ഫംഗസിനെ തോൽപ്പിക്കാൻ എന്തു ചെയ്യണം?
Tuesday, November 16, 2021 11:33 AM IST
സൂക്ഷ്മജീവികൾ ഏതായാലും അവയെ നേരിടാനും ചെറുത്തു തോൽപിക്കാനും ആരോഗ്യത്തിനു ഹാനികരമാകാതെ ശരീരം സംരക്ഷിക്കുന്നതിനും നമ്മുടെയെല്ലാം ശരീരത്തിൽ തന്നെ സഹജമായ ഒരു കഴിവുണ്ട്. ഈ സംരക്ഷണ സംവിധാനങ്ങളിൽ പോറലുകൾ ഉണ്ടാകുമ്പോഴാണ് പ്രതിരോധശേഷി കുറയുന്നത്.
തീരെ നിസാരമായ ചർമ രോഗങ്ങൾ മുതൽ ശ്വാസം മുട്ടലും തുടർന്ന് മരണവും വരെ സംഭവിക്കുന്ന അവസ്ഥകൾ വരെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും ഫംഗസ് കാരണമാകാവുന്നതാണ്. പലരും ഭയത്തോടെയാണ് ഫംഗസ് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്.
ചില ചർമരോഗങ്ങൾ...
ചർമത്തിൽ ഉണ്ടാകാറുള്ള ചില പ്രശ്നങ്ങൾക്ക് നാട്ടറിവുകൾ അനുസരിച്ച് വട്ടച്ചൊറി എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള പല ചർമരോഗങ്ങളും ഉണ്ടാകുന്നത് ഫംഗസ് ബാധ മൂലം ആയിരിക്കും. തലയോട്ടിയിലെ ചർമ്മം, താടി, കാൽപ്പാദം, ഊരുസന്ധി, നഖങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചൊറിച്ചിലും പഴുപ്പും കൂടുതൽ പേരിലും ഫംഗസ് ബാധയുടെ ഫലമായി ഉണ്ടാകുന്നതാണ്.
പ്രതിരോധശേഷി കുറഞ്ഞാൽ
ചില ഫംഗസ് ബാധയുടെ ഫലമായി ന്യൂമോണിയ ഉണ്ടാകുന്നതാണ്. രോഗ പ്രതിരോധ ശേഷി തീരെ കുറഞ്ഞവരിൽ ഉണ്ടാകുന്ന ഏതെങ്കിലും രോഗത്തിന്റെ കൂടെ ഫംഗസ് ബാധയും കൂടിയാവുകയാണെങ്കിൽ അത് ചിലരിലെങ്കിലും വൃക്കകളിലും ഹൃദയത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നിരിക്കും. ഇതിൻെറ തുടർച്ചയായി മരണം സംഭവിക്കാനുള്ള സാധ്യതയും ഉണ്ടാകാവുന്നതാണ്. പൊടിയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ചില ഫംഗസ് ബാധകൾ ശ്വാസകോശത്തിലെ പ്രവർത്തനങ്ങൾ താറുമാറാക്കാറുണ്ട്.
അകത്തും പുറത്തും
ചർമത്തിൽ ഉണ്ടാകുന്ന ഫംഗസ് ബാധകളിൽ , അവ എത്ര പഴക്കമുള്ളതാണെങ്കിലും ബഹുഭൂരിപക്ഷം രോഗികളിലും ഏറ്റവും പുതിയ അറിവുകൾ അനുസരിച്ചുള്ള ചികിത്സ ചെയ്യുകയാണെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ ആശ്വാസം ലഭിക്കുന്നതാണ്.
ഒരു ചെറിയ കാലയളവിൽ പൂർണമായ രോഗശമനവും സാധ്യമാകും. ശരീരത്തിനകത്തുള്ള അവയവങ്ങളിൽ ഫംഗസ് ബാധ ഉണ്ടാവുകയാണെങ്കിൽ വിദഗ്ധ പരിശോധനകൾ ആവശ്യമായി വരും. ഈ വിഷയത്തിലും ഇപ്പോൾ നിരവധി അറിവുകൾ നിലവിലുണ്ട്.
വസ്ത്രങ്ങളും ഫംഗസും
പ്രമേഹ രോഗികളിൽ ഫംഗസ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. അടിവസ്ത്രങ്ങൾ അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിന് മുൻപ് നല്ല ചൂടിൽ ഇസ്തിരിയിടുന്നതും തോർത്ത് ദിവസവും വെയിലത്ത് ഉണക്കുന്നതും ഫംഗസ് ബാധകളെ അകറ്റി നിർത്താൻ ഒരു പരിധി വരെ സഹായിക്കുന്നതാണ്.
പ്രമേഹം, കോവിഡ്, ഫംഗസ്
ഇപ്പോൾ കോവിഡിന്റെ അനന്തര പ്രശ്നമായി ചില ഫംഗസ് ബാധകളുടെ പ്രശ്നങ്ങൾ ചർച്ചയിൽ വന്നിരുന്നു. കോവിഡ് പോസിറ്റീവ് ആയവരിലും പോസിറ്റീവ് ആയി പിന്നെ നെഗറ്റീവ് ആയവരിലും ആയ ചിലരിലും ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണു വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
കോവിഡ് ബാധിക്കുന്നവർ പ്രമേഹ രോഗികൾ ആണെങ്കിൽ അവരിൽ ഫംഗസ് ബാധകൾ ഗുരുതരമാകാനുള്ള സാധ്യതകൾ കൂടുതലായിരിക്കും എന്നും കേൾക്കുകയുണ്ടായി. വൈറ്റ് ഫംഗസ്, ബ്ളാക്ക് ഫംഗസ്, യെലോ ഫംഗസ് എന്നിങ്ങനെ പല രൂപങ്ങളിലാണ് ഇപ്പോൾ അവയുടെ സ്വഭാവം. ഇതിന്റെ അനന്തര ഫലമായി കാഴ്ചയും ചിലപ്പോൾ കണ്ണും നഷ്ടപ്പെടാനും ചിലപ്പോൾ മരണത്തിനും ഉള്ള സാധ്യതയുണ്ടാകാം എന്നും കേൾക്കാൻ കഴിയുകയുണ്ടായി.
(തുടരും)