കൺജങ്റ്റിവൈറ്റിസ്; വേനൽക്കാലത്തെ കണ്ണുരോഗം
Saturday, February 12, 2022 12:17 PM IST
വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്ന കണ്ണുരോഗമാണു സാധാരണമായി കാണുന്നത്. നേത്രഗോളത്തിന്റെ വെളുത്ത പുറം പാളിയിലും കണ്പോളയുടെ അകം പാളിയിലുമുള്ള സ്തരത്തിന്റെ പേരാണു കൺജങ്റ്റൈവ. അതിനുണ്ടാകുന്ന നീർക്കെട്ടിനും പഴുപ്പിനുമാണു കൺജങ്റ്റിവൈറ്റിസ് എന്നു പറയുന്നത്.
കണ്ണുനീരിലൂടെ പകരുമോ?
വൈറസ്, ബാക്റ്റീരിയ എന്നിവയാണു രോഗകാരികൾ അതു കൂടാതെ കണ്ണിലെത്തുന്ന പൊടികൾ, അലർജികൾ ഇവയും പഴുപ്പണ്ടാക്കാം. ജലദോഷം, അഞ്ചാം പനി, ചിക്കൻ പോക്സ്, റൂബല്ല, മുണ്ടിനീര്, പിക്കോർന വൈറസ്, എച്ച്.ഐ.വൈറസ് എന്നീ വൈറസ് രോഗങ്ങൾക്കൊപ്പവും കണ്ണിന് അസുഖം വരാം. വേനൽ കാലത്തു അഡിനൊ വൈറസ് കുടുംബക്കാരാണു സാധാരണ രോഗകാരി.
രോഗിയുടെ കണ്ണുനീർ സ്പർശത്തിലൂടെയും, തുമ്മലിൽ കൂടെയും രോഗം പകരും. കണ്ണിലാണു രോഗമെങ്കിലും അതു മൂക്കിലുമെത്തും, നേസോ ലാക്രിമൽ ഡക്റ്റ് എന്ന കുഴലിനാൽ കണ്ണും മൂക്കും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. കണ്ണുനീരാണു മൂക്കിനു നനവു നല്കുന്നത്, അതുകൊണ്ടാണു നാം കരയുന്പോൾ മൂക്കൊലിപ്പും വരുന്നത് എന്നറിഞ്ഞിരിക്കുക.
എങ്ങനെ തിരിച്ചറിയാം?
കണ്ണുചുവപ്പ്, ചൊറിച്ചിൽ, പുകച്ചിൽ , കണ്ണീർ സ്രാവം, രാവിലെ പീളകെട്ടി കണ്പീലികൾ ഒട്ടിപ്പിടിച്ചിരിക്കുക., വെളിച്ചത്തിലേക്കു നോക്കുന്പോൾ അസ്വസ്ഥത എന്നിവയാണു രോഗലക്ഷണങ്ങൾ. ബാക്റ്റീരിയ രോഗം കണ്ടാൽ ഭീകരനാണെങ്കിലും കണ്ണിനു വലിയ തകരാറുവരാതെ മാറും. എന്നാൽ വൈറസ് രോഗത്തിനു ലക്ഷണങ്ങൾ നിസാരമെന്നു തോന്നിക്കും, വലിയ ചുവപ്പു കാണില്ല, എന്നാൽ രോഗത്തിന്റെ സങ്കീർണാവസ്ഥ ഇതിനാണു കൂടുതൽ.
ഈ രോഗം മൂലം കണ്ണിന്റെ ആന്തര ഭാഗത്ത് പഴുപ്പ് ബാധിക്കാം, നേത്രപടലത്തിൽ സ്ഥിരമായതോ താത്കാലികമായതോ ആയ പാടുകൾ ഉണ്ടാക്കാം. വൈറസ് രോഗം പിന്നെ ബാക്റ്റീരിയ രോഗമായി മാറാം.അലർജി കൊണ്ടുണ്ടാകുന്ന കണ്ണുരോഗം വന്നും പോയുമിരിക്കും. അവയോടൊപ്പം തൊണ്ട ചൊറിച്ചിലും മൂക്കുചൊറിച്ചിലും ഒക്കെ കാണുമെന്നതിനാൽ അലർജി കണ്ണുരോഗം വേഗം തിരിച്ചറിയാം.
കണ്ണട വയ്ക്കണോ?
രോഗം മാറുന്നതു വരെ കണ്ണടകൾ വച്ച് നടക്കുക. രോഗം മറ്റുള്ളവർക്കു പകരാതിരിക്കാനും പ്രകാശത്തിന്റെ തീവ്രത കുറയ്ക്കാനും ഇതു സഹായിക്കും. ഫ്രിഡ്ജിൽ വയ്ക്കാത്ത തണുത്ത വെള്ളം കൊണ്ടു കണ്ണു കഴുകുന്നത് ആശ്വാസം നല്കും. ശുദ്ധജലം ആണെന്ന് ഉറപ്പുണ്ടാകണം. മൂക്കു ചീറ്റാൻ ടവ്വലുകളേക്കാൾ ഉപകാരി റ്റിഷ്യൂ പേപ്പറുകളാണ്. അവ അവിടെയും ഇവിടെയും ഇടാതെ കത്തിച്ചു കളയാമല്ലോ.
ഹോമിയോയിൽ ചികിത്സയുണ്ടോ?
കണ്ണിന്റെ വിവിധങ്ങളായ തകരാറുകൾക്ക് ഹോമിയോപ്പതിയിൽ മരുന്നുകൾ ഉണ്ടെന്നു തന്നെ പലർക്കുമറിയില്ല. കണ്ണുരോഗം വൈറസ്, ബാക്ടീരിയ, അലർജി ഏതുമാകട്ടെ ഹോമിയോപ്പതിയിൽ ചികിൽസയുണ്ട്. ഇവിടെയും രോഗലക്ഷണങ്ങൾക്കാണു പ്രാധാന്യം.
കണ്ണിന്റെ ചുവപ്പിന്റെ തീവ്രത മുതൽ കണ്ണിൽ നിന്നു വരുന്ന പഴുപ്പിന്റെ നിറത്തിനു വരെ ഹോമിയോപ്പതിയിൽ പ്രാധാന്യമുണ്ട്. കണ്ണിലൊഴിക്കുന്ന മരുന്നിനേക്കാൾ പ്രാധാന്യം ഉള്ളിൽ കഴിക്കുന്ന മരുന്നുകൾക്കാണ്.നേത്ര രോഗങ്ങൾ വരാതെ രക്ഷിക്കാനും വിവിധ തരം കൺജങ്ങ്റ്റിവൈറ്റിസ് മാറാനും യൂഫ്രേഷ്യ ഐ ഡ്രോപ്സ് സാധാരണമായി ഉപയോഗിച്ചുവരുന്നു.
ഹോമിയോയിൽ തിമിരത്തിനു മരുന്നുണ്ടെന്ന് മിക്കവർക്കും അറിയില്ല. തിമിരത്തിന്റെ തുടക്കത്തിൽ തന്നെ സിനറേറിയ എന്ന ഐ ഡ്രോപ്സ് ഉപയോഗിച്ചാൽ രോഗം നിയന്ത്രിക്കാം. തിമിരം കൂടിയ അവസ്ഥയിൽ ശസ്ത്രക്രിയ തന്നെ വേണ്ടിവരാം. എന്നാൽ വിവിധ കാരണങ്ങളാൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്തവർക്ക് ഹോമിയോചികിൽസ പരീക്ഷിക്കാവുന്നതാണ്.
കണ്ണിനുണ്ടാകുന്ന ചതവുകൾക്കും പ്രമേഹം, രക്ത സമ്മർദം ഇവകൂടിയതു കൊണ്ടു കണ്ണിനു ഭവിക്കുന്ന തകരാറുകൾക്കും മരുന്നുകളുണ്ട്. കൃത്യമായ ചികിൽസായോഗ്യതയും ചികിൽസാ പരിചയവുമുള്ള ഹോമിയോപ്പതി ഡോക്ടർമാരെ സമീപിക്കുക.
ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡി.ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
drmanoj.1973@yahoo.com