സിസേറിയനിലേക്കുള്ള വഴികൾ
Thursday, August 29, 2024 3:28 PM IST
ആദ്യത്തെ പ്രസവം സിസേറിയന് വഴി ആയിരുന്നെങ്കില്‍ പിന്നീടുള്ള പ്രസവങ്ങളും സിസേറിയന് തന്നെ ആയിരിക്കും. സിസേറിയന് ചെയ്യുന്നത് ഗര്‍ഭപാത്രം കീറിയിട്ടാണല്ലോ.
അവിടെ തുന്നലിട്ട് അതുണങ്ങുമ്പോള്‍ പൂര്‍വസ്ഥിതി പ്രാപിക്കുമെങ്കിലും അടുത്ത ഗര്‍ഭത്തില്‍ പ്രസവവേദന തുടങ്ങുമ്പോള്‍ അവിടം വിട്ടുപോകാനുള്ള സാധ്യതയുണ്ട്.
അങ്ങനെ വന്നാല്‍ രക്തസ്രാവം ഉണ്ടാവുകയും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാവുകയും ചെയ്യും. അതുകൊണ്ടാണ് വീണ്ടും ഒരു സിസേറിയന് തന്നെയാണു സുരക്ഷിതമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു പോകുന്നത്.
മാസം തികയാതെ....
മാസം തികയാതെയുള്ള പ്രസവങ്ങളും സിസേറിയന് നിരക്ക് കൂടുന്നതിന് ഒരു കാരണമാണ്. ഗര്‍ഭം പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുമ്പ് വെള്ളം പൊട്ടി പോകുമ്പോള്‍ അണുബാധയില്‍ നിന്ന് കുഞ്ഞിനെയും അമ്മയെയും രക്ഷിക്കാനും നേരത്തേയുള്ള സിസേറിയനുകള്‍ ആവശ്യമായി വരുന്നു.
പ്രസവം മുന്നോട്ടു പോകുന്നതിനിടയില്‍
കുഞ്ഞിന്റെ ഹൃദയത്തുടിപ്പിന് മാറ്റം വരിക (Fetal distress), ഇടുപ്പെല്ലിന് വ്യാപ്തം മതിയാകാതെ വരിക (Contracted pelvis), മറുപിള്ള ഗര്ഭപാത്രത്തിന് താഴെ വന്ന് ഗര്‍ഭപാത്രത്തിന്റെ മുഖം അടഞ്ഞുപോവുക (Placenta Praevia) തുടങ്ങിയ കാരണങ്ങളും സിസേറിയനില്‍ അവസാനിക്കുന്നു.
ആ ഭയത്തിൽ....
ലാഭേച്ഛയോടു കൂടി ചെയ്യുന്ന സിസേറിയനുകള്‍ അപലനീയമാണ്. ഒരു കാര്യം തറപ്പിച്ചു പറയാം സാമ്പത്തിക ലാഭത്തിനുവേണ്ടി സിസേറിയന് ചെയ്യുന്ന ഗൈനക്കോളജിസ്റ്റുകള്‍ വിരളമാണ്.
സമയം താമസിക്കുന്തോറും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി വഷളാകുമോ എന്ന ഭയമാണ് പലപ്പോഴും സിസേറിയന് എന്ന ചിന്തയിലേക്ക് നയിക്കുന്നത്.
സൗകര്യങ്ങളുടെ അഭാവത്തിൽ...
പല ആശുപത്രികളിലും മാതൃകാപരമായ സാഹചര്യങ്ങളല്ല നിലവിലുള്ളത്. 24 മണിക്കൂറും അനസ്തേഷ്യ ഡോക്ടറുടെയും ശിശുരോഗ വിദഗ്ധന്റെയും സേവനം, ബ്ലഡ് ബാങ്ക് സൗകര്യങ്ങള്‍, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സഹായം...
ഇവയൊന്നും ഇല്ലാത്ത എത്രയോ ആശുപത്രികളില്‍ പ്രസവങ്ങള്‍ നടക്കുന്നു. അവിടെ ജോലി ചെയ്യുന്ന ഗൈനക്കോളജിസ്റ്റുകള്‍ക്ക് മാതൃകാപരമായ രീതിയില്‍ സിസേറിയന്റെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നില്ല എന്നത് സ്വാഭാവികം മാത്രംa.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം