ചാണകം അത്ര മോശം സാധനമൊന്നുമല്ല
Friday, December 27, 2024 12:34 PM IST
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനോട് ശ്രിനീവാസൻ പറയും പോലെ ചാണകം അത്ര മോശം സാധനമൊന്നുമല്ല ദാസാ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം.
പറയാൻ പോകുന്നത് ചാണകത്തെക്കുറിച്ചാണ്...മുക്കുപൊത്തി മുഖം ചുളിക്കേണ്ട..നമ്മുടെ കന്നുകാലികളുടെ അസൽ ചാണകത്തെക്കുറിച്ചു തന്നെ. ഇപ്പോഴെന്താ ചാണകത്തെക്കുറിച്ച് ഇത്ര വാതോരാതെ പറയാനെന്ന് കരുതുന്നുണ്ടാകും.
ചാണകത്തിന് എന്നും എപ്പോഴും ഡിമാന്റുണ്ടായിരുന്നു. ചാണകം ആവശ്യത്തിന് കിട്ടാത്ത സ്ഥിതിവരെയുണ്ട് ഈ നാട്ടിൽ. അങ്ങിനെയിരിക്കെ ഇന്ത്യയിൽ നിന്ന് വൻതോതിൽ ചാണകം ഇറക്കുമതി നടത്താൻ ഗൾഫ് രാജ്യങ്ങൾ തയാറാകുന്ന ട്രെൻഡ് ഇന്ത്യയിലെ കന്നുകാലികർഷകരെ സന്തോഷത്തിലാക്കുന്നുണ്ട്.
കന്നുകാലികളുടെ ചാണകം ആർക്കും വേണ്ടാതെ ഉപയോഗശൂന്യമാകുന്പോഴാണ് ഇന്ത്യയിൽ നിന്ന് വൻ തോതിൽ ചാണകം ഇറക്കുമതി നടത്തി ഗൾഫ് രാജ്യങ്ങൾ മ്മടെ പശൂന്റെയൊക്കെ ചാണകത്തിന് ഡിമാന്റ് കൂട്ടുന്നത്.
അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടണ്‍ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയതെന്നാണ് പുറത്തുവരുന്ന ചാണകക്കണക്ക്. ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ചാണകത്തിനുള്ള ഈ ഡിമാൻഡ് ഇനിയും കുത്തനെ കൂടുമെന്നു തന്നെയാണ് ഗൾഫ് റിപ്പോർട്ടുകൾ.
ഗൾഫ് നാടുകളിൽ ക്രൂഡ് ഓയിൽ, ഗ്യാസ് ശേഖരം കൊണ്ട് സന്പന്നമായ രാജ്യങ്ങളാണ് ഇന്ത്യയിലെ ചാണകം വൻതോതിൽ ഇറക്കുമതി ചെയ്യുന്നതെന്നതും ഇന്ത്യൻ ചാണകവിപണിക്ക് ശുഭപ്രതീക്ഷ നൽകുന്നു.
എന്തിനാണ് ഗൾഫിലേക്ക് ചാണകം എന്ന സംശയമാണ് ആദ്യമൊക്കെ ഇന്ത്യക്കാർക്കുണ്ടായിരുന്നത്. പിന്നീട് ഗൾഫുകാർ തന്നെ ചാണക ഡിമാൻഡിന്റെ രഹസ്യം വെളിപ്പെടുത്തി. അടുത്തിടെ ചാണകത്തിന്റെ പ്രത്യേക ഉപയോഗങ്ങളെക്കുറിച്ച് കാർഷിക രംഗത്ത് പുതിയ കണ്ടു പിടിത്തങ്ങൾ പലതും വന്നു.
ഈന്തപ്പനകൾ കൊണ്ട് സന്പന്നമാണല്ലോ ഗൾഫ് രാജ്യങ്ങൾ. അവിടത്തെ പ്രധാന കാർഷികോല്പന്നവുമാണ് ഇത്. അടുത്തിടെ സൗദിഅറേബ്യ ഈന്തപ്പഴത്തിൽ നിന്ന് കോള വരെ ഉല്പാദിപ്പിച്ചിരുന്നു.
ഗൾഫ് നാടുകളിലെ ഈന്തപ്പഴ വിളകളുടെ വളർച്ചയ്ക്ക് ഏറ്റവുമധികം സഹായകമാകുന്ന ഒന്നാണ് ചാണകമെന്ന് അടുത്തിടെ നടന്ന ഗവേഷണങ്ങൾ വെളിവാക്കിയിരുന്നു.
ഇതോടെയാണ് ഗൾഫിലെ കാർഷികമേഖലയ്ക്ക് പ്രത്യേകിച്ച് ഈന്തപ്പന കൃഷിയുടെ മെച്ചപ്പെട്ട വിളവിനും ഉത്പാദനത്തിനുമായി ഇന്ത്യൻ ചാണകം തേടി ഗൾഫിൽ നിന്ന് അന്വേഷണങ്ങളെത്തിയത്.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്രയോ കാലങ്ങൾക്കു മുന്‍പേ തന്നെ ചാണകം കാർഷികവിളകൾക്കുള്ള നല്ല വളമായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഗൾഫിൽ അവർക്ക് ഇന്ത്യൻ ചാണകത്തിന് ഇങ്ങനെയൊരു ഗുണമുണ്ടെന്ന് തിരിച്ചറിഞ്ഞത് അടുത്തിടെയാണ്.
ഗൾഫ് രാജ്യങ്ങളിൽ കാർഷികവിളകൾക്ക്, പ്രത്യേകിച്ച് ഈന്തപ്പനകൃഷിക്ക് ചാണകം വളമായി ഉപയോഗിക്കുന്നതിലൂടെ ആകെയുള്ള ഉല്പാദനത്തിൽ വലിയ വർധനയാണുണ്ടായതെന്ന സ്ഥിരീകരണം കൂടി വന്നതോടെ ചാണകം ടണ്‍കണക്കിന് ഇറക്കുമതി ചെയ്യാൻ ഗൾഫ് രാജ്യങ്ങൾ തയാറായിക്കൊണ്ടിരിക്കുകയാണ്.
ചാണകം വളമായി ഉപയോഗിച്ചപ്പോൾ വിളകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടായത്രെ. ഇതോടെ കുവൈറ്റ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ചാണകത്തിന് ആവശ്യക്കാർ ഏറെയുണ്ടായി. ഇതാണ് ഇന്ത്യയിൽ നിന്നുള്ള ചാണകക്കയറ്റുമതി ഇരട്ടിയോളം വർധിക്കാൻ കാരണം.
ഇന്ത്യൻ ചാണകമേഖലയുടെ ഭാവി ഇപ്പോഴത്തെ കണക്കുകൂട്ടലുകൾ പ്രകാരം സന്പന്നമാണെന്നാണ് വിലയിരുത്തൽ. ഇപ്പോഴും ഭാവിയിലും ഗൾഫ് രാജ്യങ്ങളിലെ ഡിമാൻഡ് വർധിക്കുമെന്നതിനാൽ ഇന്ത്യയിലെ ചാണകകയറ്റുമതി ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്.
രാജ്യത്തെ കർഷകർക്കു മാത്രമല്ല, ഇന്ത്യയിലെ സന്പദ് വ്യവസ്ഥയ്ക്കും വൻ തോതിലുള്ള കയറ്റുമതി സംഭാവന നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്. കുവൈറ്റിന്റെ ചുവടു പിടിച്ച് മറ്റ് അറബ് രാജ്യങ്ങളും ചാണകത്തിന്റെ ഇറക്കുമതി വർധിപ്പിക്കുകയാണ്.
ഇന്ത്യയിൽ കാലങ്ങൾക്കു മുന്‍പേ ചാണകം പല ആവശ്യങ്ങൾക്കായും ഉപയോഗിച്ചുവരുന്നുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇന്ധനം, ബയോഗ്യാസ് തുടങ്ങിയവയുടെ ഉല്പാദനം, പരിസ്ഥിതി സൗഹാർദ ഉല്പന്നങ്ങളുടെ നിർമാണം, ജൈവവളം എന്നീ നിലകളിലെല്ലാം ചാണകം ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ അന്തർദേശീയ വിപണിയിൽ ചാണകത്തിന് ഇപ്പോഴാണ് ശ്രദ്ധ ലഭിക്കുന്നത്. ഇന്ത്യയിൽ ആദ്യകാലത്ത് വീടുകളുടെ മുറ്റം ചാണകംമെഴുകിയിടാറുണ്ട്. ഭസ്മമുണ്ടാക്കുന്നതിനും ചാണകം ഉപയോഗിച്ചിരുന്നു. ചാണകവറളികൾ ഉപയോഗിച്ച് മൃതദേഹം സംസ്കരിക്കാറുമുണ്ട്.
ഓണക്കാലത്ത് പൂക്കളമിടുക ചാണകം മെഴുകിയിട്ടാണ്. ഫ്ളാറ്റുകളും മറ്റും വർധിച്ചതോടെ പറന്പുകൾ പേരിനുമാത്രമായതോടെ കന്നുകാലി വളർത്തൽ കർഷകരുടെ വീടുകളിലേക്ക് മാത്രമൊതുങ്ങിയതോടെ ചാണകം കിട്ടാനില്ലാത്ത സ്ഥിതിയായി.
പണ്ടൊക്കെ കന്നുകാലികളെ അടുത്തുള്ള ഒഴിഞ്ഞ പറന്പുകളിലേക്ക് മേയാൻ വിടുന്പോൾ അവയുടെ ചാണകം വഴിയരികിൽ ധാരാളമായി കാണാമായിരുന്നു. അവ ശേഖരിച്ച് ഉണക്കി വയ്ക്കുന്നവരുണ്ടായിരുന്നു.
പിന്നീട് കന്നുകാലികളെ മേയാൻ വിടാൻ പറന്പുകളില്ലാതായി. സുഭിക്ഷമായി കിട്ടിയിരുന്ന ചാണകം പിന്നീട് കിട്ടാൻ കന്നുകാലികളെ വളർത്തുന്നവരുടെ വീടുകളിൽ ചെന്ന് ശേഖരിക്കേണ്ട സ്ഥിതിയായി.
ഒരു വിലയുമില്ലാതിരുന്ന ചാണകത്തിന് വിലവന്നതും അങ്ങിനെയാണെന്ന് പറയാം. ഇപ്പോൾ ഒരു കിലോ ചാണകത്തിന് 30 രൂപ മുതൽ 50 രൂപ വരെയാണ് വില. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ വില വർധിക്കാനുള്ള സാധ്യതകളാണുള്ളത്.
ഓണ്‍ലൈനിൽ വിൽപന നടത്തുന്ന വസ്തുക്കളിൽ ഡിമാൻഡേറെയുള്ള പ്രോഡക്ടുകളിൽ ഒന്നാണ് ഇപ്പോഴും ചാണകം. ചാണകം വൈക്കോലുമായി ചേർത്ത് വെയിലത്ത് ഉണക്കിവച്ചാണ് ഓണ്‍ലൈൻ സൈറ്റുകളിൽ വിൽപനയ്ക്കു യോഗ്യമാക്കുന്നത്.
നഗരവാസികളാണ് ഉപയോക്താക്കളിൽ ഏറെയും. ചാണകം എളുപ്പത്തിൽ ലഭ്യമല്ലാത്ത സ്ഥലങ്ങളിലുള്ളവരാണ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ പല പ്രത്യേക ആവശ്യങ്ങൾക്കായി ചാണകം ഓർഡർ ചെയ്തുവരുത്തുന്നത്.
പല പ്രമുഖ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളും കൗഡംഗ് കേക്ക് അഥവാ ചാണകം തങ്ങളുടെ പ്രോഡക്ട് മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൗഡംഗ് കേക്ക് എന്നാണ് പേരെങ്കിലും തിന്നാനുള്ള കേക്കല്ലാട്ടോ...
വിലയും അത്യാവശ്യമുണ്ട്. വിശേഷാവസരങ്ങളിൽ വീടുകളിൽ പൂജയ്ക്കും മറ്റും അഗ്നിജ്വലിപ്പിക്കുന്നതിനും നിലം ചാണകം മെഴുകുന്നതിനുമൊക്കെയാണ് ഇത്തരത്തിൽ ഓണ്‍ലൈൻ വഴി നഗരവാസികൾ ചാണകം തേടുന്നത്.
ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്. ഇവയിൽ നിന്ന് ഒരു ദിവസം ഏകദേശം 30 ദശലക്ഷം ടണ്‍ ചാണകമാണ് ലഭിക്കുക. എന്നുവച്ചാൽ ഇന്ത്യയിൽ ചാണക ഉത്പാദനം ഒട്ടും കുറവല്ല.
ഇത് വിപണിയിലെത്തിച്ചാൽ, ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയാൽ, ഉത്പന്നവൈവിധ്യവത്കരണം വഴി കൂടുതൽ ഉത്പന്നങ്ങൾ ചാണകമുപയോഗിച്ചുണ്ടാക്കിയാൽ, കയറ്റുമതി പ്രോത്സാഹിപ്പിച്ചാൽ അത് ഇന്ത്യൻ സാന്പത്തിക മേഖലയ്ക്ക് വലിയ മാറ്റമാണ് ഉണ്ടാക്കുകയെന്നതിൽ സംശയമില്ല.
ഇപ്പോൾ മനസിലായില്ലേ വിജയൻ വെറുതെ പറയുന്നതല്ലെന്ന്....ചാണകം അത്ര മോശം സാധനമൊന്നുമല്ല ദാസാ......