ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്ത്ത് രാഷ്ട്രീയ കേരളം
Monday, January 20, 2025 3:33 PM IST
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 22 മുതൽ ഫെബ്രുവരി ഒന്നുവരെ അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസ് മുമ്പാകെ നടക്കും.
ഒന്നു മുതൽ മൂന്നുവരെ സാക്ഷികളായ ഒ.പി. രജീഷ്, ഇ. സുനിൽകുമാർ, നികേഷ് എന്നിവരെയാണ് ആദ്യ ദിനത്തിൽ വിസ്തരിക്കുക. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനി ഈ കേസിൽ രണ്ടാം പ്രതിയും ഷാഫി നാലാം പ്രതിയുമാണ്.
കൊടി സുനി ഉൾപ്പെടെയുള്ളവർ പരോളിൽ ഉള്ള സമയത്താണ് ഇരട്ടക്കൊലക്കേസിന്റെ വിചാരണ ആരംഭിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. വിചാരണയിൽ പങ്കെടുക്കുന്നതിന് ജില്ലയിൽ പ്രവേശിക്കാൻ കൊടി സുനിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
82 സാക്ഷികൾ
2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയിൽ നിന്ന് കേസ് കഴിഞ്ഞ് വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂമാഹി പരിങ്ങാടിയിൽ വച്ച് അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മാഹിയിൽ കോടതി ആരംഭിക്കുന്നത് രാവിലെ പത്തിനാണ്. കേസ് നടപടികൾക്ക് ശേഷം ഇരുവരും കോടതിയിൽ നിന്നും ഇറങ്ങുന്നത് മുതൽ സംഭവസ്ഥലത്ത് എത്തുന്നത് വരെയുള്ള നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്ന് അന്വഷണ സംഘം കണ്ടെത്തിയിരുന്നു.
അന്നത്തെ തലശേരി സിഐ യു. പ്രേമനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതും മഹസർ തയാറാക്കിയതും. സംഭവത്തിന്റെ പിറ്റേദിവസം രാത്രി ഒരു പ്രതിയെ യു. പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് അന്നത്തെ തലശേരി ഡിവൈഎസ്പിയായിരുന്ന പ്രിൻസ് ഏബ്രഹാമാണ് കേസന്വേഷണം നടത്തിയത്. ഏറെ വിവാദമായ ഈ കേസിൽ എഫ്ഐആറിൽ പ്രതി ചേർക്കപ്പെട്ട 17 പ്രതികളിൽ 13 പേരെയും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ നിരപരാധികളാണെന്ന് കണ്ടെത്തിയിരുന്നു.
ഇവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഡിവൈഎസ്പി എ.പി. ഷൗക്കത്തലിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രിൻസ് ഏബ്രഹാം എസ്പിയായി സർവീസിൽ നിന്നും വിരിമിച്ചു. ഷൗത്തലി ഐപിഎസ് ലഭിച്ച് കൊച്ചിയിൽ സർവീസിലുണ്ട്. യു. പ്രേമൻ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണിപ്പോൾ.
പ്രതികൾക്കും പരിക്ക്
കൊലപാതകത്തിനിടയിൽ ഷാഫിയുൾപ്പെടെ രണ്ടു പ്രതികൾക്ക് പരിക്കേറ്റിരുന്നു. പ്രതികൾ ചികിത്സ തേടി യാത്ര ചെയ്തതുൾപ്പെടെ അന്ന് വലിയ വിവാദമായിരുന്നു. ഷാഫി സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് കോടതിയിൽ കീഴടങ്ങിയത്.
പ്രതികളുടെ പരിക്കുകൾ ഫോറൻസിക് സർജൻ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിലെ പ്രതികളിൽ ഭൂരിഭാഗവും വിവിധ ഘട്ടങ്ങളിലായി കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ജയിലിനുള്ളിൽ വച്ചാണ് പല പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തതും മൊഴി രേഖപ്പെടുത്തിയതും. 16 പ്രതികളാണ് ഈ കേസിലുള്ളത്. രണ്ട് പ്രതികൾ മരണപ്പെട്ടു.
പതിനാല് പ്രതികളാണ് വിചാരണ നേരിടുന്നത്. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പി. പ്രേമരാജനും പ്രതികൾക്കായി സി.കെ. ശ്രീധരനുമാണ് ഹാജരാകുന്നത്.
സിപിഎം പ്രവർത്തകരായ പള്ളൂർ കൊയ്യോട് തെരുവിലെ ടി. സുജിത്ത്, ചൊക്ലി മീത്തലെ ചാലിൽ ഹൗസിൽ ഷാരോൺ വില്ലയിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി, നാലുതറ മണ്ടപ്പറമ്പത്ത് കോളനിയിലെ ടി.കെ. സുമേശ്, ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി, ഷമിൽ നിവാസിൽ ടി.വി. ഷമിൽ,
കൂടേന്റവിട എ.കെ. ഷമ്മാസ്, ഈസ്റ്റ് പള്ളൂരിലെ കെ. അബ്ബാസ്, ചെമ്പ്ര നാലുതറ പറയുള്ളപറമ്പത്ത് രാഹുൽ, കുന്നുമ്മൽ വീട്ടിൽ തേങ്ങ വിനീഷ് എന്ന കെ. വിനീഷ്, കോടിയേരി പാറാൽ ചിരുതാംകണ്ടി സി.കെ. രജികാന്ത്, പള്ളൂർ പടിഞ്ഞാറെ നാലുതറ പി.വി. വിജിത്ത്, അമ്മാല മഠത്തിൽ മുഹമ്മദ് രജീസ്,
കണ്ണാറ്റിക്കൽ വീട്ടിൽ ഷിനോജ്, അഴീക്കൽ മീത്തലെ എടക്കാടന്റ വിട ഫൈസൽ, ചൊക്ലി തണൽ വീട്ടിൽ കാട്ടിൽ പുതിയ പുരയിൽ സരിഷ്, ചൊക്ലി കണ്ണോത്ത്പള്ളി തവക്കൽ മൻസിലിൽ സജീർ എന്നിവരാണ് കേസിലെ പ്രതികൾ. പത്താം പ്രതി രജികാന്ത്, പന്ത്രണ്ടാം പ്രതി മുഹമ്മദ് റജീസ് എന്നിവർ പിന്നീട് മരണപ്പെട്ടു.