വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
Friday, January 3, 2025 1:24 PM IST
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി മേളകളാണ് ഇവിടെ നടക്കുന്നത്. അതില്‍ മുന്‍പന്തിയിലാണ് ജലമേള. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മേള പൊലിമയോടെ തന്നെ നടത്തിപ്പോരുന്നു.
കട്ടസപ്പോര്‍ട്ടുമായി പ്രദേശവാസികളും ഒപ്പം മുന്നില്‍ നിന്ന് നയിച്ച് മണ്ഡലത്തിന്റെ സ്വന്തം മന്ത്രി പി.എ.മുഹമ്മദ് റിയാസും. വലിയ ഒരുക്കമാണ് ബേപ്പൂരില്‍ ഇത്തവണ നടന്നത്. അതിന് പരിസമാപ്തിയൊരുക്കിയാണ് നാളെ മുതല്‍ കാണികളില്‍ വിസ്മയം തീര്‍ത്ത് ജലമേള ഒരുങ്ങുന്നത്.
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ നാലാം സീസണിനെ വരവേല്‍ക്കാനൊരുങ്ങി ബേപ്പൂരിലെയും ചാലിയത്തെയും കടലും കടല്‍ത്തീരവും. ഉത്സവ ലഹരിയാണെങ്ങും. നാല്, അഞ്ച് തീയതികളില്‍ ഡ്രോണ്‍ ഷോ, കൈറ്റ് ഫെസ്റ്റിവല്‍, വിവിധ ജലകായിക മത്സരങ്ങള്‍, സംഗീതകലാ പരിപാടികള്‍ തുടങ്ങി സാഹസികതയുടെയും വിനോദത്തിന്റെയും പുതിയ അനുഭവങ്ങള്‍ക്ക് ഇവിടം സാക്ഷ്യം വഹിക്കും.
അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം നേടിയ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് വാട്ടര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ 27 മുതൽ നടക്കേണ്ടിയിരുന്ന ജലമേള മുൻ പ്രധാനമന്ത്രി മോഹൻസിംഗ് മരിച്ചതിനെ ത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.
പകിട്ടുചാര്ത്തി ആറു വേദികള്‍
മറീന ബീച്ചിനു പുറമേ ചാലിയം ബീച്ച്, ബേപ്പൂര്‍ തുറമുഖം, പുലിമുട്ട്, ബ്രേക്ക് വാട്ടര്‍, ഹാര്‍ബര്‍ റോഡ് എന്നീ സ്ഥലങ്ങള്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് വേദിയാകും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുമായി ചേര്‍ന്നാണ് ബേപ്പൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പ്രദേശവാസികളുടെ മനസറിഞ്ഞ് അവര്‍ക്കുവേണ്ടിയും സര്‍പ്രൈസുകള്‍ ഫെസ്റ്റ് ഒരുക്കി വച്ചിട്ടുണ്ട്. പ്രദേശവാസികൾക്കായി മത്സ്യബന്ധനം, വലയിറക്കൽ, മരവള്ളം തുഴയൽ, ചൂണ്ടയിടല്‍ തുടങ്ങിയ മത്സരങ്ങളും നടക്കും.
ടൂറിസം, പ്രാദേശിക സംസ്കാരം, ബേപ്പൂരിന്റെ സമുദ്ര പാരമ്പര്യം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. പ്രദേശത്തെ പരമ്പരാഗത കരകൗശല വിദഗ്ധരുടെയും കരകൗശല വിദഗ്ധരുടെയും കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദി കൂടിയാണിത്.
കോസ്റ്റ് ഗാര്‍ഡിനെ അറിയാം, നാവികസേനയെയും...
നാലിന് എട്ടിന് ബേപ്പൂര്‍ ബ്രേക്ക് വാട്ടറില്‍ സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് മത്സരങ്ങളോടെയാണ് വാട്ടര്‍ ഫെസ്റ്റിന് തുടക്കമാവുക. ബേപ്പൂര്‍ ബീച്ചില്‍ സെയ്ലിംഗ് മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറു മണി വരെയാണ് ബേപ്പൂര്‍ ബീച്ചിന്റെ ആകാശത്ത് നൂറുകണക്കിന് പട്ടങ്ങള്‍ വര്‍ണ വിസ്മയം തീര്‍ക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുക.
ബേപ്പൂര്‍ ബ്രേക്ക് വാട്ടറില്‍ ഫ്ളൈ ബോര്‍ഡ് ഡെമോ, ഡിങ്കി ബോട്ട് റേസ് എന്നിവയും ബേപ്പൂര്‍ മറീനയില്‍ പാരാമോട്ടോറിംഗ്, കോസ്റ്റ്ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ ഫ്ളൈ പാസ്റ്റും നടക്കും. ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ട് ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശനം സൗജന്യമായിരിക്കും.
ആകാശക്കാഴ്ചയൊരുക്കി എയര്ഷോ
കോഴിക്കോട്: ടൂറിസംവാട്ടര് ഫെസ്റ്റ് നാലാം പതിപ്പില്‍ വിസ്മയം തീര്‍ക്കാന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എയര്‍ഷോയും. ബേപ്പൂര്‍ മറീന ബീച്ചിലാണ് എയര്‍ ഫോഴ്സ് വിസ്മയക്കാഴ്ച ഒരുക്കുന്നത്. നാലിന് ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ നാലു വരെയാണ് എയര്ഷോ. ഇതിന്റെ പ്രാഥമിക പരിശോധനയും ട്രയല്‍ റണ്ണും നടന്നു ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റില്‍ ഇതാദ്യമായാണ് എയര്ഷോ സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഏറ്റവും ആകര്‍ഷക കാഴ്ചകളിലൊന്നായിരിക്കും ജലകായിക മത്സരങ്ങള്‍ക്കും വിനോദങ്ങള്‍ക്കും പുറമേ ഇത്തരം വ്യത്യസ്തങ്ങളായ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ വാട്ടര്‍ ഫെസ്റ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.ഫെസ്റ്റിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ക്ക് നാലിന് രാവിലെ എട്ടിന് തുടക്കമാകും.