37 വയസുള്ള യുവതിയാണ്. രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്. അഞ്ചുവർഷം മുന്പ് പ്രസവം നിർത്താൻ ശസ്ത്രക്രിയ ചെയ്തതാണ്. ഇനി ഒരു കുഞ്ഞുകൂടി വേണമെന്ന് ആഗ്രഹമുണ്ട്. ഗർഭധാരണത്തിന് എന്തെങ്കിലും മാർഗമുണ്ടോ?
ശോഭന, പിറവം

- പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്പോൾ, അണ്ഡവാഹിനിക്കുഴലുകളുടെ ഒരു ചെറിയ ഭാഗം മുറിച്ചുമാറ്റുകയോ, അല്ലെങ്കിൽ അവിടെ ബ്ലോക്ക് ഉണ്ടാക്കുകയോ ആണ് ചെയ്യുന്നത്. പിന്നീട് ഗർഭധാരണം ആവശ്യമെന്ന് തോന്നിയാൽ ഈ രണ്ടുകുഴലുകളും കൂടി യോജിപ്പിച്ച് ഗർഭധാരണത്തിന് വഴിയൊരുക്കാം. റീകനലൈസേഷൻ (Recanalisation) എന്നാണ് ഈ ശസ്ത്രക്രിയയ്ക്ക് പറയുന്നത്. ഇത് 30 ശമതാനം മാത്രമാണ് വിജയപ്രദമാകുന്നതെന്നാണ് കണക്ക്. നിങ്ങൾക്ക് വേണമെങ്കിൽ ശ്രമിച്ചുനോക്കാം. ഗർഭധാരണത്തിന് ഏറ്റവും പറ്റിയപ്രായം 18 മുതൽ 30-35 വരെ എന്നാണ് കരുതുന്നത്. നിങ്ങൾക്ക് 37 വയസു കഴിഞ്ഞതിനാൽ വിജയശതമാനം മുൻകൂട്ടി പറയുവാൻ സാധിക്കുകയില്ല. സാധാരണ ഒരു ശസ്ത്രക്രിയയ്ക്കുള്ള റിസ്ക്കുകൾ അല്ലാതെ കൂടുതലൊന്നും ഇത്തരം ശസ്ത്രക്രിയകൾക്കില്ല. ഇപ്പോൾ രണ്ടു കുട്ടികൾ ഉള്ളതുകൊണ്ട് ആവശ്യം എന്നു തോന്നുകയാണെങ്കിൽ റീകനലൈസേഷൻ ഓപ്പറേഷൻ ചെയ്യാവുന്നതാണ്.