കുമ്പോൾ, രാത്രി അത്താഴം കഴിഞ്ഞ് കിടക്കയിൽ ഒന്ന് നടു ചായ്ക്കുമ്പോൾ....
എല്ലാം അമ്മ വർത്തമാനങ്ങൾ കേട്ടുകൊണ്ടേയിരുന്നു... മിണ്ടാതിരിക്കാൻ അമ്മ പറഞ്ഞില്ല.. അമ്മയ്ക്ക് ആ വർത്തമാനങ്ങൾ കേൾക്കണമായിരുന്നു .. മക്കളൊക്കെ ജോലിയും മറ്റുമായി ദൂരദിക്കിലേക്ക് അകന്നു പോകുമ്പോൾ ഒറ്റപ്പെട്ടുപോകുന്ന അമ്മമാരോട് സംസാരിക്കാൻ വേറെയാരുമില്ല എന്ന് തിരിച്ചറിയുന്നത് കൊണ്ട് അമ്മ വർത്തമാനം നിർത്താൻ പറയാറില്ല... അപ്പുറത്തെ വീട്ടിലെ മീനാക്ഷി കുട്ടി പറയും പോലെ അത് ചിലച്ചുകൊണ്ടേയിരുന്നു...
ഈ അമ്മയെപ്പോലെ ആരോരുമില്ലാത്ത ഒരുപാട് പേർക്ക് കൂട്ടാകുന്നുണ്ട് വർത്തമാനക്കാരൻ. പുതിയകാലം കുതിച്ചു പായുമ്പോഴും. പറഞ്ഞുവന്നത് മറ്റാരെയും കുറിച്ചില്ല റേഡിയോയെ പറ്റിയാണ്. റേഡിയോ ഒരു നൊസ്റ്റാൾജിക് ഓർമയാണ് എന്നൊക്കെ പറയുമ്പോഴും അതിനുമൊക്കെ അപ്പുറത്താണ് ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ പ്രായമായവർക്ക് റേഡിയോ കൂട്ടായി മാറുന്ന നിമിഷങ്ങൾ...
വാട്സ്ആപ്പും മൊബൈലും ഇന്റർനെറ്റുമൊന്നും ഇപ്പോഴും ഉപയോഗിക്കാൻ അറിയാത്ത എത്രയോ പേർ ഇന്നും റേഡിയോയെ സ്നേഹത്തോടെ തലോടുമ്പോൾ അത് വിശേഷങ്ങൾ പറയും വാർത്തകൾ അറിയിക്കും രസിപ്പിക്കാൻ പാട്ടുകൾ പാടും കഥകൾ പറയും നാടകം പറഞ്ഞുതരും... കേരളത്തിൽ ഒറ്റയ്ക്ക് താമസിക്കേണ്ടിവരുന്ന ആയിരക്കണക്കിന് അച്ഛനമ്മമാർക്ക് കൂട്ടാണ് റേഡിയോ.
കാലപ്രവാഹത്തിൽ ഒറ്റപ്പെട്ടുപോയവരോ മക്കളും മറ്റും വിദേശത്തേക്ക് ചേക്കേറിയപ്പോൾ ഒറ്റപ്പെട്ടുപോയവരോ തങ്ങൾക്ക് ഒരാശ്വാസവും കൂട്ടുമായി റേഡിയോയെ ചേർത്തുപിടിക്കുമ്പോൾ ഈ വീട്ടിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന ഒരു ഫീലാണ് റേഡിയോ എന്ന കൂട്ടുകാരൻ അവർക്ക് നൽകുന്നത്.
അവർ പലപ്പോഴും കേൾക്കുന്നത് കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ആകാശവാണി തന്നെയായിരിക്കും. എഫ്എം റേഡിയോകളിലെ കലപില വർത്തമാനങ്ങൾ കേട്ട് പുതിയ കുട്ടികൾക്കൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന പ്രായമായവരും ഉണ്ട്. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയ അച്ഛനോ അമ്മയോ മാത്രമല്ല റേഡിയോയെ ആശ്രയിക്കുന്നത് എന്നോർക്കുക.
ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ആയ നിങ്ങൾ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുമ്പോൾ ആ ഏകാന്തതയിൽ നിങ്ങൾക്ക് കൂട്ടാവുന്നത് കാറിലെ റേഡിയോയുടെ മറ്റു വകഭേദങ്ങൾ തന്നെയല്ലേ..
കോഴിക്കോടും, തിരുവനന്തപുരത്തുമിരുന്ന് തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം തൽസമയ പ്രക്ഷേപണം കേട്ട് ആസ്വദിച്ചവർ ലക്ഷങ്ങളാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിലും ചെപ്പോക്കിലും ഈഡൻ ഗാർഡൻസിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർ സെഞ്ച്വറി നേടുമ്പോൾ, ഇന്ത്യൻ ബൗളർമാർ എതിർ ടീമിന്റെ വിക്കറ്റുകൾ പിഴുതെറിയുമ്പോൾ ഇങ്ങ് കൊച്ചുകേരളത്തിലിരുന്ന് നമ്മളെത്ര കൈയടിച്ചിരിക്കുന്നു...
തൊട്ടടുത്ത കൃഷിഭവനിൽ തെങ്ങിൻ തൈ എത്തിയിട്ടുണ്ടെന്നും മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയാറായിട്ടുണ്ടെന്നും ആരറിയിച്ചില്ലെങ്കിലും റേഡിയോവിലെ പേരറിയാത്ത കുട്ടി എത്രയോ വട്ടം പറഞ്ഞു കൊടുത്തിട്ടുണ്ട്.
തൃശൂർ, തിരുവനന്തപുരം ആകാശവാണി റേഡിയോ നിലയങ്ങളിൽ തംബുരു മീട്ടി ശ്രുതിയിട്ട് സപ്ത സ്വരങ്ങളുടെ തുടങ്ങി പാട്ടുപഠിപ്പിച്ച എത്രയോ ഗുരുക്കന്മാർ ഉണ്ട്. റേഡിയോക്കു മുന്നിൽ വെറ്റിലയും അടക്കയും ഒറ്റ രൂപത്തുട്ടും ദക്ഷിണവച്ച് കർണാടക സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ അവരെ ഗുരു സ്ഥാനീയരായി കൽപ്പിച്ച് ശിഷ്യപ്പെട്ടിട്ടുണ്ട് എത്രയോ സംഗീത വിദ്യാർഥികൾ.
ആകാശവാണിയും റേഡിയോയും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമാണ് ഉള്ളത്. എഫ്എം ചാനലുകൾ ഇത്രയേറെ വരുന്നതിനു മുന്പ് നമ്മുടെ വീടിന്റെ ഓരോ മുറിയിലും ആകാശവാണിയുടെ ശബ്ദവീചികൾ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. ഒരമ്മപെറ്റ മക്കളെപ്പോലെ ആകാശവാണിയും റേഡിയോയും നമ്മുടെ വീട്ടിലെ അംഗങ്ങൾ തന്നെയായിരുന്നു.
പിന്നെ എപ്പോഴോ റേഡിയോയെ വേണ്ടാതായി. താൻ പാടിക്കേൾപ്പിച്ച പാട്ടുകൾ ദൃശ്യങ്ങൾ സഹിതം കാണിച്ചു തരുന്ന പുതിയ വിദ്വാൻ സ്വീകരണമുറിയിൽ ഇടം പിടിച്ചപ്പോൾ മേശയുടെ അടിയിലേക്കും അലമാരയുടെ മുകളിലേക്കും പിന്തഴയപ്പെട്ടുപോയി പാവം റേഡിയോ...
പക്ഷേ അങ്ങനെ ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല റേഡിയോ എന്ന കൂട്ടുകാരനെ നമുക്ക്... വർഷാവർഷം കടന്നുവരുന്ന റേഡിയോ ദിനത്തിൽ മാത്രമല്ല അല്ലാതെ ദിവസവും റേഡിയോയെ ഓർക്കുന്നവരുണ്ട് സ്നേഹിക്കുന്നവരുണ്ട് കേൾക്കുന്നവരുണ്ട്..
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന് കവി പാടിയ പോലെ റേഡിയോയുടെ ആത്മബന്ധങ്ങളിൽ നിന്ന് അടരുവാൻ വയ്യാത്ത ഒരുപാട് പേരുണ്ട് ഇവിടെ... അവരിലൂടെ റേഡിയോ ജീവിക്കും.. ഇനിയും ഒരുപാട് കാലം..
ഇത് അമ്മയുടെ അച്ഛൻ സിലോണിൽ നിന്ന് കൊണ്ടുവന്ന റേഡിയോ ആണ്, ഇത് അമ്മാവൻ പേർഷ്യയിൽ നിന്ന് കൊണ്ടുവന്ന റേഡിയോ ആണ് എന്നൊക്കെ വിശേഷിപ്പിച്ച പഴയകാല റേഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുള്ളവരും ഉണ്ട്...
എഫ് എം റേഡിയോയിൽ പാട്ടുകളും വിശേഷങ്ങളും കേട്ട് ഇങ്ങോട്ടു മാത്രം സംസാരിച്ചിരുന്ന റേഡിയോട് അങ്ങോട്ടും സംസാരിച്ചുകൊണ്ട് ഹെഡ്ഫോണും ഇയർ ബഡ്സും ചെവിയിൽ തിരുകി സ്വയം മറന്ന് അതിൽ ലയിച്ച് ചേർന്നുവരും ഉണ്ട് നമുക്ക് ചുറ്റും...
അവരും പുതിയ റേഡിയോയുടെ അവതാര ഭാവങ്ങളെ സ്നേഹിക്കുന്നു.. നീ എന്നെ സ്നേഹിച്ചില്ലെങ്കിലും നിന്നെ ഞാൻ സ്നേഹിച്ചു കൊണ്ടേയിരിക്കും എന്ന് ഒരു വാലന്റൈൻസ് ദിനത്തിൽ ഒരു കാമുകൻ തന്റെ പ്രണയിനിയോട് പറഞ്ഞപോലെ റേഡിയോ പ്രണയദിനത്തിന് തൊട്ടുമുന്പെത്തിയ റേഡിയോ ദിനത്തിൽ തന്നെ കേൾക്കുന്നവരോട് പറയുന്നു - നിങ്ങൾ എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും...