പ്രമേഹനിയന്ത്രണം: ദിവസം 5-6 നേരം കുറച്ചു കുറച്ചായി ഭക്ഷണം കഴിക്കുക
Tuesday, January 4, 2022 10:12 PM IST
പ്രമേഹബാധിതർ കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക. പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
പ്രമേഹബാധിതരിലെ മറ്റു പ്രശ്നങ്ങൾ
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം. പ്രമേഹരോഗികളിൽ വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും.
കോവിഡ്കാലത്തെ ജാഗ്രത
പ്രമേഹമുള്ളവർക്ക് കോവിഡ് 19 അണുബാധയുണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്റെ സങ്കീർണതകൾ വർധിക്കാൻ സാധ്യതയുണ്ട്. പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക. ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകൾ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കുക. പനി, ചുമ, ശ്വാസോച്ച്വാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടായാൽ വൈദ്യസഹായം തേടുക.