ഹൃദയസംരക്ഷണം ആയുർവേദത്തിലൂടെ
Wednesday, December 1, 2021 6:11 PM IST
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മനുഷ്യന്റെ മനസ് ഹൃദയമാണ് എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്പോൾ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ആയുർവേദം തന്നെയാണ്. ആയുർവേദ ഗുണമുള്ള ഭക്ഷണം ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.
ഹൃദയസ്പന്ദനത്തിൽ നേരിയ മാറ്റം വന്നാൽപോലും അത് ജീവനുതന്നെ ഭീഷണിയാവാം. ജീവിത രീതിയിലെ മാറ്റങ്ങളും മാറിവരുന്ന ഭക്ഷണരീതിയുമെല്ലാം രോഗങ്ങളെ വിളിച്ചുവരുത്തും എന്ന കാര്യത്തിൽ സംശയമില്ല. ലോകാരോഗ്യ സംഘടനയുടെ നിർവചനപ്രകാരം ഹൃദയസംബന്ധമായ രോഗങ്ങൾ ഹൃദയവും ഹൃദയ രക്തധമനികളും അടങ്ങുന്ന കൊറോണറി ഹാർട്ട് ഡിസീസ്, സെറിബ്രോ വാസ്കുലാർ ഡിസീസ്, റുമാറ്റിക് ഹാർട്ട് ഡിസീസ് എന്നിവ ഉൾക്കൊള്ളുന്നതാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യരാശിയെ ഏറ്റവും കൂടുതൽ ഭീഷണിക്ക് വിധേയമാക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളാണ്. ആധുനിക സമൂഹത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമായി ഭവിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. ഇവയിൽ പ്രധാനപ്പെട്ടത് ജീവിതശൈലീരോഗങ്ങളുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കം, മദ്യപാനം, പുകവലി, അമിത ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യരാശിയെ ഏറ്റവും ഭീഷണക്ക് വിധേയമാക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ മാത്രമേ യഥാക്രമം കാൻസറിനും പക്ഷാഘാതത്തിനും നൽകാൻ കഴിയൂ. 2016 ലെ കണക്ക് പ്രകാരം ഇന്ത്യയിൽ 54.5 ലക്ഷം പേർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായി എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നാലിരൊരാൾ ഹൃദയധമിനി സംബന്ധമായ അസുഖങ്ങൾകൊണ്ട് മരിക്കുന്നു. 80 ശതമാനം പേർക്ക് പക്ഷാഘാത രോഗം സംഭവിക്കുന്നതും ഹൃദ്രോഗം മൂലാണ്.
ഹൃദ്രോഗം അഞ്ചുതരം
ആയുർവേദത്തിന്റെ അടിസ്ഥാന തത്വം ത്രിദോഷങ്ങളാണ്. വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷങ്ങൾ. മിക്ക രോഗങ്ങളുടേയും വിഭജനവും രോഗനിർണയവും ചികിത്സയും നടത്തിയിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഹൃദ്രോഗത്തെ അഞ്ചായി തരം തിരിച്ചിരിക്കുന്നു.
വാതംകൊണ്ടുള്ള ഹൃദ്രോഗം
ഹൃദയ്തതിന് ശൂന്യത, വായ് വരൾച്ച, പിളർന്ന് നോവ്, സ്തംഭനം, മോഹാലസ്യം എന്നീ ലക്ഷണങ്ങൾ കാണുന്നു.
പിത്തം കൊണ്ടുള്ള ഹൃദ്രോഗം
കണ്ണിൽ ഇരുട്ട് കയറുക, പുകച്ചിൽ, മോഹാലസ്യം, ഞെട്ടൽ, ചൂട്, പനി, മഞ്ഞ നിറത്തിൽ കാണുക എന്നിവ ഉണ്ടാകും.
കഫം കൊണ്ടുള്ള ഹൃദ്രോഗം
ഹൃദയത്തിന് തരിപ്പ്, കട്ട പിടിച്ചിരിക്കുന്നതുപോലെ തോന്നുക, ഭാരം തോന്നുക, മടി, രുചിക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ
ത്രിദോഷം കൊണ്ടുള്ള ഹൃദ്രോഗം
മേൽപറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരിക്കും.
കൃമിജ ഹൃദ്രോഗം
അതിയായ വേദന, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു.
ഹൃദ്രോഗ കാരണങ്ങൾ
അധികം ഉപ്പും എരിവും കലർന്ന തീക്ഷ്ണങ്ങളായ ആഹാരങ്ങൾ, ക്രമം തെറ്റിയ ആഹാരരീതികൾ, തമ്മിൽ ചേരുന്നതുകൊണ്ട് വിഷസ്വഭാവത്തെ ഉത്പാദിപ്പിക്കുന്ന ആഹാര പദാർഥങ്ങൾ (ഉദാ; പാലും മത്സ്യവും കോഴി മാംസവും പാലും) ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ, ഉപവാസം, അതി വ്യായാമം ഇവയെല്ലാം ഹൃദ്രോഗത്തിനു കാരണങ്ങളാണ്. ഇവ കൂടാതെ ഫാസ്റ്റ് ഫുഡ് സംസ്കാരം, വിവിധതരം മസാല കൂട്ടുകളുടേയും അച്ചാറുകളുടേയും ഉപയോഗം, കൃത്രിമരുചി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദാർഥങ്ങൾ, കഴിച്ച ഭക്ഷണം ദഹിക്കുന്നതിനുമുന്പ് വീണ്ടും കഴിക്കക, നെയ്യും വിവിധതരം എണ്ണകളുടേയും അമിത ഉപയോഗം എന്നിവ ശരീരത്തിലെ കൊളസ്റ്ററോളിന്റെ അളവ് വർധിപ്പിക്കുകയും ഹൃദയധമനികളിൽ കൊഴുപ്പിന്റെ അംശം. കൂട്ടുകയും അത് രക്തസമ്മർദത്തിനും ഹൃദ്യോഗത്തിനും കാരണമാകുകയും ചെയ്യും. വേഗവിധാരണം ഹൃദ്രോഗത്തിന് പ്രധാന കാരണമായി പറഞ്ഞിരിക്കുന്നു. പ്രവൃത്തി ഉൻമുഖങ്ങളായ മലമൂത്രാദികളാണ് വേഗങ്ങൾ. അധോവായു, മലമൂത്രവിസർജനം, ഏന്പക്കം, വെള്ളദാഹം, ചുമ, ശ്രമ ശ്വാസം, കിതപ്പ്, കണ്ണുനീർ തടഞ്ഞ് നിർത്തുന്നത് തുടങ്ങിയ വേഗങ്ങൾ ഹൃദ്രോഗത്തിന് കാരണമായി ആയുർവേദ ആചാര്യ·ാർ അനുശാസിക്കുന്നു.
ഹൃദ്രോഗം തടയാൻ പത്തു മാർഗങ്ങൾ
1. പുകവലിയോട് ബൈ പറയാം
വലിക്കുന്നവർക്കു മാത്രമല്ല പരോക്ഷ പുകവലിയുടെ ഇരകളിലും ധമനികളിൽ അതറോസ് ക്ലീറോസിസ് ഉണ്ടാക്കുകയും ധമനികൾ ചുരുങ്ങുവാനും സിഗററ്റിലേക്കും പുകവലിയിലേക്കും രാസവസ്തുക്കൾ കാരണമാകുന്നു. മാത്രമല്ല പുകവലി രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും തത്ഫലമായി ഹൃദയത്തിനു കൂടുതൽ ജോലി ചെയ്യേണ്ടിവരികയും രക്തക്കട്ടകൾ പെട്ടെന്നു രൂപം കൊള്ളുന്നതിന് ഇത് ഇടയാക്കുകയും ചെയ്യും.
2. മദ്യപാനം വേണ്ട
ഉയർന്ന രക്തസർമ്മദത്തിനും പ്രമേഹത്തിനും കാരണമാകുന്നു. മദ്യപാനം രക്തത്തിലെ ഹോമോസിസ്റ്റീന്റെ അളവ് വർധിപ്പിക്കും. ഇതു രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂട്ടുന്നു.
3. വ്യായാമം ശീലമാക്കുക
ശരീരത്തിൽ ലഘുത്വം, ഏതു പ്രവൃത്തി ചെയ്യാനുമുള്ള സാമർഥ്യം, ദഹന പ്രക്രിയ ശരിയായ രീതിയിൽ നടക്കുക, കൊഴുപ്പ് കുറയ്ക്കുക, അവയവങ്ങൾ വ്യക്തങ്ങളാക്കുക എന്നീ അഞ്ച് ഗുണങ്ങൾ വ്യായാമത്തിലൂടെ നേടിയെടുക്കാം.
4. വെള്ളം കുടിക്കണം
ഈ പ്രപഞ്ചത്തിലെ ജീവനുള്ള എല്ലാറ്റിനും ജീവനായിട്ടുള്ളത് ജലമാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കണം.
5. അമിത വണ്ണം കുറയ്ക്കുക
പ്രമേഹം, പനി, ഉദരരോഗം, ഭഗന്ദരം തുടങ്ങിയ രോഗങ്ങളെ ഉണ്ടാക്കുകയും അതു പിന്നീട് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുന്നു. ശരീരത്തിന്റെ ഉയരവും തൂക്കവും തമ്മിലുള്ള അനുപാതം 21 നും 24 നും ഇടയിൽ നിലനിർത്തുന്നതാണ് ആരോഗ്യകരം. പുരുഷ·ാക്ക് 100 സെന്റീ മീറ്ററിൽ കൂടുതലും സ്ത്രീകൾക്ക് 90 സെന്റീ മീറ്ററിൽ കൂടുതലും അരവണ്ണം അനാരോഗ്യകരമാണ്.
6. ഉറങ്ങാം നന്നായി
ഉറക്കം കൊണ്ട് സുഖം, പുഷ്ടി, ബലം തുടങ്ങിയ ഗുണങ്ങൾ ലഭിക്കുന്നു. ശരാശരി ഏഴു മണിക്കൂർ ഉറങ്ങണം.
7. ഭക്ഷണത്തിന്റെ പ്രാധാന്യം
പച്ചക്കറി, ഇലക്കറി ഇവ ധാരാളം കഴിക്കുക, വിറ്റാമിനുകൾ, മിനറൽസ് അടങ്ങിയ ഭക്ഷണം കഴിക്കണം. കൊഴുപ്പ് കൂടിയ ആഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.
8. ദിനചര്യ നടപ്പിലാക്കുക
അതിരാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുക, പ്രഭാത കർമങ്ങൾ, അഭ്യാംഗം, കുളി, വ്യായാമം ഇവ ശീലമാക്കുക.
9. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുക
രക്തസമ്മർദ്ദമുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. മരുന്നു കൃത്യമായി കഴിക്കണം. പ്രമേഹരോഗികൾ മണ്ണിൽനിന്ന് കിളച്ചെടുക്കുന്നവ ഉപേക്ഷിക്കുക. വ്യായാമം ചെയ്യണം. കൊളസ്റ്ററോൾ ഉള്ളവർ ഇടയ്ക്കിടയ്ക്ക് ലിക്വിഡ് പ്രൊഫൈൽ പരിശോധിക്കുക.
10. നോ ടെൻഷൻ
മാനസിക പിരിമുറുക്കം രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ഇടയാക്കും. ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ വർധിക്കുകയും അതു ഹാർട്ട് അറ്റാക്കിന് കാരണമാകുകയും ചെയ്യും.
പഥ്യം
ചെന്നെല്ലരി, ചെറുപയർ, പടവലങ്ങ, പാവയ്ക്ക ഇവ ഹൃദ്രോഗത്തിന് പഥ്യങ്ങളാണ്.
അപഥ്യം
അത്യധ്വാനം, അമിത ഭക്ഷണം,അതിവ്യായാമം, നിറച്ചു ഉണ്ടിട്ട് ഉടനെ വാഹനങ്ങളിൽ കയറി ദീർഘയാത്ര, മദ്യപാനം, പുകവലി, താംബൂല ചർവ്വണം, മൽപിടിത്തം, ഒഴുക്കിനെതിരെയുള്ള നീന്തൽ, മലകയറ്റം, മരം കയറ്റം, ഉപവാസം എന്നിവ ഉപേക്ഷിക്കുക.
ഹൃദയ സംരക്ഷണത്തിന് ആയുർവേദത്തിലെ ഔഷധ സസ്യങ്ങൾ
വെളുത്തുള്ളി: രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിനെ നിയന്ത്രിക്കും. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു ക്രിഅതറോസ് ക്ലീറോട്ടിക് പ്ലേക്കിനെ കുറയ്ക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കും.
നീർമരുത്: ഓക്സിഡേറ്റീവ് സ്ട്രെസിനെതിരെ പ്രവർത്തു ഹൃദയത്തെ സംരക്ഷിക്കുന്നു. ആന്റി പ്ലേറ്റ്ലെറ്റിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കും. എല്ലാറ്റിനുമുപരിയായി ഒരു കാർഡിയാക് ടോണിക്കാണ്.
ഓരില: ഓക്സിഡേറ്റീവ് സ്ട്രെസിനെതിരെ സംരക്ഷണം നൽകുന്നു. കാർഡിയാക് ടോണിക്കാണിത്. ഹൃദയ സ്പന്ദനം നിയന്ത്രിക്കും. കിതപ്പ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നു.
കടുക്ക: പ്രമേഹസംബന്ധമായ കാർഡിയോമയോപ്പതിയെ കുറയ്ക്കുന്നു. ഓക്സിഡേറ്റിവ് സ്ട്രെസിനെതിരെ സംരക്ഷണം നൽകും.
ചിറ്റമൃത്: ഓക്സിഡേറ്റീവ് സ്ട്രെസ്, കൊഴുപ്പ്, അമിത ഹൃദയ സ്പന്ദനം എന്നിവയെ നിയന്ത്രിക്കുന്നു.
അമുക്കുരം: ഓക്സിഡേറ്റീവ് സ്ട്രെസിനെയും രക്തസമ്മർദത്തെയും കുറയ്ക്കുന്നു. അമിത കൊഴുപ്പ് നിയന്ത്രിക്കുന്നു. ഒരു കാർഡിയാക് ടോണിക്കാണിത്.
കൊളസ്ട്രോൾ നിയന്ത്രണം ആഹാരത്തിലൂടെ
കാന്താരി മുളക്: ഒരു ടീ സ്പൂണ് വീതം മോരിൽ കഴിക്കുക
ഇലുന്പൻ പുളി: ഉപ്പിലിട്ടോ അല്ലാതേയൊ കഴിക്കാം
വെളുത്തുള്ളിയും മുരിങ്ങയിലയും കഴിക്കുന്നത് നല്ലതാണ്.
കറിവേപ്പിലയും മോരും കഴിക്കാം
ത്രിഫല: ഒരു സ്പൂണ് വീതം രാത്രി ചൂടുവെള്ളത്തിൽ കഴിക്കുക
ഗുൽഗുലു: ശുദ്ധ ഗുൽഗുലു ദിവസവും രണ്ടു ഗ്രാം വീതം കഴിക്കുക.
മഞ്ഞൾ: ഇതിലുള്ള ബെർബെറിൻ ടൈഗ്ലിസറൈഡിനെ കുറയ്ക്കുന്നു. ഓക്സിജന്റെ അളവ് ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനാൽ പ്രാണായാമം പോലുള്ള ശ്വസന വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ നിത്യവും യോഗ അഭ്യസിക്കുന്നതും ഗുണം ചെയ്യും.
തയാറാക്കിയത് : അനുമോൾ ജോയ്