നവീൻ ബാബു v/s സിപിഎം
Saturday, January 4, 2025 12:58 PM IST
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം. ആത്മഹത്യയെന്ന് പറഞ്ഞു തള്ളിയ നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു കഴിഞ്ഞു. എന്നാൽ, സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നാണ് പ്രത്യേക അന്വേഷണസംഘവും സർക്കാരും ഹൈക്കോടതിയെ അറിയിച്ചത്.
തീരുമാനങ്ങളെല്ലാം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്പോഴാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവരുന്നത്. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടാണ് സർക്കാരിനെയും അന്വേഷണസംഘത്തെയും വെട്ടിലാക്കിയിരിക്കുന്നത്.
ഇതോടെ, കുടുംബത്തിന് പുറമെ പ്രതിപക്ഷവും ബിജെപിയും നവീൻ ബാബുവിന്റെ മരണത്തിൽ കൊലപാതകസംശയം പ്രകടിപ്പിച്ച് മുന്നോട്ടിറങ്ങിയിരിക്കുകയാണ്. സിപിഎമ്മിൽ തന്നെ വിഭാഗീയത ഉണ്ടാക്കാൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് സാധിച്ചു. ടിപി പോലെ തന്നെ നവീൻ ബാബുവിന്റെ മരണവും കുടത്തിൽ നിന്നു തുറന്നുവിട്ട ഭൂതം പോലെ സിപിഎമ്മിനെ ആക്രമിക്കുകയാണ്.
പ്രതിക്കൂട്ടിൽ സിപിഎം
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യ മാത്രമാണ് നിലവിൽ പ്രതിക്കൂട്ടിൽ. എന്നാൽ, നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന പ്രവണത സിപിഎമ്മും സംസ്ഥാന സർക്കാരും സ്വീകരിച്ചുവരുന്നതോടെ സർക്കാരിനൊപ്പം സിപിഎമ്മും പ്രതിക്കൂട്ടിൽ ഉൾപ്പെട്ടിരിക്കുകയാണ്.
സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം തുടക്കം മുതൽ പി.പി. ദിവ്യയെ സംരക്ഷിച്ചിരുന്നുവെങ്കിലും പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കടുത്ത നിലപാടാണ് ദിവ്യയുടെ അറസ്റ്റും ജില്ലാ കമ്മിറ്റിയിൽ നിന്നു പുറത്തേക്കുള്ള വഴിക്കും കാരണമായത്.
എന്നാൽ, ദിവ്യക്ക് ജാമ്യം ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം നിലയ്ക്കുകയായിരുന്നു. പിന്നീട്, നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന് അനക്കം വച്ചത്.
നവീൻ ബാബുവിനെതിരേ ആദ്യം അനുകൂലമായി പ്രസ്താവന നടത്തിയ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിലെ മാറ്റവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കളക്ടർ സ്ഥാനത്തു നിന്നു മാറ്റാതെ അരുൺ കെ.വിജയനെ സംരക്ഷിക്കുന്നതും സിപിഎമ്മാണെന്ന ആരോപണവും ശക്തമാണ്.
ഇൻക്വസ്റ്റ് റിപ്പോർട്ട് വെട്ടിലാക്കി
ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പരാമര്‍ശം. എന്നാല്‍, എഫ്ഐ ആറിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.
മൃതദേഹത്തിലെ രക്ത സാന്നിധ്യം പോലീസ് എഫ്ഐആറിലോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ പരാമര്ശിച്ചിട്ടില്ലാത്തതാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ സംശയത്തിന് കാരണം. ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്.
തൂങ്ങിമരണം തന്നെയാണെന്നും എല്ലാ തൂങ്ങിമരണങ്ങളിലും മലമൂത്രവിസര്‍ജനം കാണാറില്ലെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പോലീസ് വാദം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്. ഇതോടെയാണ്, നവീൻ ബാബുവിന്റെ മരണം കൊലപാതകം എന്ന സംശയത്തിന് കൂടുതൽ ബലമേകുന്നത്.
ഉത്തരവുമില്ല, നടപടിയുമില്ല
* ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ചത്.
പിറ്റേദിവസം നവീന്‍ബാബു ജീവനൊടുക്കിയ വാര്‍ത്തയാണ് നാട് കേട്ടത്. ആ അവസാന മണിക്കൂറുകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അന്വേഷണസംഘത്തിന് ഇനിയും ഉത്തരമില്ല.
* പെട്രോള്‍ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷ്ണര്‍ എ.ഗീത സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാന്‍ തുടങ്ങിയിട്ട് മാസം കഴിഞ്ഞു.
തുടര്‍നടപടി ആവശ്യപ്പെടുന്ന കുറിപ്പ് സഹിതം നവംബര്‍ ഒന്നിനാണ് എ.ഗീതയുടെ റിപ്പോര്‍ട്ട് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാൽ റിപ്പോർട്ട് ഇപ്പോഴും ഫയലിൽ തന്നെയാണ്.
* നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി.വി. പ്രശാന്തിനെതിരേ കടുത്ത നടപടി ഒന്നുമില്ല. പ്രശാന്തിനെതിരേ നടപടിയെടുത്താല്‍ കണ്ണൂരിലെ ബിനാമി നേതൃത്വത്തിലേക്കും അന്വേഷണം നീളുമെന്ന ഭയമാണ് പോലീസിന്റെ മെല്ലെപ്പോക്കിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡിഎംഇയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിടുന്നില്ല. വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ വിവരാവകാശ നിയമ പ്രകാരം വസ്തുതകള്‍ നല്കാന് നിര്‍വാഹമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
* ദിവ്യയുടെ അധിക്ഷേപത്തിനു പിന്നാലെ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനും നവീന്‍ബാബുവിനെ മാനസിക സമ്മര്ദത്തലാക്കിയെന്ന പരാതി എഡിഎമ്മിന്റെ കുടുംബത്തിനുണ്ട്. അന്വേഷണത്തില്‍ ഇടപെടാന്‍ സാധ്യതയുള്ളതിനാല്‍ കളക്ടറെ മാറ്റണമെന്ന ആവശ്യത്തിനും സര്‍ക്കാര്‍ ചെവികൊടുത്തില്ല.
* മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. കളക്ടര്‍ അരുണ്‍ കെ.വിജയനെ വിളിച്ചപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നും പോലീസ് സര്‍ജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നുമാണ് കളക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റ്മോര്‍ട്ടം ചെയ്ത സര്ജന് പോലീസ് നല്‍കിയില്ലെന്ന സംശയമുണ്ടെന്ന് കുടുംബം പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് പരുക്കില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്.
അതിനാൽ, തങ്ങളുടെ അസാന്നിധ്യത്തിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ വരുന്നതിനെ സിപിഎമ്മും സർക്കാരും ഒരു പോലെ എതിർക്കുകയാണ്.
നവീൻ ബാബുവിന്റെ മരണത്തിൽ തുടക്കം തൊട്ട് ദുരൂഹത പ്രകടിപ്പിച്ച കുടുംബത്തിന്റെ ആരോപണങ്ങൾ ബലപ്പെടുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഓരോന്നും. അതിനാൽ, മരണം കൊലപാതകമെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്പോൾ പ്രതിക്കൂട്ടിലായിരിക്കുന്ന സിപിഎമ്മാണ്.
കേസിൽ എത്രയും വേഗം ചുരുളഴിച്ചില്ലെങ്കിൽ ബൂമറാങ്ങായി നവീൻ ബാബുവിന്റെ മരണം സിപിഎമ്മിനെ വരും തെരഞ്ഞെടുപ്പുകളിൽ വീഴ്ത്തിയേക്കാം.