ഇമ്യൂണോ തെറാപ്പി എന്ന കാൻസർ അതിജീവനതന്ത്രം
Saturday, February 5, 2022 12:10 PM IST
നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ 80 ശതമാനം കാൻസറുകളും സുഖപ്പെടുത്താം. 20 ശതമാനം പരാജയമാകുന്നതെന്താണ്? അവിടെയാണ് ആധുനിക ശാസ്ത്രം ഇമ്യൂണോ തെറാപ്പി എന്ന ചികിത്സാരീതി അവതരിപ്പിക്കുന്നത്. നിരവധി സെലിബ്രിറ്റികളെ അർബുദത്തിൽ നിന്നു രക്ഷിച്ച ചികിത്സാരീതിയെന്ന നിലയിലും ഇമ്യൂണോ തെറാപ്പി ശ്രദ്ധ നേടുന്നുണ്ട്.
ടി സെൽ
നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി കൊണ്ടുവരാൻ ഏറ്റവും ശക്തമായി പ്രയത്നിക്കുന്നതു വെളുത്ത രക്താണുക്കളാണ്(ഡബ്ള്യുബിസി സെല്ലുകൾ). അതിലുള്ള ഒരു സെല്ലാണ് ടി സെൽ. ടി സെല്ലുകളാണ് എല്ലാ പ്രതിരോധ തന്ത്രങ്ങളും നിയന്ത്രിക്കുന്നത്. ശരീരത്തിലെ പോലീസുകാരൻ - അങ്ങനെയാണ് ടി സെൽ അറിയപ്പെടുന്നത്. ശരീരത്തിൽ എവിടെ പ്രശ്നമുണ്ടെങ്കിലും അതു കണ്ടുപിടിക്കും. അവിടെപ്പോയി അതു പരിഹരിക്കും. ടി സെല്ലിന്റെ ഈ കഴിവിനെ ഓരോ തരം കാൻസറിനും ഏതിരായ രീതിയിൽ ഉദ്ദീപിപ്പിക്കുകയാണെങ്കിൽ ശരീരം അഡോപ്റ്റീവ് ഇമ്യൂണിറ്റി - നമ്മൾ വളർത്തിയെടുത്തു കൊണ്ടുവരുന്ന ഒരു തരം പ്രതിരോധം - എന്ന അവസ്ഥയിലെത്തും.
ടി സെല്ലിനെ ഉണർത്താം
സാധാരണഗതിയിൽ ടി സെല്ലുകൾ ഉറക്കത്തിലായിരിക്കും. അത് എപ്പോഴും ഉണർന്നിരുന്നാൽ അതു നമ്മുടെ ശരീരത്തെ തന്നെ ആക്രമിക്കും. ചില ഫുഡ് കഴിച്ചാൽ അലർജിയാണെന്നു പറയാറില്ലേ. ആ ഫുഡിലുള്ള വിഷപദാർഥങ്ങളെ നശിപ്പിക്കാനായി ടി സെൽ അവിടെപ്പോയി അതിനുമേൽ പ്രവർത്തിക്കുന്പോഴാണ് നമുക്ക് അലർജിയായി തോന്നുന്നത്.
അതുപോലെ കാൻസർ ഉള്ള ആളുകളിൽ ടി സെൽ ആദ്യമൊക്കെ അവരെ രക്ഷപ്പെടുത്താൻ നോക്കും. കാലക്രമത്തിൽ കാൻസറിന്റെ കാഠിന്യം കൂടുന്പോൾ ടി സെല്ലിന്റെ കഴിവു നഷ്ടമാകും. കഴിവുപോയ ഈ ടി സെല്ലിനെ നമ്മൾ ഉണർത്താൻ ശ്രമിച്ചാൽ പല മടങ്ങായി അതു വിഭജിച്ചുകൊണ്ടിരിക്കും. അതിന്റെ ആക്്ഷൻ കൂടും. അങ്ങനെയാണ് അതു വഴി കാൻസർ നിയന്ത്രിതമാകുന്നത്. അതാണ് ഇമ്യൂണോ തെറാപ്പി.
എല്ലാവരിലും ഫലപ്രദമാണോ?
കാൻസർ ബാധിതനിൽ രോഗം ഉണ്ടാക്കാൻ കാരണമായ ജനിതകമായ വേരിയേഷൻ കണ്ടുപിടിക്കുന്നു. ആ വേരിയേഷൻ എതിരേയുള്ള ആന്റി ഡോട്ടായ മരുന്ന് കൊടുക്കുന്പോൾ ആ കാൻസർ ഇല്ലാതാവും. അതാണ് ഇമ്യൂണോ തെറാപ്പി.
എല്ലാവരിലും ഈ ചികിത്സ ഫലപ്രാപ്തിയിലെത്തുമോ എന്നു ചോദിച്ചാൽ ഇല്ല. നൂറായിരം മാറ്റങ്ങൾ ഒരു കോശത്തിനുള്ളിൽ ഉണ്ടായെന്നുവരാം. എല്ലാറ്റിനെയും നമുക്കു കണ്ടെടുക്കാനായെന്നു വരില്ല. നമുക്കു കണ്ടെടുക്കാനാവാത്ത ലെവലിലുള്ള ഏതെങ്കിലും തരം ജനിതക മാറ്റങ്ങളാണെങ്കിൽ അവർക്ക് ഇമ്യൂണോ തെറാപ്പി ഫലം ചെയ്യില്ല.
ശ്വാസകോശ അർബുദം, കോളൻ കാൻസർ, ഓവേറിയൻ കാൻസറുകൾ, സ്്തനാർബുദം, തല, കഴുത്ത് എന്നിവയെ ബാധിക്കുന്ന ചിലതരം കാൻസറുകൾ, പാൻക്രിയാറ്റിക് കാൻസർ എന്നിവയ്ക്കു ഇമ്യൂണോ തെറാപ്പി ഫലപ്രദമാണെന്ന ് ഗവേഷണങ്ങൾ തെളിയിക്കുന്നു.
ഇമ്യൂണോ തെറാപ്പി മരുന്നുകൾ ഇന്ത്യയിലും ലഭ്യമായിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഇമ്യൂണോ തെറാപ്പി ആവശ്യമാണോ എന്നു നിർണയിക്കുന്നതിനുള്ള കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗിനുള്ള സംവിധാനങ്ങൾ നിലവിൽ കൂടുത ലുള്ളതു വികസിത രാജ്യങ്ങളിലാണ്.
യുഎസ്, യൂറോപ്പ്, ഓസ്ട്രലിയ, സിംഗപ്പൂർ തുടങ്ങിയ ഇടങ്ങളിൽ. സെലിബ്രി റ്റികൾ എന്തുകൊണ്ട് കാൻസർ ചികിത്സയ്ക്ക് അമേരിക്കയിൽ പോകുന്നു എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായെന്നു കരുതട്ടെ. ഇന്ത്യയിലെ റിസേർച്ച് ലാബുകളും സമീപഭാവിയിൽ ത്തന്നെ അതുപോല ഉയർന്ന നിലവാരത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ട്.
കേരളത്തിൽ ലഭ്യമാണോ?
കേരളത്തിലും ഇമ്യൂണോ തെറാപ്പി കൊടുക്കുന്നുണ്ട്. കോംപ്രി ഹെൻസീവ് ജീൻ പ്രൊഫൈലിംഗ് ചെയ്യാൻ സംവിധാനമുള്ള യുഎസിലെയും മറ്റും ലാബിലേക്ക് സാന്പിൾ അയയ്ക്കുന്നു. അവിടെ നിന്നു ലഭ്യമാകുന്ന ടെസ്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലാണ് ഇവിടെ ഇമ്യൂണോ തെറാപ്പി മരുന്നു കൊടുക്കുന്നത്.
കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗിനും ഇമ്യൂണോ തെറോപ്പി മരുന്നിനും ചെലവേറും. എങ്കിലും ഈ ചികിത്സ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനു മറ്റു രീതികളേക്കാൾ ഫലപ്രദമാണെന്നു കാണുന്നു. ടെസ്റ്റിനും മരുന്നിനുമുള്ള ചെലവിനു സബ്സിഡി നല്കി ആവശ്യമുള്ള രോഗികൾക്കെല്ലാം ഇമ്യൂണോ തെറാപ്പി ലഭ്യമാക്കാവുന്നതാണ്. സർക്കാർ തലത്തിൽ അതിനുള്ള നടപടികൾ ഉണ്ടാകണം.
ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088