മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
ഋഷി
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാട്ട് പാടാത്ത മലയാളി ഉണ്ടാവില്ല.
അന്യനാട്ടിൽ ചോര നീരാക്കി പണിയെടുക്കുമ്പോൾ നാട്ടിലെ ഇത്തിരി മണ്ണിൽ കൃഷി ചെയ്ത് പൊന്നുവിളിയിക്കാൻ മോഹിക്കുന്ന ഒരുപാട് പ്രവാസി മലയാളികളുണ്ട്.
എന്നാൽ ഇത് സ്വപ്നങ്ങളുടെയോ മോഹങ്ങളുടെയോ കഥയല്ല. മരുഭൂമിയെ പച്ചപ്പട്ടുടുപ്പിക്കുന്ന ഒരു കൂട്ടം മലയാളികളുടെ കഥയാണ്. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക സാങ്കേതിക രംഗങ്ങളിൽ ഏറ്റവും മികച്ച സേവനം നടത്തിവരുന്ന എൻജിനീയർമാരുടെ കൃഷിക്കഥയാണ്.
തൃശൂർ എൻജിനീയറിംഗ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കി ഖത്തറിലെ വിവിധ എൻജിനീയറിംഗ് കമ്പനികളിൽ പ്രവർത്തിക്കുന്ന അഞ്ഞൂറോളം പേർ അംഗങ്ങളായുള്ള ക്യു ഗെറ്റ് എന്ന കൂട്ടായ്മയുടെ വിജയഗാഥകളിൽ ഹരിതാഭമായ ഒരേട്...
ഖത്തറിൽ ജോലി ചെയ്യുകയും അവിടെ താമസിക്കുകയും ചെയ്യുന്ന ഇവർ നാട്ടിൽ വീട്ടുവളപ്പിൽ പച്ചക്കറി നട്ടു വളത്തും പോലെ ഖത്തറിലെ തങ്ങളുടെ "ഉള്ള സ്ഥലത്ത് തങ്ങളാൽ കഴിയും വിധം പച്ചക്കറി കൃഷി നടത്താൻ നിശ്ചയിച്ചുറപ്പിച്ചപ്പോൾ അത് ഖത്തറിന്റെ മണ്ണിൽ അത്തറിന്റെ ഗന്ധത്തോടൊപ്പം വിഷം തൊട്ടു തീണ്ടാത്ത നല്ല നാടൻ പച്ചക്കറികളുടെ രുചി കൂടി തളിരിടുകയായിരുന്നു.
നാട്ടിലെപ്പോലെ ഗൾഫിലും വീട്ടുമുറ്റത്ത് ഒരു പച്ചക്കറി തോട്ടം - പരിമിതികൾ ഒരുപാടുണ്ടായിരുന്നെങ്കിലും മലയാളിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പരിമിതികളെല്ലാം അപാരസാധ്യതകളായി വഴി മാറി.
ക്യു ഗെറ്റ് അംഗങ്ങൾ തങ്ങളുടെ പച്ചക്കറി കൃഷി ചെറുതെങ്കിലും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോയി. പത്തു വർഷത്തിലേറെയായി ഇത്തരത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നവരുണ്ട് ഈ കൂട്ടത്തിൽ.
അടുത്തിടെ ഖത്തറിൽ ആരംഭിച്ച വേൾഡ് ഹോർട്ടിക്കൾച്ചറൽ എക്സ്പോയുടെ നടത്തിപ്പിനു ക്യു ഗെറ്റിലെ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു. മുന്പ് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിലും വോളന്റിയർമാരാകാൻ ക്യു ഗെറ്റ് അംഗങ്ങൾക്ക് ഭാഗ്യം ലഭിച്ചിരുന്നു.
വേൾഡ് ഹോർട്ടിക്കൾച്ചറൽ എക്സ്പോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തിക്കുമ്പോഴാണ് തങ്ങളുടെ പച്ചക്കറി കൃഷി കൂടുതൽ വിപുലമാക്കാൻ ഉള്ള ആശയം ഇവരിൽ ഉദിക്കുന്നത്. അങ്ങനെ ഗ്രോ യുവർ ഓൺ ഗ്രീൻ ഫുഡ് (ജിവൈജിഎഫ് ) എന്ന ഹരിതവിപ്ലവാഹ്വാനത്തിന് ക്യു ഗെറ്റ് വിത്തുപാകി.
ക്യു ഗെറ്റ് അംഗങ്ങൾക്ക് സ്വന്തം വീട്ടിൽ തന്നെ നിർവഹിക്കാവുന്ന സുസ്ഥിരമായ കൃഷി പരിശീലനമാണ് പ്രഥമമായി ഇവർ വിഭാവനം ചെയ്യുന്നത്.
"വളർത്തുക ഹരിതാഭമായ ഭക്ഷണം' എന്നത് വരാൻ പോകുന്ന തലമുറകൾക്ക് കൂടി ഉപകാരപ്രദമാകുന്ന ആശയമാണ്.
സ്വഭവനങ്ങളിലെ പരിമിത സ്ഥലവും സൗകര്യവും ഉപയോഗിച്ച് ലളിതമായരീതിയിൽ കൃഷി ചെയ്യാവുന്ന നിരവധി ചെടികളും ഫലങ്ങളും പച്ചക്കറികളുമുണ്ട്. അതിനു വേണ്ട ഉപദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക എന്നതാണ് സംരംഭത്തിന്റെ മുഖ്യലക്ഷ്യം.
നാട്ടിലെപ്പോലെ ഖത്തറിൽ കൃഷി ചെയ്യാനൊക്കെ സ്ഥലം ഉണ്ടോ എന്ന സംശയമാണ്..മിക്കവാറും എല്ലാവർക്കും ഖത്തറിൽ സ്ഥലമുണ്ട്. ഒരു വീട്ടിലേക്കുള്ള അത്യാവശ്യം പച്ചക്കറി കൃഷി ചെയ്യാൻ അവിടെ സാധിക്കും.
അതുതന്നെയാണ് നമ്മൾ ലക്ഷ്യമിടുന്നത്. പലരുടെയും താമസസ്ഥലത്ത് സ്ഥല പരിമിതികൾ ഉണ്ട്. കൃഷി ചെയ്യാൻ താല്പര്യമുണ്ടായിട്ടും അതിന് സാധിക്കാതെ വരുന്ന പലരും ഉണ്ട്. പക്ഷേ അവർ നിരാശപ്പെടേണ്ടതില്ല. എല്ലാവർക്കും കൃഷി ചെയ്യാൻ ഞങ്ങൾ ഒരു പൊതു ഇടം ക്രമീകരിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ്.
ഞങ്ങൾ അത് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അന്തിമ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് - ഗ്രോ യുവർ ഓൺ ഗ്രീൻ ഫുഡ് സംരംഭത്തിന് ചുക്കാൻ പിടിക്കുന്ന എൻജിനീയർമാരെങ്കിലും കൃഷിയിൽ മികവ് തെളിയിച്ചു കഴിഞ്ഞ ഗ്രോ യുവർ ഓൺ ഗ്രീൻ ഫുഡ് ജനറൽ കൺവീനർ ഡയസ് തോട്ടാൻ, ഡെപ്യൂട്ടി കൺവീനർ സി.കെ.അഖിൽ, സീനിയർ അംഗങ്ങളായ അഷറഫ് ചിറക്കൽ, മാധവിക്കുട്ടി എന്നിവർ പറഞ്ഞു.
മണൽ നഗരമെന്നും മരുഭൂമിയെന്നുമൊക്കെ വിളിക്കുന്നുണ്ടെങ്കിലും ഇവിടം കൃഷിക്ക് ഏറെ അനുയോജ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ തുടങ്ങിവച്ച കൃഷി വിപുലപ്പെടുത്തുന്നതിനായി മെച്ചപ്പെട്ട വിത്തുകളുടെ വിതരണവും കാർഷിക വിജ്ഞാനം സംബന്ധിച്ച ചർച്ചയും ഖത്തറിൽ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ.
എനിക്ക് കൃഷി ചെയ്ത് മുൻ പരിചയം ഇല്ല എന്ന ആശങ്ക വേണ്ട. നിങ്ങളെ നയിക്കാൻ ഒരു ടീം നിങ്ങൾക്കൊപ്പമുണ്ട്. വിദ്യാർഥികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തറിലെ ചില സ്കൂളുകളുമായി കൈകോർക്കാനും ഞങ്ങൾ പദ്ധതിയിടുന്നു - ഗ്രോ യുവർ ഓൺ ഗ്രീൻ ഫുഡ് സംരംഭത്തിന് നേതൃത്വം നൽകുന്നവർ ആത്മവിശ്വാസത്തോടെ പറയുന്നു.
വിസ്തൃതിയിൽ ചെറുതെങ്കിലും വികസനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഖത്തറിന്റെ വിവിധമേഖലകളിലുള്ള വളർച്ചയിൽ ക്യു ഗെറ്റിലെ എൻജിനീയർമാർ വഹിച്ച പങ്ക് വളരെ വലുതാണ്.
അതുകൊണ്ടുതന്നെ അവരുടെ കൃഷി എന്ന ഈ സ്വപ്നവും മരുഭൂമിയെ പച്ച പുതപ്പിക്കുമെന്ന് ഉറപ്പാണ്. തക്കാളിയും മത്തങ്ങയും കുമ്പളങ്ങയും ചുരക്കയും കോളിഫ്ലവറും കാബേജും ബ്രോക്കോളിയും എല്ലാം ഇതിനകം ഇവർ കൃഷി ചെയ്തു കഴിഞ്ഞു.
മരുഭൂമിയിലെ പ്രവാസജീവിതം മതിയാക്കി എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ മണ്ണിൽ പൊന്നു വിളയിക്കാനുള്ള കെൽപ്പുമായാണ് ഇവർ മലയാള മണ്ണിൽ കാലുകുത്തുക.