അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃതിയായി പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൊല്ലം അയത്തല സ്വദേശി ലക്ഷ്മി പ്രമോദിന്റെ വിശേഷങ്ങളിലേക്ക്...

എയർ ഹോസ്റ്റസാകാൻ കൊതിച്ചു; നടിയായി

എന്റെ ലക്ഷ്യം ഒരു എയർ ഹോസ്റ്റസ് ആവുക യെന്നതായിരുന്നു. ഇപ്പോഴും മനസിൽ എവിടെയോ ആ മോഹം ഒളിഞ്ഞുകിടപ്പുണ്ട്. ഡിലീറ്റ് ചെയ്യാൻ മനസു വരുന്നില്ല. പക്ഷെ പ്രായോഗികമായി ആലോചിച്ചാൽ ഷൂട്ടിനിടയ്ക്ക് മറ്റൊന്നിനും സമയം കിട്ടില്ല. എയർഹോസ്റ്റസ് ആകാനും ക്ലാസൊക്കെ ഉണ്ടല്ലോ. അതിന് പങ്കെടുക്കാൻ കഴിയാതെ വരും. ഏതായാലും ഒരു ഡിഗ്രി എടുക്കട്ടെ. എന്നിട്ടു നോക്കാം.

യാദൃച്ഛികമായെത്തി

യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘‘മുകേഷിന്റെ കഥകൾ’’ എന്ന ടിവി പരി പാടിയിലൂടെ ഒരു കുസൃതിവേഷത്തിലായിരുന്നു തുടക്കം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അമൃത ടിവിയിലെ ഡിസ്കോ ഡാൻസർ പരിപാടിയിലൂ ടെയാണ് ഫീൽഡിലേക്ക് എത്തുന്നത്. സ്കൂൾ അധ്യാപകനും നല്ലൊരു നാടകനടനുമായിരുന്ന മുത്തച്ഛനായിരുന്നു പ്രചോദനം. ഡിസ്കോ ഡാൻസർ ട്രൂപ്പിനൊപ്പം കേരളത്തിനകത്തും പുറത്തും അനവധി സ്റ്റേജ് ഷോകൾ നടത്തി.

കല്ല് വഴിത്തിരിവായി

ഒന്നുരണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കല്ല് എന്ന ഹ്രസ്വസിനിമയിലൂടെയാണ് ഒരു വഴിത്തിരിവുണ്ടായത്. അതിലും വലിയ ഹിറ്റായത് ‘‘69’’ എന്ന ഹ്രസ്വസിനിമയാണ്. തുടരെയുള്ള ഇത്തരം ഹിറ്റുകൾ സീരിയൽ ലോകത്തിലേക്കുള്ള ഇടനാഴിയിലേക്ക് വഴി തെളിയിച്ചുതന്നു. പരസ്പരത്തിനു മുമ്പ് കുറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒടുവിൽ പരസ്പരത്തിന് സമ്മതം മൂളുകയായിരുന്നു. സൂര്യ ടിവിയിലെ ‘‘മനസ്സറിയാതെ’’യിലും ജനം ടിവിയിലെ അമൃതവർഷി ണിയിലും അഭിനയിക്കുന്നുണ്ട്.



തള്ളിപ്പറഞ്ഞവർ തിരുത്തി

ആദ്യനാളുകളിൽ വിമർശനങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമൊക്കെ ആ കൂട്ടത്തിലുണ്ട്. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അഭിനയം തുടങ്ങിയിരുന്നു. സ്കൂളിൽ പലരും എന്നോടു സംസാരിക്കാതെ തന്നെയായി. സുഹൃത്തുക്കൾ പലരെയും ഇതിന്റെ പേരിൽ നഷ്ടപ്പെട്ടു. സ്കൂളിൽ നടത്തിയ ഒരു കൂട്ടായ്മപ്പരിപാടിക്കു പോലും എന്നെ വിളിച്ചില്ല. ഞങ്ങൾ താമസിക്കുന്ന കൊല്ലത്തെ വീടിന്റെ തൊട്ടടുത്തായി ഒരു ക്ഷേത്രമുണ്ട്. അവിടെ ഒരു ഡാൻസ് പ്രോഗ്രാം ചെയ്യണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടു പോലും സമ്മതിച്ചില്ല. ഞാൻ വെറും ഒരു ബിഗ് സീറോയാണെന്ന് കരുതി വിഷമിച്ചിരുന്ന കാലമായിരുന്നു അതെല്ലാം. പക്ഷേ, പരസ്പരത്തിലൂടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടു കൂടി നേരത്തേ തള്ളിപ്പറഞ്ഞ ആളുകൾ എല്ലാം തിരിച്ചുപറയാൻ തുടങ്ങി. മിക്കവരും എന്നെത്തേടിയെത്തി. ആ ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഗസ്റ്റായി ക്ഷേത്രത്തിലെ ഒരു പരിപാടിക്ക് എന്നെ വിളിച്ചു. പഴയ സുഹൃത്തുക്കൾ മെല്ലെമെല്ലെ വിളിച്ചു തുടങ്ങി. ഇതെല്ലാം ഒരു സെലിബ്രിറ്റി എന്ന ലേബൽ ഉണ്ടായതു കൊണ്ടു മാത്രമല്ലേ. അതുകൊണ്ട് തന്നെ ഞാൻ അന്നത്തെ കയ്പേറിയ അനുഭവങ്ങൾക്കു ശേഷം പിന്നീട് എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്. അതിരുവിട്ട് ആരോടും അടുപ്പം കാണിച്ചിട്ടില്ല.

ഞാൻ ബോൾഡാണ് ജീവിതത്തിൽ. പ്രത്യേകിച്ചും ഒരു പ്ലസ് ടുവിൽ എത്തിയപ്പോഴാണല്ലോ ഷൂട്ടിനു പോകുമ്പോഴുള്ള വിമർശനവും മറ്റും ഉണ്ടായത്. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ എനിക്ക് ഞാൻ മാത്രമേയുള്ളു എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവയെല്ലാം.

ഗോസിപ്പ് ഐ ഡോണ്ട് കെയർ ഗോസിപ്പ് തുടക്കം മുതൽ തന്നെ ഉണ്ട്.

ഷോർട്ട് ഫിലിമിൽ അഭിനയിച്ചപ്പോൾ ചിലർ ആ ടീമിലുള്ളവരെ ചേർത്ത് ഇല്ലാത്ത കഥകൾ മെനഞ്ഞു. പരസ്പരത്തിൽ എത്തിയിട്ട് അങ്ങനെ ഗോസിപ്പിന്റെ പ്രശ്നങ്ങൾ വലുതായിട്ടൊന്നുമില്ല. നേരത്തെയൊക്കെ എന്തെങ്കിലും എന്നെക്കുറിച്ച് ഇല്ലാത്തതു പറഞ്ഞു കേൾക്കുമ്പോൾ വിഷമമായിരുന്നു. പിന്നീട് മനസിലായി ഇതൊക്കെ ഈ ഫീൽഡിൽ ഒരു സ്‌ഥിരം സംഭവമാണെന്ന്. മുമ്പ് എന്റെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം അനാമികയെന്ന ഒരു ഷോർട്ട് ഫിലിം ചെയ്തു. ഫേസ് ബുക്ക് തട്ടിപ്പിൽ പെൺകുട്ടികൾ ഇരയാക്കപ്പെടുന്ന വിഷയമായിരുന്നു. പക്ഷ ഷൂട്ട് ചെയ്തു കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. ഇത്തരം വിഷയമാണെങ്കിലും അശ്ലീലമായിട്ടുള്ള ഒരു രംഗവുമില്ല. അതിൽ ഒരു ഡയലോഗുണ്ട്. ‘‘ഈ കാണുന്നതൊന്നുമല്ല, ഇനി കാണുന്നതാണ് എന്റെ ശരീരം’’ എന്ന്. ഇതു കഴിഞ്ഞ് എന്റെ ഷർട്ട് അഴിക്കുന്ന ഒരു രംഗമുണ്ട്. എന്റെ പുറകുവശമാണ് കാണിക്കുന്നത്. പക്ഷേ പിന്നീട് അത് വാട്സ് അപ്പിലൂടെയും മറ്റും തെറ്റായ രീതിയിൽ വാർത്ത പ്രചരിച്ചുവന്നു. പ്രശസ്തിക്കു വേണ്ടി കൊച്ചിക്കാരി സ്വന്തം ശരീരം തുറന്നു കാണിച്ചു എന്നായിരുന്നു തലക്കെട്ട്. എന്റെ ഭർത്താവ് പറഞ്ഞിട്ടാണ് ഞാൻ ഈ വാർത്ത അറിഞ്ഞത്. ഈ ഷൂട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ ഭർത്താവിനോട് സമ്മതം ചോദിച്ചിട്ടാണ് ചെയ്തത്. ഇപ്പോഴും ഹോട്ട് ക്ലിപ്സ് എന്നൊക്കെ പറഞ്ഞ് ഇന്റർനെറ്റിൽ എന്തൊക്കെയോ കിടപ്പുണ്ട്. പക്ഷേ, ഞാൻ പറഞ്ഞില്ലേ, ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ഐ ഡോണ്ട് കെയർ’’


പ്രണയവിവാഹം

8–ാം ക്ലാസ് മുതൽ ഞങ്ങൾ പ്രണയത്തിലായിരുന്നു. ഒരേ സ്കൂളിൽ ആണ് പഠിച്ചത്. സ്കൂളിൽ പ്രേമം ഹിറ്റായപ്പോൾ സ്കൂൾ അധികൃതർ എന്റെ ഒപ്പം നിന്നു. ഭർത്താവിനെ സ്കൂളിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. വീട്ടിലെ എതിർപ്പു കൂടിയാകുമ്പോൾ പിന്നെ നേരിട്ട് ഒന്നു കാണാനും വഴിയില്ലല്ലോ. പിന്നീട് ഫേസ് ബുക്ക് വഴി ഞങ്ങൾ വീണ്ടും ബന്ധം തുടർന്നു. പക്ഷേ അപ്പോഴേക്കും ഞാൻ സെലിബ്രിറ്റിയായതു കൊണ്ട് ആരും അത്ര ശ്രദ്ധിച്ചില്ല. ആരും അറിയാതെ റജിസ്റ്റർ വിവാഹം നടത്തി. മാസങ്ങളോളം ഞങ്ങൾ രണ്ടുപേരും അവരവരുടെ വീടുകളിൽത്തന്നെ താമസിച്ചു. ആരും ഒന്നും അറിഞ്ഞില്ല. പക്ഷേ ഇതുപോലെ ഇനിയും എത്രകാലം എന്ന ചിന്ത മനസിൽ അലട്ടിക്കൊണ്ടേയിരുന്നു. വീട്ടിൽ പറഞ്ഞാൽ എങ്ങനെ സ്വീകരിക്കും എന്നറിയില്ലായിരുന്നു. ഒരു ദിവസം അറിയിച്ചു. പക്ഷേ വീട്ടുകാർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ഹസ്ബൻഡിന്റെ പള്ളിയിലും പ്രശ്നമായി. എങ്കിലും രണ്ടു വീട്ടുകാരും തീരുമാനിച്ച് രണ്ടു മതാചാരപ്രകാരം വീട്ടിൽ ലളിതമായ ചടങ്ങു നടത്തി.

വിവാഹശേഷം അഭിനയിക്കാൻ വിടുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല. വീട്ടിൽ ഉപ്പയും ഉമ്മയും ഹസ്ബൻഡും വളരെ നല്ല സപ്പോർട്ടാണ് തന്നത്.

നെഗറ്റീവ് റോളും ചെയ്യും

നെഗറ്റീവ് കാരക്ടറാണ് അമൃതവർഷിണിയിലും മനസ്സറിയാതെയിലും കിട്ടിയത്. നെഗറ്റീവ് ആകുമ്പോൾ പല ഇമോഷൺസും പ്രകടിപ്പിക്കാൻ അവസരം കിട്ടുമല്ലോ.

ആരാധികയുടെ തല്ലും കിട്ടി

‘‘സ്മൃതി... സ്മൃതി...’’ എന്ന് കഥാപത്രത്തിന്റെ പേര് വിളിച്ചാണ് ജനം അടുത്തേക്ക് വരാറുള്ളത്. മറ്റു സീരിയൽ പോലെയല്ലല്ലോ. പരസ്പരം സീരിയൽ പുരുഷന്മാരും ഒരുപാടു പേർ കാണുന്നുണ്ട്. വഴിയിൽ വച്ച് എന്നെ കണ്ടാൽ പ്രായഭേദമെന്യേ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമൊക്കെ പരസ്പരത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കാനും പരിചയപ്പെടാനും അടുത്തേക്ക് വരും. പരസ്പരത്തിൽ സ്മൃതി പാവമാണെങ്കിലും ഇടയ്ക്ക് വില്ലത്തരം പ്രകടിപ്പി ക്കുന്നുണ്ടല്ലോ. ആ രംഗങ്ങൾ ടെലികാസ്റ്റ് ചെയ്ത സമയത്ത് ഞാൻ ഒരു അമ്പലത്തിനകത്ത് നിൽക്കുമ്പോൾ ഒരു ആന്റി എന്റെയടുത്ത് വന്ന് തല്ലിയിട്ടുണ്ട്. പലരും കാണുകയും ചെയ്തു... ചമ്മലായി... സാരമില്ല... ഞാൻ നന്നായി അഭിനയിച്ചതു കൊണ്ടല്ലേ, അവർക്ക് എന്നെ തല്ലാൻ തോന്നിയത്. ഗ്രാമപ്രദേശങ്ങളിലൊക്കെ പോകുമ്പോൾ ആളുകൾ ചുറ്റും എന്നെ പൊതിയും. സ്നേഹം കൂടിയിട്ടാവണം, എന്റെ വളകളും മറ്റു കോസ്റ്റ്യൂംസും അവർ അടിച്ചു മാറ്റിയിട്ടുമുണ്ട്.. ഒരിക്കൽ എന്റെ വളകൾ ഒരു കുട്ടിയുടെ കൈയിൽ ഇരിക്കുന്നതു കണ്ടു. എന്തിനാണ് എന്റെ കൈയിൽ നിന്നും ഊരിയെടുത്തത്, എന്നോട് ചോദിച്ചാൽ ഞാൻ ഊരിത്തരുമായിരുന്നുവല്ലോയെന്ന് പറഞ്ഞു.. സ്നേഹം കൊണ്ടാണ്, പാവം. മറ്റെന്തു പറയാൻ!

കൂടുതൽ ഇഷ്ടം അഭിനയം തന്നെ

അഭിനയം, നൃത്തം, അവതാരക എന്നീ റോളുകൾ ചെയ്യുമെങ്കിലും അഭിനയമാണ് കുറച്ചുകൂടി കംഫർട്ടബിൾ. നൃത്തവും ഒട്ടും പിന്നിലല്ല.

കുക്ക് അല്ല

ഫുഡ്ഡി ആണ്. പക്ഷേ കുക്ക് അല്ല!. ആരെങ്കിലും ഉണ്ടാക്കിത്തന്നാൽ സുഖമായി, ആസ്വദിച്ചു കഴിക്കും. കൊച്ചിയിലെ ഫ്ളാറ്റിൽ താമസിക്കുമ്പോൾ മാത്രമാണ് ഞാൻ കുക്ക് ചെയ്യുന്നത്. നോൺ വെജിറ്റേറിയന്റെ ലോകത്ത് ജീവിക്കുന്ന ആളാണ് ഞാൻ. നോൺ വെജിറ്റേറിയൻ ആണെങ്കിൽ എന്തും കഴിക്കും. അമ്മൂമ്മ ഉണ്ടാക്കുന്ന ഭക്ഷണവും ഹസ്ബന്റിന്റെ വീട്ടിൽ ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണവും പ്രത്യേകിച്ച,് മീൻകറി ഇവയൊക്കെ ഇഷ്ടമാണ്.

സിനിമയിലേക്കും ഓഫറുകൾ

സിനിമയിലേക്ക് ഇഷ്ടം പോലെ ഓഫറുകൾ വരുന്നുണ്ട്. പക്ഷേ സീരിയൽ ചെയ്യാൻ മാസത്തിൽ കൃത്യമായ കാലയളവ് കൊടുത്തിട്ടുണ്ട്. സിനിമകൾ ഷൂട്ട് ചെയ്യുമ്പോൾ ഡേറ്റിൽ മാറ്റം വന്നാൽ അതു പ്രശ്നമാകുമല്ലോ. അതുകൊണ്ടാണ് ചെയ്യാത്തത്. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്.

ഇഷ്ടം സാരിയോട്

ഞാൻ നേരത്തേ ജീൻസും ടോപ്പുമാണ് കൂടുതലായും ഉപയോഗിക്കുന്നത്. പരസ്പരത്തിൽ ക്രിസ്ത്യൻ വേഷമായതുകൊണ്ട് കുർത്തീസ് ആണ് ഉപയോഗിക്കുന്നത്. ഇത്രയെണ്ണം കുർത്തീസ് വെറുതെ ഉപയോഗിക്കാതിരുന്നാൽ അത് സങ്കടം തന്നെയല്ലേ. അതുകൊണ്ട് ഷൂട്ടിന്റെ സമയത്തു മാത്രമല്ല അല്ലാതെയും കുർത്തീസ് ഉപയോഗിച്ചുതുടങ്ങി. പക്ഷേ എന്തെങ്കിലും ചടങ്ങുകൾക്കു പോകുമ്പോൾ സാരിയാണ് വേഷം. കൂടുതൽ ഇഷ്ടവും സാരിയാണ്.

ഷോപ്പിംഗ് ഭർത്താവിനൊപ്പം

ഹസ്ബന്റ് ദൂരെ സ്‌ഥലങ്ങളിൽ പോയാൽ അവിടെ നിന്നു വാങ്ങിച്ചു കൊണ്ടുവരും. ഇവിടെയാണെങ്കിൽ എന്റെ കൂടെ വരും. വസ്ത്രങ്ങൾ വാങ്ങുമ്പോൾ മാത്രമല്ല, എന്തു വാങ്ങിക്കുകയാണെങ്കിലും എനിക്ക് കൂട്ടിന് അദ്ദേഹം തന്നെയാണ്. അതുകൊണ്ട് ഫ്രണ്ട്സ് ഇല്ലാത്തതിന്റെ വിഷമം അറിയാറില്ല.

–സുനിൽ വല്ലത്ത്