രാമന്തളി കീഴടക്കി കുരങ്ങുകൾ
റിപ്പോർട്ട്: പീറ്റർ ഏഴിമല
Monday, December 23, 2024 12:28 PM IST
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...പല്ല് മുറിയെ തിന്നുന്നത് കുരങ്ങുകൾ... കുരങ്ങുകളോട് കീഴടങ്ങി ഒരു ഗ്രാമം കൃഷി ഉപേക്ഷിക്കുകയാണ്. കൃഷി മാത്രമല്ല, സ്വന്തം കിടപ്പാടവും ഉപേക്ഷിച്ച് കുടിയിറങ്ങുകയാണ്.
ഒരു കാലത്ത് കൃഷിയാൽ സന്പന്നമായ ഗ്രാമം ഇന്ന് നാമാവശേഷമായിരിക്കുകയാണ്. ഏഴിമല നേവല്‍ അക്കാദമിയുടെ സമീപത്തുള്ള രണ്ടായിരം ഏക്കറോളം വരുന്ന കാടുകളില്‍ പെറ്റു പെരുകിയ കുരങ്ങുകളാണ് കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നത്.
സുരക്ഷാ കാരണങ്ങളാല്‍ നേവല്‍ അക്കാദമി അവരുടെ ചുറ്റുമതിലില്‍ വൈദ്യുതവേലി സ്ഥാപിച്ചതോടെ പുറത്തുള്ള നൂറുകണക്കിന് കുരങ്ങുകള്‍ക്ക് നേവല്‍ അക്കാദമിയുടെ കാടുകളിലേക്കെത്താൻ സാധിക്കാത്തതാണ് ഗ്രാമവാസികളുടെ ദുരിതം കൂടുതല്‍ സങ്കീര്‍ണമാക്കിയത്.
കുരങ്ങുകൂട്ടത്തിന്റെ ആക്രമണം കൂടുതലും ബാധിച്ചത് തെങ്ങുകര്ഷകരേയാണ്. കരിക്കുപോലും കിട്ടാത്ത അവസ്ഥയില്‍ തടംതുറക്കലിനും വളപ്രയോഗങ്ങള്‍ക്കും കര്‍ഷകര്‍ തയാറാകാതെ വന്നതിനാല്‍ പഞ്ചായത്തിലെ തെങ്ങുകൃഷി നാമാവശേഷമായി.
ഏഴിമല, എട്ടിക്കുളം, കക്കമ്പാറ, കുന്നരു, രാമന്തളി എന്നിവിടങ്ങളിലുള്ള ലക്ഷക്കണക്കിന് തെങ്ങുകളാണ് വര്‍ഷങ്ങളായി ആവശ്യമായ പരിചരണം ലഭിക്കാത്തതിനാല്‍ തലനേര്ത്ത് മുകളിലെ ഓലകളില്‍ മാത്രമായി അവശേഷിക്കുന്നത്.
കുരങ്ങുകളെ തുരത്താന്‍ പടക്കം പൊട്ടിക്കലുള്പ്പെടെ പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടും കുരങ്ങുകള്‍ക്കു മുമ്പില്‍ അതൊക്കെ വിഫലമായി. ഇതോടെ പല കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗവും വഴിമുട്ടി.
കുരങ്ങിന് പുറമെ മയിലുകളും കാട്ടുപന്നികളും
കുരങ്ങളുടെ ആക്രമണം വീടുകള്‍ക്ക് നേരേ തിരിഞ്ഞതോടെ കൊച്ചു കുട്ടികളെ വീടിന് പുറത്തിറക്കാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമായി. വീടുകളില്‍ പച്ചക്കറിതോട്ടം പോലും ഇല്ലാതായി. കുരങ്ങുശല്യത്തിന് പുറമെ കൂട്ടത്തോടെയെത്തുന്ന മയിലുകളുടെ ആക്രമണം പച്ചക്കറികൃഷിക്കും വിനയായി.
സമൃദ്ധമായി വാഴകൃഷി നടത്തിയിരുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ കുരങ്ങുശല്യം സഹിക്കാനാവാതെ അതിനോടും വിടപറഞ്ഞു. കപ്പക്കൃഷി കണികാണാനില്ലാത്ത അവസ്ഥയാണിപ്പോള്‍. അടുത്തകാലത്തായി കാട്ടുപന്നികള്‍ തെങ്ങിന് തൈകള്‍ കുത്തിമറിച്ചിട്ടതോടെ പറമ്പുകളില്‍ ഒന്നും വച്ചുപിടിപ്പിക്കാന്‍ പറ്റാതെയുമായി.
ഇതോടെ ഉന്നതമായ കാര്‍ഷിക പാരമ്പര്യമുള്ള രാമന്തളി പഞ്ചായത്ത് കാര്‍ഷിക ഭൂപടത്തില്‍ ഒന്നുമല്ലാതായി.
വ്യാപാരികളും ഇര
2017 മുതല്‍ നാട് കീഴടക്കിയ കുരങ്ങുകള്‍ വ്യാപാരികള്‍ക്കും തലവേദനയായി. കടകളില്‍ തൂക്കിയിടുന്ന പഴക്കുലകള്‍ക്ക് നേരേ നടക്കുന്ന ആക്രമണത്തിനു പുറമെ ബേക്കറി സാധനങ്ങള്‍ കൂടോടെ എടുത്ത് സ്ഥലം വിടാന്‍ തുടങ്ങിയതോടെ വ്യാപാരികളും കുരങ്ങുകള്‍ക്കുമുന്നില്‍ മുട്ടുമടക്കി.
അന്‍പതും അറുപതുമടങ്ങുന്ന കുരങ്ങുസംഘം വാശിയോടെയാണ് പരാക്രമങ്ങള്‍ നടത്തുന്നത്. സീസണായാല്‍ ചക്ക, മാങ്ങ, പുളി എന്നിവയൊന്നും ജനങ്ങള്‍ക്ക് കിട്ടാതെയായി. ജനലിലൂടെയും മറ്റും കടന്ന് വീടുകളില്‍ തയാറാക്കിവച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ കൈയിട്ടു വാരാന്‍ തുടങ്ങിയതോടെ കുട്ടികള്‍പോലും വിശന്നിരിക്കേണ്ട അവസ്ഥയായി.
ജലസംഭരണികളുടെ മൂടി മാറ്റി അതില്‍ ചാടി കുരങ്ങുകള്‍ കുളിക്കാന്‍ തുടങ്ങിയതിലൂടെ കൂടിവെള്ളവും മുട്ടുന്ന അവസ്ഥയിലാക്കി. ഓടുമേഞ്ഞ വീടുകളുടെ ഓടുകള്‍ ഇളക്കാനും തുടങ്ങിയതോടെ നാട്ടിലെ ജനജീവിതം തന്നെ ദുഷ്കരമായി.
കണ്ണടച്ച് വനംവകുപ്പ്
കൂടു സ്ഥാപിച്ച് പിടികൂടിയ ഏതാനും കുരങ്ങുകളെ നാടുകടത്തിയെന്നതൊഴിച്ചാല് വനംവകുപ്പിനും ഒന്നും ചെയ്യാനായില്ല. കൂടു സ്ഥാപിക്കാനായി വരുന്ന വലിയ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയുണ്ടാക്കി. പരിസ്ഥിതി സ്നേഹികളുടെ ഇടപെടലും കുരങ്ങുകളെ പിടിക്കുന്നതിന് തടസമായി.
കുരങ്ങുശല്യത്താല്‍ ജനങ്ങള്‍ വലഞ്ഞപ്പോള്‍ പഞ്ചായത്ത് ഇടപെട്ടതിനെ തുടര്‍ന്ന് കുരങ്ങുകള്‍ വരുത്തുന്ന കാര്‍ഷിക നഷ്ടങ്ങളുടെ കണക്കുകള്‍ വനം വകുപ്പിന് നല്കിയാല് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വഴിയുണ്ടാക്കാമെന്നായിരുന്നു മറുപടി.
നഷ്ടപരിഹാരത്തിനായി ദിവസവും വനംവകുപ്പിന്റെ ഓഫീസ് കയറിയിറങ്ങാനേ സമയമുണ്ടാകൂ എന്നതിനാല്‍ ഈ നിര്‍ദേശം പ്രായോഗികമല്ല എന്ന നിലപാടിലാണ് നാട്ടുകാരെത്തിയത്. രാഷ്ട്രദീപികയുള്പ്പെടെയുള്ള മാധ്യമങ്ങള്‍ രാമന്തളി പഞ്ചായത്തിലെ വന്യമൃഗശല്യം പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടും അധികൃതര്‍ക്ക് കുലുക്കമൊന്നുമുണ്ടായില്ല.
നിയമംമൂലം കുരങ്ങുകള്‍ക്ക് ലഭിക്കുന്ന സംരക്ഷണം പോലും ജനങ്ങള്‍ക്ക് ലഭിക്കില്ല എന്ന ബോധ്യമുണ്ടായതോടെ രാമന്തളി പഞ്ചായത്തിലെ ജനജീവിതം വഴിമുട്ടിയിരിക്കുകയാണ്.
സർക്കാരും കൈയൊഴിഞ്ഞു
നവകേരള സദസില്‍ രാമന്തളിയിലെ വന്യമൃഗ ശല്യത്തിനെതിരേ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കേരളത്തിലെ പത്തോളം പഞ്ചായത്തുകളാണ് സമാനമായ ദുര്ഗതിയനുഭവിക്കുന്നതെന്ന് വിവിധയിടങ്ങളില്‍നിന്നും ലഭിച്ച പരാതികളില്‍ വ്യക്തമായിരുന്നു.
ഇതേത്തുടര്‍ന്ന് രാമന്തളിയിലെ കുരങ്ങ് ശല്യത്തിന് പരിഹാരമായി കൂടുവച്ച് കുരങ്ങുകളെ പിടിച്ച് നാടുകടത്താന്‍ വനംവകുപ്പിനോട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് രാമന്തളിയില്‍ ജനകീയ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ രാമന്തളിയില്‍ കൂടു സ്ഥാപിക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍, രണ്ടാഴ്ച കഴിഞ്ഞിട്ടും കൂടുമില്ല ആളുമില്ല എന്നതാണവസ്ഥ. കൂടുവച്ചാല്ത്തന്നെ ആയിരക്കണക്കിന് കുരങ്ങുകളെ എങ്ങിനെ പിടികൂടുമെന്ന കാര്യത്തിലും ആശങ്ക നിലനില്ക്കുന്നു.