മൈഗ്രേൻ തലവേദനയ്ക്കു പിന്നിൽ ചിലപ്പോൾ ചില ഭക്ഷണവും!
Thursday, October 21, 2021 1:57 PM IST
ജീവിതരീതികളുമായി ബന്ധമുള്ള രോഗമാണ് മൈഗ്രേൻ തലവേദന. മാനസിക, ശാരീരിക സംഘർഷങ്ങളുടെ ഭാഗമായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ചുരുക്കവും വികാസവുമാണ് മൈഗ്രേൻ തലവേദനയുടെ കാരണം. മൈഗ്രേൻ തലവേദന പ്രധാനമായും നാലുതരം.
ക്ലസ്റ്റർ തലവേദന
അമിതമായി പുകവലിക്കുന്നവരിലും മദ്യം ഉപയോഗിക്കുന്നവരിലും കണ്ടുവരുന്ന ശക്തമായ തലവേദനയെ ക്ലസ്റ്റർ തലവേദന എന്നു പറയുന്നു. ഇതു കുറച്ചുസമയം മാത്രം നിൽക്കുന്നതും മൂക്കൊലിപ്പ്, കണ്ണിനു ചുവപ്പുനിറം, കണ്ണിൽ നിന്നു വെള്ളംവരൽ തുടങ്ങിയ ലക്ഷണങ്ങളോടുകൂടി കണ്ടുവരുന്നതുമാണ്.
ബേസിലർ തലവേദന
ബേസിലർ - രക്തക്കുഴലിനുണ്ടാകുന്ന ചുരുക്കംമൂലം ഉണ്ടാകുന്ന തലവേദനയാണിത്. ഇതിൽ തലയുടെ പിൻഭാഗത്തുണ്ടാകുന്ന തലവേദന രോഗിക്ക് കാഴ്ചയിൽ തകരാറുണ്ടാക്കുക, തലകറക്കം, ചെവിയിൽ മൂളൽ, നടക്കുന്പോൾ ബാലൻസ് തെറ്റുക, മനംപുരട്ടൽ, കൈകാലുകൾക്ക് മരവിപ്പ്, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു.
ഫേഷ്യോപ്ലെജിക് മൈഗ്രേൻ
ഇതിൽ രോഗിക്ക് തലവേദനയോടൊപ്പം മുഖം കോടിപ്പോകുന്ന അവസ്ഥയും ഉണ്ടാകുന്നു.
ഒപ്താൽമോപ്ലെജിക് മൈഗ്രേൻ
ഇതിൽ തലവേദനയോടൊപ്പം രോഗിക്ക് കണ്ണിനും കണ്ണിനു ചുറ്റിനും വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു.
ഓറ
മൈഗ്രേൻ തലവേദനയ്ക്കു മുന്നോടിയായി ചിലരിൽ ഓറ എന്ന പ്രതിഭാസം കാണാറുണ്ട്. കണ്ണിന്റെ മുന്നിൽ വെള്ളിവെളിച്ചം, മിന്നൽ, മൂടൽ, കൈകാലുകളിൽ പെരുപ്പ്, തരിപ്പ് മുതലായവ ഉണ്ടാകാം. വസ്തുക്കൾ രണ്ടായി കാണുക, ബാലൻസ് തെറ്റുക, തലകറക്കം ഉണ്ടാകുക മുതലായവ ഓറയുടെ ലക്ഷണങ്ങളാണ്. ഇത് 20-30 മിനിറ്റ് വരെയേ നിൽക്കാറുള്ളൂ.
ഒരു വ്യക്തിക്ക് ദിവസേനയോ ആഴ്ചയിലോ മാസത്തിലോ മൈഗ്രേൻ തലവേദന വരികയാണെങ്കിൽ ഹോമിയോപ്പതിയിൽ വ്യക്തിയുടെ ലക്ഷണചിത്രം നോക്കി കോണ്സ്റ്റിറ്റ്യൂഷൻ മരുന്നു കൊടുക്കുകയാണെങ്കിൽ പരിപൂർണമായി ഹോമിയോ ചികിത്സയിലൂടെ മൈഗ്രേൻ തലവേദന സുഖപ്പെടുത്താം.
അമിതമായ ടെൻഷൻ
ദിനചര്യാ വ്യതിയാനങ്ങളും അമിതമായ ടെൻഷനും ഓരോ വ്യക്തിക്കും മൈഗ്രേൻ തലവേദന വരാനുള്ള സാധ്യത കൂട്ടുന്നു. നമ്മൾ കഴിക്കുന്ന പല ഭക്ഷണവും തലവേദനയുടെ ആക്കം കൂട്ടാം. ഉദാ: ചോക്ലേറ്റ്, മോര്, ഏത്തപ്പഴം, മദ്യം, ചൈനീസ് ആഹാരങ്ങൾ എന്നിവ മൈഗ്രേൻ തലവേദനയ്ക്കു കാരണമാകാം.
( തുടരും)