സ്ത്രീകൾക്ക് ഈസ്ട്രജൻ എന്തിന്?
Wednesday, February 16, 2022 4:21 PM IST
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോണ്‍സ് എന്നാണു പറയാറുള്ളത്. അവയിൽ ഏറ്റവും ഉപകാരികളാണു ഫൈറ്റോ ഈസ്ട്രജൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഹോർമോണുകൾ. ഇവ സ്ത്രീകൾക്ക് വളരെ സഹായകമാണ്.
ഈസ്ട്രജൻ കുറഞ്ഞാൽ
സ്ത്രീശരീരത്തിന്റെ സ്വാഭാവിക വളർച്ചയ്ക്കും ഗർഭപാത്രത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും വളരെ ആവശ്യമാണ് ഈസ്ട്രജൻ. ഈസ്ട്രജൻ ഹോർമോണിന്റെ കുറവുകൊണ്ട് ധാരാളം തകരാറുകൾ സ്ത്രീകൾക്കുണ്ടാകാറുണ്ട്, അതിൻ ഫലമായി വന്ധ്യതയും വരാറുണ്ട്. ഇത്തരം രോഗമുള്ളവർക്ക് ഹോർമോണ്‍ ചികിൽസയാണു സാധാരണ ലഭിക്കാറുള്ളത്.
ആ ചികിത്സയ്ക്ക് പാർശ്വഫലങ്ങളും കൂടെയുണ്ടാകും. ശരീരത്തിൽ നീരുകെട്ടുക, മാറിടത്തിനു തടിപ്പും വേദനയും, ഓക്കാനം, കാലിലെ പേശികളിൽ പിടിത്തം, തലവേദന, ദഹനക്കേട്, മാസമുറ കൂടാതെ രക്തസ്രാവം എന്നിവയാണു സാധാരണ പ്രശ്നങ്ങൾ. ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ സസ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്ന ങ്ങൾ ഉള്ളവർക്കു സഹായകം.
ഉണങ്ങിയ പഴങ്ങൾ, സോയാബീൻ
ഉണങ്ങിയ പഴങ്ങൾ ഈസ്ട്രജൻ അളവ് കുറയാതെ സഹായിക്കും. ഫ്ളാക്സ് സീഡ്(ചണത്തിന്റെ വിത്ത്), എള്ള്, പയറുകൾ, സോയാബീൻ, ആൽഫാൽഫ എന്നിവയിൽ സസ്യ ഈസ്ട്രജൻ ധാരാളമുണ്ട്.
ഫ്ളാക്സ് സീഡിൽ കൂടുതലായടങ്ങിയിരിക്കുന്ന ലിഗ്നാൻസ്, സോയാബീനിൽ കൂടുതലായടങ്ങിയിരിക്കുന്ന ഐസോഫ്ലേവണ്സ്, നിലക്കടലയിലും ചുവന്ന വൈനിലുമൊക്കെ അടങ്ങിയിരിക്കുന്ന റെസ്വറട്രോൾ(ചുവന്ന വൈനിന്റെ മഹനീയ ഗുണങ്ങൾക്ക് കാരണം റെസ്വറട്രോളിന്റെ സാന്നിധ്യമാണെന്നു കരുതപ്പെടുന്നു). മറ്റൊരു സസ്യ ഹോർമോണ്‍ ആണു ക്വർസെറ്റിൻ. ഇതു വളരെ സാധാരണമായി പഴങ്ങളിലും ധാന്യങ്ങളിലും പച്ചക്കറികളിലുമൊക്കെ കാണുന്നു.
കേരളത്തിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുള്ളത് സോയാബീനിലാണ്. സോയാ ബീനിലെ എണ്ണ നീക്കുന്പോൾ കിട്ടുന്ന ചണ്ടിയാണു കടകളിൽ കിട്ടുന്ന സോയചങ്ക്സ്. അതിലും കുറച്ചൊക്കെ സസ്യ ഹോർമോണ്‍ ഉണ്ടാകും. മറ്റൊന്ന് എള്ളെണ്ണയാണ്. ഈസ്ട്രജൻ കുറവുള്ള സ്ത്രീകളോട് ദിവസവും മൂന്ന് എള്ളുണ്ടയെങ്കിലും
കഴിക്കാനാണിപ്പോൾ നിർദേശിക്കുന്നത്. ഫൈറ്റോ ഈസ്ട്രജന് വേറെയുമുണ്ട് ഗുണങ്ങൾ. റെസ്വെറട്രോളും ക്യൂസെറ്റിനും രക്തസമ്മർദ്ദം നിയന്ത്രിക്കും.
സോയയിലും ഫ്ളാക്സ് സീഡിലുമടങ്ങിയ സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു ഗുണ പ്രദം. ഇവ അപകടകരമായ കൊളസ്ട്രോൾ, C-reactive protein (CRP) ലെവൽ എന്നിവ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു. സ്വാഭാവികമായി സസ്യഭക്ഷണം വഴി ഇവ ഉള്ളിലെ ത്തുന്നു.പാർശ്വഫലമൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ടെസ്റ്റോസ്റ്റിറോൺ കുറയുമോ?
സ്ത്രീ ഹോർമോണ്‍ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിച്ചേക്കാം. സോയാബീനിലടങ്ങിയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻനിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ, ഇവ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണ്‍ ലെവലിൽ ഒരുമാറ്റവും വരുത്തുന്നില്ല എന്നാണു തെളിയിച്ചത്. എന്നാൽ, ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം, ഈ സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുത്പാദന ശേഷികുറയ്ക്കുന്നുവെന്നാണ്. അതുകേട്ടു പേടിക്കണ്ട. ചീറ്റപ്പുലി മാംസഭുക്കാണ്. അവയിലെ പ്രവർത്തനമല്ല മിശ്രഭുക്കായ മനുഷ്യനിൽ നടക്കുന്നത്.
ആന്റിഓക്സിഡന്റുകൾ എന്തിന്?
ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശത്തിന്റെ വേഗം കുറയ്ക്കാനും ഇത്തരം സസ്യഭക്ഷണത്തിന്റെ ഉപയോഗം സഹായിക്കും.
സോയ എണ്ണയും ഫ്ലാക്സ് സീഡ് ഓയിലും എള്ളെണ്ണയുമെല്ലാം ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. വിശ്വസ്തമായ ബ്രാൻഡുകൾ , ഓർഗാനിക് ബ്രാന്‍ഡുകൾ ഉപയോഗിക്കുക. നട്ട് വളർത്താവുന്ന സസ്യങ്ങൾ നമ്മൾ തന്നെ വളർത്തി ഉപയോഗിക്കുക. ആഹാരം തന്നെയാണ് ഒൗഷധം എന്ന് ആയുർവേദാചാര്യനായ ചരകനും പ്രകൃതി ചികിത്സാവിശാരദരും പറയുന്നു.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ,ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
drmanoj.1973@yahoo.com