പിസിഒഡി ഭക്ഷണക്രമം
Friday, July 26, 2024 5:06 PM IST
പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.
അതിരാവിലെ
- കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.
പ്രഭാതഭക്ഷണം
- ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.
* കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.
* ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്റി ഓക്സിഡന്റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.
* സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.
11 മണിക്ക്
ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും
കുടിക്കാവുന്നതാണ്.
ഉച്ചഭക്ഷണം
മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).
അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.
* കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് (ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)
* സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.
* ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.
* തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.
* മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.
നാലുമണി
- കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം
അത്താഴം
പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം.(നാട്ടിൻപുറങ്ങളിൽ സുലഭമായ പഴവർഗങ്ങളായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം)
* ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.
വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ.
ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു.
ഫോൺ: 8921564266