ടെൻഷനും സോറിയാസിസും
Tuesday, November 29, 2016 6:05 AM IST
വളരെ വ്യാപകമായി കാണുന്ന ചർമപ്രശ്നങ്ങളിലൊന്നാണ് സോറിയാസിസ്. തലയിലും മറ്റ് ശരീരഭാഗങ്ങളിലുംനിന്ന് കറുത്തതോ സിൽവറോ ആയ ചെറിയപാളികളായി ചർമം ഇളകി വരുന്നതും അത് സാവധാനം ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു ത്വക് രോഗമാണ് സോറിയാസിസ്. ചർമത്തിൽ ആണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഇത് ശരീരത്തിന്റെ ആന്തരികമായ രോഗ പ്രതിരോധ വ്യവസ്‌ഥയിലെ വ്യതിയാനങ്ങളും മറ്റ് മാനസിക ശാരീരിക സംഘർഷങ്ങളുടെ പ്രതിഫലനവുമായും ഈ രോഗത്തിന് അഭേദ്യമായ ബന്ധമുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. ന്യൂറോപെപ്റ്റൈഡ് എന്ന വസ്തുവിന്റെ അനിയന്ത്രിതമായ അളവ്, മാനസിക സംഘർഷം അനുഭവപ്പെടുന്നവരിൽ കൂടുതലാണ്. ഇത് തലച്ചോറിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്നതുപോലെതന്നെ സോറിയാസിസ് ബാധിതരിലും കാണുന്നു എന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. ഇത് ടെൻഷനും സോറിയാസിസും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നു.

സോറിയാസിസിനെ എങ്ങനെ തിരിച്ചറിയാം

തലയിൽ തുടങ്ങി, കൈമുട്ട്, കാൽമുട്ട്, കൈവള്ള, കാലിന്റെ അടിഭാഗം, ശരീരം മുഴുവനായി കാണുന്ന വലിയ ചെതുമ്പലുകളെ നമ്മൾ സോറിയാസിസ് വൾഗാരിസ് എന്നും വിളിക്കും. സോറിയാസിസ് രോഗങ്ങളിൽ ഗട്ടേറ്റ് വേഗത്തിൽ ചികിത്സിച്ചാൽ മാറ്റാവുന്നവയാണ്. തലയിൽ ആണ് പലപ്പോഴും സോറിയാസിസ് ആദ്യമായി പ്രത്യക്ഷപ്പെടാറുള്ളത്. രോഗികൾ പലപ്പോഴും പറയാറുള്ളത് താരന്റെ ശല്യം ഉണ്ടെന്നാണ്. Wood's Lamp പോലുള്ള ഉപകരണങ്ങളുടെ സഹായത്താൽ ഇത് താരൻ അല്ല എന്ന് നമുക്ക് ഉറപ്പുവരുത്താൻ കഴിയും.


പലപ്പോഴും രോഗികൾ താരൻ മാറാൻ ഉപയോഗിക്കുന്ന പല ഷാംപുകളും ഉപയോഗിച്ച് നോക്കും. മാറ്റം കാണാറില്ല എന്ന് മാത്രമല്ല രോഗം വർധിക്കുന്നതായും കാണാം. മൂന്ന് രോഗങ്ങളാണ് തലയിൽ ചെതുമ്പൽ (Scaling) ഉണ്ടാക്കുന്നത്. ഒന്നാമത് താരൻ, മറ്റേത് സെബോറിക് ഡെർമറ്റൈറ്റിസ്, മൂന്നാമത് സോറിയാസിസ്. ഇതിൽ സെബോറിക് ഡെർമെറ്റൈറ്റിസ് എന്ന രോഗമാണ് കൂടുതൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്നത്. ഈ രോഗികൾക്ക് പുരികങ്ങളിലും നെഞ്ചിലും മീശയിലും താടിയിലും കക്ഷങ്ങളിലും ഒക്കെ ഇത്തരം പൊടികളോ കുരുക്കളോ കാണാം. ഇത് സോറിയാസിസിൽ കാണാറില്ല.
(തുടരും)

ഡോ. സജിൻ എംഡി (ഹോമിയോപ്പതി)
സ്കിൻ * അലർജി വിഭാഗം ചെയർമാൻ * മാനേജിംഗ് ഡയറക്ടർ
വി. കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി, കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്.
9048624204.