ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
Thursday, January 2, 2025 1:15 PM IST
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ടുണ്ട്. അതിവിടെ ആവർത്തിച്ച് എഴുതിയിടുകയും ചെയ്തിട്ടുണ്ട്. പക്ഷെ എങ്ങനെയാവരുത് എന്റെ മരണമെന്ന് മാത്രം പറഞ്ഞിട്ടില്ല. നിങ്ങൾക്ക് എങ്ങനെ മരിക്കാനാണിഷ്ടം? ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ചിന്തിക്കണം. :)
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ആശുപത്രിയിലുണ്ടായ രണ്ടു സംഭവങ്ങൾ പറയാം. രണ്ടും മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും രണ്ടുതരം ഉദാഹരണങ്ങളാണ്.
കേസ് നം.1 :
84 വയസുള്ള ഹൃദ്രോഗിയായ അപ്പൂപ്പനെ പെട്ടെന്നുണ്ടായ അബോധാവസ്ഥയിൽ ആശുപത്രിയിൽ കൊണ്ടുവരുന്നു. തലയുടെ സ്കാൻ ചെയ്തപ്പോൾ തലച്ചോറിൽ വലിയൊരു രക്തസ്രാവമാണ്. ഇത്രയും വലിയ രക്തസ്രാവത്തിന്റെ ചികിത്സ എത്രയും വേഗം സർജറി ചെയ്യുക എന്നതാണ്.
രോഗിയുടെ പ്രായം, മറ്റു രോഗങ്ങൾ, നിലവിലെ ശാരീരികാവസ്ഥ എന്നിവ വച്ച് നോക്കുമ്പോൾ സർജറി ചെയ്താലും രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ്. അഥവാ ജീവൻ രക്ഷപ്പെട്ടാലും ഒരു വെജിറ്റേറ്റീവ് സ്റ്റേറ്റിൽ അങ്ങനെ കിടക്കുകയേ ഉള്ളൂ.
ഇക്കാര്യങ്ങളെല്ലാം മക്കളോടും മറ്റ് ബന്ധുക്കളോടും പറഞ്ഞു. ഇത്രയും റിസ്കെടുത്ത് ഓപറേഷനൊക്കെ ചെയ്താലും നിങ്ങൾക്കോ രോഗിക്കോ ഗുണപ്രദമായ ഒരു റിസൾട്ട് കിട്ടാൻ സാധ്യതയില്ലാ എന്ന് വ്യക്തമായി തന്നെ പറഞ്ഞു. അതുകൊണ്ട് വെറുതേ സർജറി ചെയ്യണോ?
ഓപറേഷൻ ചെയ്തില്ലെങ്കിൽ എന്തായാലും മരിച്ചു പോകുമല്ലോ, അതുകൊണ്ട് റിസ്കാണെങ്കിലും സർജറി ചെയ്യണമെന്നാണ് മക്കളുടെ ആവശ്യം. ഏതവസ്ഥയിലാണെങ്കിലും അച്ഛനെ ജീവനോടെ കിട്ടിയാൽ മതി, ഞങ്ങൾ നോക്കിക്കോളാം. അങ്ങനെ സർജറി കഴിഞ്ഞു, രോഗിയുടെ ജീവൻ രക്ഷപ്പെട്ടു.
ജീവൻ മാത്രം. രോഗി വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നു. ഒരാഴ്ച കഴിഞ്ഞപ്പൊ ട്രക്കിയോസ്റ്റമി ചെയ്തു. പതിയെ വെന്റിലേറ്ററിന്റെ സപ്പോർട്ട് കുറച്ചു കൊണ്ടു വന്നു. മൂക്കിലും കഴുത്തിലും മൂത്രത്തിനും ഒക്കെ ട്യൂബിട്ട, ജീവനുള്ള ഒരു മാനിക്യൂർ പോലെ അപ്പൂപ്പൻ കിടന്നു. നെഞ്ചിൽ അണുബാധ. വില കൂടിയ ആന്റിബയോട്ടിക്കുകൾ.
പതിയെ പതിയെ ബന്ധുക്കളൊക്കെ കൊഴിഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും മക്കൾക്കും മനസ് മാറിത്തുടങ്ങി. നേരിയ മടുപ്പ്. കൈയിലെ കാശൊക്കെ തീരുന്നു, ജോലിക്ക് പോകാൻ പറ്റുന്നില്ല.
ഇത്രയും ചെയ്തിട്ടും രോഗിക്ക് ഒരു മാറ്റവും വരുന്നുമില്ല. ഈ അവസ്ഥയിൽ നിന്ന് വലിയ മാറ്റം വരാൻ സാധ്യതയില്ലായെന്ന് ആദ്യ ദിവസം പറഞ്ഞതൊക്കെ അവർ മനപ്പൂർവ്വം മറന്നു പോയിരുന്നു. ഫ്രസ്ട്രേഷൻ പതിയെ പതിയെ കൂടുന്നു.
ഏതോ ബന്ധുവിന്റെ ഉപദേശം സ്വീകരിച്ച് ചികിത്സ കുറേക്കൂടി സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് അവർ മാറ്റുന്നു. അവിടെയവർ ഭക്ഷണം കൊടുക്കാനായി വയറ്റിലും കൂടി ഒരു ട്യൂബിടുന്നു. അതിന്റെ കോംപ്ലിക്കേഷൻസ്. ദീർഘനാളായി ട്യൂബിലായതിനാൽ യൂറിനറി ഇൻഫക്ഷൻ.
വീണ്ടും ന്യുമോണിയ. ദേഹം പൊട്ടി വ്രണമുണ്ടാകുന്നു. എത്രയൊക്കെ പ്രതിരോധിക്കാൻ ശ്രമിച്ചാലും ഇതൊക്കെ ഉണ്ടാവുമെന്നത് മുൻകൂട്ടി കണ്ടാണ് ആദ്യ ദിവസം തന്നെ എല്ലാം വിശദമായി പറഞ്ഞത്.
ലക്ഷങ്ങൾ ചെലവാക്കിയിട്ടും ഇന്നും ആ രോഗിക്ക് ഒരു രീതിയിലുള്ള മാറ്റവുമില്ല. എന്നാൽ മരിച്ചതുമില്ല. മരിക്കാൻ അനുവദിക്കുകയും ഇല്ല.
കേസ് നം.2 :
89 വയസുള്ള മറ്റൊരപ്പൂപ്പൻ. സമാനമായ രോഗാവസ്ഥയും ബന്ധുക്കളും. ഇതുപോലെ തന്നെ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു കൊടുത്തു. അവർ ആലോചിച്ച ശേഷം, സർജറി വേണ്ടാ എന്ന തീരുമാനത്തിലെത്തി.
രോഗിയെ ഐസിയുവിൽ അഡ്മിറ്റാക്കി, സപ്പോർട്ടീവായിട്ടുള്ള ചികിത്സകൾ എല്ലാം നൽകി. മൂന്നാം ദിവസം അദ്ദേഹം മരിച്ചു. സ്വാഭാവികമായ മരണം.
****
ഈ രണ്ടു കേസുകളിലും മക്കൾക്ക് അച്ഛനോട് സ്നേഹമുണ്ട്. ആർക്കാണ് കൂടുതൽ സ്നേഹമെന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ആരായിരുന്നു ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തത് എന്ന് ചോദിച്ചാൽ എന്റെ വ്യക്തിപരമായ ഉത്തരം രണ്ടാമത്തെ കൂട്ടർ എന്നാണ്.
ആയുസിന്റെ 90 ശതമാനവും ജീവിച്ച മനുഷ്യരെ, ഒന്നും ഓർക്കാൻ കഴിയാതെ, ആരെയും തിരിച്ചറിയാൻ കഴിയാതെ, പരസഹായമില്ലാതൊന്ന് ഉമിനീരിറക്കാൻ കൂടി കഴിയാത്ത അവസ്ഥയിൽ സ്നേഹത്തിന്റെ പേരിൽ വെറുതേയിങ്ങനെ കഷ്ടപ്പെടുത്തുന്നത് ഒക്കെ ക്രൂരതയാണെന്നാണ് തോന്നാറുള്ളത്.
പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ പല കാരണങ്ങൾ കൊണ്ടും ബന്ധുക്കൾക്ക് പ്രയാസമാണെന്നത് മനസിലാക്കാതെയല്ല ഈ പറയുന്നത്. ബന്ധുക്കളിൽ പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാവുക, രോഗിയോടുള്ള വൈകാരികമായ അടുപ്പം, ചികിത്സിച്ചില്ല എന്ന കുറ്റബോധം, നാട്ടുകാരെന്ത് വിചാരിക്കും എന്ന ചിന്ത ഇങ്ങനെ പല ഘടകങ്ങളും ആ സമയത്തെ തീരുമാനത്തെ സ്വാധീനിക്കും.
എനിക്ക് എന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ ആരെയും തിരിച്ചറിയാതെ, കുറേ ട്യൂബുകളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ ജീവൻ മാത്രം നീട്ടിക്കിട്ടുന്നതിനോട് യാതൊരു താൽപ്പര്യവുമില്ല. എന്നെപ്പോലെ തന്നെ ഇതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാവും. ആ അവസ്ഥയിൽ എത്തിയ ശേഷം നമുക്കിതൊന്നും ആരോടും പറയാൻ പറ്റില്ലല്ലോ. അപ്പൊൾ നമ്മൾ എന്തു ചെയ്യും?
നമുക്ക് അതിപ്പോഴേ ചെയ്യാം. എഴുതി വയ്ക്കാം. എന്നുവച്ചാൽ അധികം കഷ്ടപ്പെടുത്താതെ സ്വാഭാവികമായി മരിക്കാൻ അനുവദിക്കണമെന്ന് നമുക്കിപ്പൊഴേ എഴുതി വയ്ക്കാൻ കഴിയും. അതിന് ‘ലിവിംഗ് വിൽ’ എന്നാണ് പറയുന്നത്.
എല്ലാവരും മരിക്കും. ജീവിതത്തിൽ ഏറ്റവും ഉറപ്പുള്ള കാര്യം അത് മാത്രമാണ്. പക്ഷെയത് സ്വയം കഷ്ടപ്പെട്ടും വേണ്ടപ്പെട്ടവരെയെല്ലാം കഷ്ടപ്പെടുത്തിയും ആവരുതെന്ന ആഗ്രഹമുള്ളവർക്ക് നല്ലൊരാശയമാണീ ലിവിംഗ് വിൽ.
ആകെയുള്ള വീടും പുരയിടവും ഒക്കെ വിറ്റും കടം മേടിച്ചും ലോണെടുത്തും ഒക്കെ ചികിത്സിച്ചിട്ടും അവസാനം രോഗി മരിക്കുകയോ ജീവച്ഛവമായി കിടക്കുകയോ ചെയ്യുന്ന അവസ്ഥ പലപ്പോഴും കണ്ടിട്ടുണ്ട്. അതുപോലെ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്, നമുക്കിത്രയും ചികിത്സാ സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അയാളുടെ ഭാര്യക്കും മക്കൾക്കും കേറിക്കിടക്കാൻ ഒരു വീടെങ്കിലും ബാക്കിയുണ്ടായിരുന്നേനെ എന്നൊക്കെ.
അതുപോട്ടെ, അതൊക്കെ ഇതിന്റെ മറ്റൊരു വശമാണ്. എല്ലാറ്റിനും നമുക്ക് പരിഹാരമൊന്നും കാണാനാവില്ലല്ലോ. പരമാവധി മനുഷ്യത്വത്തോടെയും സഹവർത്തിത്തത്തോടെയും ഇടപെടുക എന്നതേ പറ്റൂ. പക്ഷേ ലിവിംഗ് വിൽ, നല്ലൊരാശയമാണ്.
നന്നായി ജീവിക്കുന്നത് പോലെ, ഒരാളുടെ അവകാശമാണ് മാന്യമായി മരിക്കുക എന്നതും. ആരോഗ്യമില്ലാതെ ആയുസുമാത്രം നീട്ടിക്കിട്ടുന്ന ജീവിതം നമുക്ക് സന്തോഷം നൽകില്ലല്ലോ. സ്നേഹത്തിന്റെ ബാധ്യതയോ കുറ്റബോധത്തിന്റെ മുറിവുകളോ ശേഷിപ്പിക്കാതെ, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ, ബഹളങ്ങളില്ലാതെ സ്വാഭാവികമായങ്ങ് മരിച്ചു പോകാൻ കൂടി നമുക്ക് കഴിയണം.
(ഞാനും ഉടനെ തയ്യാറാക്കുന്നുണ്ട് എന്റെ ലിവിംഗ് വിൽ. :)
മനോജ് വെള്ളനാട്
വളരെ ഗൗരവമുള്ള അർത്ഥവത്തായ കാര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു എഫ് ബി പോസ്റ്റാണിത്. ജീവിതത്തിന്റെ പല ഘട്ടങ്ങളെയും ഈ പോസ്റ്റിൽ കാണാം. ഒരുപാട് പേർ നിരവധി സംശയങ്ങളും ആശങ്കകളുമായി ഡോക്ടർ മനോജിന്റെ പോസ്റ്റിനു താഴെ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. അത് സ്വാഭാവികമാണ്.
പക്ഷേ ഒരു കാര്യം ഉറപ്പാണ് - ആശുപത്രികളും ചികിത്സകളും മരുന്നുകളും നമ്മുടെ ജീവിതത്തിന്റെ നിത്യ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ലിവിംഗ് വിൽ വരും ദിവസങ്ങളിൽ ഇതിലേറെ ചർച്ച ചെയ്യപ്പെടും.
എന്താണ് ലിവിംഗ് വിൽ? എങ്ങനെയാണത് എഴുതേണ്ടത്?
1. ഒരാൾക്ക് ഏതെങ്കിലും രോഗം ബാധിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കില്ല എന്ന അവസ്ഥയാണെങ്കിൽ ചികിത്സ നിർത്തി വയ്ക്കുകയോ ചികിത്സയായി ഒന്നും തന്നെ ചെയ്യാതിരിക്കുകയോ ചെയ്യാൻ അയാൾ തന്നെ നേരത്തേ എഴുതി വയ്ക്കുന്ന നിയമപരമായ രേഖയാണ് ലിവിംഗ് വിൽ.
2. മുദ്രപത്രമോ മറ്റു സർക്കാർ രേഖകളോ അപേക്ഷകളോ ഒന്നും ഇതിനാവശ്യമില്ല. ഒരു വെള്ളപ്പേപ്പറിൽ നമ്മുടെ ആവശ്യം എന്താണോ അത് വ്യക്തമായി എഴുതിയാൽ മതി.
3. ലിവിംഗ് വിൽ എഴുതുന്ന ആളിന് 18 വയസിന് മുകളിൽ പ്രായം ഉണ്ടാവണം.
4. വിൽ എഴുതുന്ന സമയത്ത് വസ്തുനിഷ്ഠമായി തീരുമാനങ്ങൾ എടുക്കാനുള്ള മാനസികാരോഗ്യം ഉള്ള ആളായിരിക്കണം.
5. ആരുടെയെങ്കിലും നിർബന്ധമോ താൽപ്പര്യമോ പ്രകാരമാകരുത് ആ തീരുമാനം.
6. ഏതൊക്കെ രോഗാവസ്ഥയിൽ ലിവിംഗ് വിൽ ഉപയോഗിക്കണം എന്ന് വ്യക്തമായി എഴുതണം. ഉദാഹരണം :
a) രക്ഷപ്പെടുമെന്ന് ഉറപ്പില്ലെങ്കിൽ എന്നെ ഐസിയുവിൽ കിടത്തരുത്. വെന്റിലേറ്റർ സപ്പോർട്ട് നൽകരുത്.
b) ഡയാലിസിസ്, അവയവം മാറ്റി വയ്ക്കൽ പോലുള്ളവ ഒന്നും എനിക്ക് ചെയ്യേണ്ടതില്ല.
c) എനിക്ക് ചികിത്സിച്ചാൽ ഭേദമാകാത്ത കാൻസറാണെങ്കിൽ സർജറിയോ റേഡിയേഷനോ ചെയ്യരുത്. വേണ്ടി വന്നാൽ വേദന സംഹാരികൾ മാത്രം നൽകാം. etc.
7. ഈ എഴുതിയത് രണ്ട് പേർ സാക്ഷ്യപ്പെടുത്തണം. അവർ അടുത്ത ബന്ധുക്കളോ നമുക്ക് അസുഖം വന്നാൽ തീരുമാനമെടുക്കാൻ ബാധ്യസ്ഥരോ ആയവർ ആയാൽ നല്ലത്. പക്ഷെ മുതിർന്ന ആർക്കും സാക്ഷിയാവാം.
8. ഈ സാക്ഷ്യപ്പെടുത്തിയ ഡോക്യുമെന്റ് ഒരു ഗസറ്റഡ് ഓഫീസറോ നോട്ടറിയോ കൗണ്ടർ സൈൻ ചെയ്യണം. ഇപ്പോഴത് ഒരു ലീഗൽ ഡോക്യുമെന്റായി. ഇതിന്റെ കോപ്പി സുരക്ഷിതമായി വയ്ക്കുക.
9. ഭാവിയിൽ ലിവിംഗ് വിൽ നൽകിയ ആൾ രോഗാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഈ ഡോക്യുമെന്റ് ചികിത്സിക്കുന്ന ഡോക്ടറെ കാണിക്കുക. അതിലെഴുതിയിരിക്കുന്ന രീതിയിൽ ചികിത്സ നൽകാതിരിക്കാൻ ഡോക്ടർക്ക് കഴിയും.
10. ഒരിക്കൽ വിൽ നൽകിയാൽ, പിന്നീട് മനസ് മാറി അത് പിൻവലിക്കണമെങ്കിലും ഒരു തടസവുമില്ല.
11. ലിവിംഗ് വിൽ നൽകിയ വ്യക്തിയുടെ ബന്ധുക്കളിൽ ചിലർക്ക് അതിന് വിരുദ്ധമായ അഭിപ്രായമുണ്ടായാലും നിയമപരമായി ലിവിംഗ് വില്ലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കായിരിക്കും മുൻഗണന.
12. ഇനി ലിവിംഗ് വിൽ നൽകിയ വ്യക്തിക്ക് ഇതൊന്നും അറിയാതെ അയാളുടെ ആഗ്രഹത്തിന് വിരുദ്ധമായ ചികിത്സ (ഉദാ : വെന്റിലേറ്റർ സപ്പോർട്ട് ) തുടങ്ങിക്കഴിഞ്ഞാൽ, പിന്നെയതിൽ നിന്നും പിറകോട്ട് പോകുന്നതിന് മെഡിക്കൽ ബോർഡിന്റെ പെർമിഷൻ ഒക്കെ വേണ്ടി വരും.