വിഷാദവും വിളർച്ചയും അകറ്റാൻ മഞ്ഞൾ
Friday, January 29, 2021 3:41 PM IST
മഞ്ഞളിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. ധാരാളം അലോപ്പതി മരുന്നുകൾ മഞ്ഞളിൽ നിന്നു തയാറാക്കുന്നുണ്ട്.
ആയുർവേദത്തിലും മഞ്ഞളിനു സ്ഥാനമുണ്ട്. മഞ്ഞളിന് ഔഷധഗുണമുണ്ട്. ഒരു മഞ്ഞൾച്ചെടിയെങ്കിലും വീട്ടുമുറ്റത്തുണ്ടാവണം. ഇല്ലെങ്കിൽ നട്ടുപിടിപ്പിക്കണം.
നാട്ടറിവിലെ സയൻസ്
പണ്ടൊക്കെ കോഴിയേയും മറ്റും നായ ഓടിച്ചിട്ടു പിടിക്കുന്നതു പതിവായിരുന്നു. അപ്പോൾ കോഴിക്കു മുറിവുപറ്റും. ഒരു കഷണം പച്ചമഞ്ഞൾ നന്നായരച്ചു മുറിവിൽ പുരട്ടും, വെളിച്ചെണ്ണയിൽ കുഴച്ച് കുറച്ച് അകത്തുനല്കും. അതായിരുന്നു പതിവ്. അതു നാട്ടറിവ്. അതിൽ ശാസ്ത്രമുണ്ട്.
ബാക്ടീരിയയെ ചെറുത്തു തോല്പിക്കാനുളള കഴിവ് മഞ്ഞളിനുണ്ട്. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊളളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനാകും.
വിഷാദം
മാനസികപിരിമുറുക്കവും വിഷാദരോഗവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങൾ. ഡിപ്രഷൻ കുറയ്ക്കാനുളള ചൈനീസ് മരുന്നുകളിൽ മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്. ആൽസ്ഹൈമേഴ്സ് രോഗത്തെ പ്രതിരോധിക്കുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ പറയുന്നു.
മുറിവുകൾ, പാടുകൾ
ചർമത്തിന്റെ ആരോഗ്യത്തിനു മഞ്ഞൾ ഗുണം ചെയ്യുമെന്നു പണ്ടേ നാം തിരിച്ചറിഞ്ഞിരുന്നു. പച്ചമഞ്ഞളരച്ചു തേച്ചുളള കുളി പണ്ടേ പ്രസിദ്ധം. ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ ഇതു ഗുണപ്രദം. ചർമം ശുദ്ധമാകുന്പോൾ സൗന്ദര്യം താനേ വരും.
മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമ രോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.
സ്ട്രച്ച്മാർക്ക്
വെളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞൾ ചേർത്തു മുഖത്തു പുരട്ടുന്നതു ശീലമാക്കിയാൽ മുഖത്തിന്റെ തിളക്കം കൂടുമത്രേ. പ്രസവശേഷം ചർമത്തിലുണ്ടാകുന്ന സ്ട്രച്ച് മാർക്ക് കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദം.
മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.
വിളർച്ച
മഞ്ഞൾപ്പൊടി തേനിൽ ചേർത്തു ദിവസവും കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം അടങ്ങിയിരിക്കുന്നു. കരളിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കാനും മഞ്ഞൾ സഹായകം.