കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
Friday, November 20, 2020 3:53 PM IST
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാലഘട്ടം ഏറെ കൗതുകങ്ങളും പുതുമകളും നിറഞ്ഞ വര്‍ണാഭമായ അനുഭവങ്ങള്‍ സമ്മാനിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അവരെക്കുറിച്ച് ആധി പെരുകുന്ന സമയവും കൂടിയാണ്. കൗമാരത്തിലെത്തിയ പെണ്‍കുട്ടികളില്‍ ഉടലെടുക്കുന്ന ശാരീരിക- മാനസിക- സാമൂഹികപരമായ മാറ്റങ്ങളെയും അതിനോടിഴചേര്‍ന്നുള്ള മനഃശാസ്ത്രവും തിരിച്ചറിയാത്തിടത്തോളം കൗമാരക്കാരെ അറിഞ്ഞു സഹായിക്കാനും പിന്തുണക്കാനും കഴിയാതെ പോകുന്നു.
കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന പെരുമാറ്റ വ്യതിയാനങ്ങള്‍ ആ ഘട്ടത്തില്‍ മസ്തിഷ്‌ക്കത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ജീവിതത്തില്‍ നാമെടുക്കുന്ന തീരുമാനങ്ങളില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന തലച്ചോറിലെ പ്രധാന ഭാഗമാണ് ഫ്രണ്ടല്‍ ലോബ് (Frontal Lobe). പക്വമായ തീരുമാനം എടുക്കുന്നതില്‍ ഫ്രണ്ടല്‍ ലോബിലെ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്‌സിന് വലിയ പങ്കുണ്ട്. കൗമാരദശയില്‍ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്‌സ് വളര്‍ച്ച പൂര്‍ണതയില്‍ എത്തിയിട്ടുണ്ടായിരിക്കുകയില്ല. പൂര്‍ണ വളര്‍ച്ച കൈവരിക്കുന്നത് ഏകദേശം 24- 25 വയസ് ആകുമ്പോഴാണ്. അതുകൊണ്ടാണ് കൗമാരത്തില്‍ അപക്വമായ തീരൂമാനങ്ങളെടുക്കുന്നതും അമിത വൈകാരികത പ്രകടിപ്പിക്കുന്നതും. ഈ ഘട്ടത്തില്‍ അവരുടെ സ്വാഭാവ സവിശേഷതകളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിഞ്ഞില്ലെങ്കില്‍ അവര്‍ മാനസികമായി അകലാന്‍ കാരണമാവും.
ശാരീരിക മാറ്റങ്ങള്‍
മാസമുറ തുടങ്ങുന്നതിനു മുമ്പോ അതിനുശേഷമോ പ്രകടമാകുന്ന ശാരീരിക മാറ്റങ്ങളെ ഏറെ പുതുമയോടും ആശങ്കയോടും കൂടിയാണ് കൗമാരക്കാര്‍ നേരിടുന്നത്. ഈ മാറ്റങ്ങളെക്കുറിച്ച് ആകാംക്ഷകളും സംശയങ്ങളും ദുരീകരിക്കാനും വീട്ടില്‍തന്നെ സാഹചര്യങ്ങളുണ്ടാവണം. അല്ലാത്തപക്ഷം അവരുടെ സംശയനിവാരണത്തിനായി അവര്‍ ബാഹ്യസ്രോതസുകള്‍ തേടിയെന്നുവരാം. അതാവട്ടെ പലപ്പോഴും തെറ്റായ അറിവുകളിലേക്കും അനാരോഗ്യ ശീലങ്ങളിലേക്കും അവരെ കൊണ്ടെത്തിച്ചേക്കാനും സാധ്യതയുണ്ട്. ചില കുട്ടികള്‍ അമിതവണ്ണമുള്ളവരോ തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരോ ആയിരിക്കും.
ശാരീരിക സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു ഘട്ടം കൂടിയാണ് കൗമാരം. സുഹൃത്തുക്കള്‍ക്കിടയിലും പൊതു സമൂഹത്തിലും അംഗീകാരവും പ്രശംസയും ലഭിക്കാന്‍ ശരീര ഭംഗി പ്രധാന ഘടകമാണെന്ന ധാരണ വച്ചുപുലര്‍ത്തുന്നവരാണ് മിക്കവരും. അമിതവണ്ണവും മെലിഞ്ഞ ശരീര പ്രകൃതമുള്ളവരിലും ഈ ധാരണ ആത്മവിശ്വാസക്കുറവ് വളര്‍ത്തുന്നു. ശരിയായ ഭക്ഷണരീതിയും വ്യായാമശീലങ്ങളും അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതോടൊപ്പം അവരുടെ കഴിവുകളെ കണ്ടെത്തി പ്രശംസിക്കുകയും ചെയ്യുന്നത് അവരിലെ ആത്മവിശ്വാസം വളര്‍ത്തുന്ന പ്രധാന ഘടകമാണ്.
പതിവിലും കൂടുതല്‍ സമയം ഒരുങ്ങുന്നതും പുതിയ ഫാഷന്‍ അനുസരിച്ച് സ്വയം മാറ്റങ്ങള്‍ വരുത്തുന്നതും ഒരു തെറ്റായി കാണാതിരിക്കുക. അമിതമായ നിയന്ത്രണങ്ങള്‍ അവരില്‍ വാശിയും ദേഷ്യവും വളര്‍ത്തുന്നതോടൊപ്പം അവരുടെ ക്രിയാത്മകതയെ നശിപ്പിക്കുകയും ചെയ്യും. അവരുടെ ക്രിയാകതയെ അഭിനന്ദിക്കുകയും അനുചിതമല്ലാത്ത രീതിയിലുള്ള മാറ്റങ്ങള്‍ കണ്ടാല്‍ സ്‌നേഹപൂര്‍വം ബോധ്യപ്പെടുത്തിക്കൊടുക്കാനുമാണ് ശ്രമിക്കേണ്ടത്.
വൈകാരിക മാറ്റങ്ങള്‍
വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രധാന കേന്ദ്രമായ ലിംബിക് സിസ്റ്റം (Limbic System)കൗമാര പ്രായക്കാരിലെ വൈകാരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഋതുമതിയായ കുട്ടികളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ (Neuro transmitter) ഉത്പാദനവും അവരിലെ വികാര പ്രകടനങ്ങളെ നിയന്ത്രിക്കുന്നു. കൗമാരത്തില്‍ സന്തോഷം, സങ്കടം, ദേഷ്യം, നിരാശ, അസൂയ, വിഷാദം തുടങ്ങിയ വികാരങ്ങള്‍ ഏറിയ തോതില്‍ പ്രകടമായിരിക്കും. മുതിര്‍ന്നവരുടെ സഹായം കൂടാതെതന്നെ ശരിതെറ്റുകള്‍ നിര്‍വചിക്കാന്‍ കൗമാരക്കാര്‍ പ്രാപ്തരാകുന്നു. നിസാരകാര്യങ്ങളില്‍പോലും അമിതമായി സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നതും പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അന്തര്‍മുഖരായി കാണപ്പെടുന്നതും കൗമാരത്തിലെ പ്രത്യേകതയാണ്. എന്നാല്‍ സ്വഭാവത്തില്‍ അസാധാരണരീതിയില്‍ മാറ്റം കാണുകയും നിരാശയും അന്തര്‍മുഖത്വവും പ്രകടിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അത്തരക്കാര്‍ക്ക് കൗണ്‍സലിംഗിന് അവസരമൊരുക്കിക്കൊടുക്കണം. ദേഷ്യവും വാശിയും പ്രകടിപ്പിക്കുമ്പോള്‍ കൂടുതല്‍ പ്രകോപിപ്പിക്കുന്ന രൂപത്തില്‍ ഇടപെടാതെയും കുറ്റപ്പെടുത്താതെയും ശാന്തമായി അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അവരോടൊപ്പം സമയം ചെലവഴിക്കുകയാണ് വേണ്ടത്. എന്തും തുറന്നു പറയാനുള്ള സൗഹാര്‍ദ അന്തരീക്ഷം വീട്ടിലുണ്ടാക്കിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൗമാരത്തില്‍ ആണ്‍കുട്ടികളോടുതോന്നുന്ന ആകര്‍ഷണത്വവും അനുബന്ധമായ പ്രണയവും ഈ ഘട്ടത്തിലെ ജൈവിക പ്രത്യേകതകളാണ്. ഇത് ഒരു പാപമായി ചിത്രീകരിക്കാതെ ഈ ഘട്ടത്തിലെ സ്വാഭാവികമായ വികാരമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ മുതിര്‍ന്നവര്‍ തയാറാകണം.
കൗമാരക്കാരിലെ സ്വാഭാവ മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിനും അമിത നിയന്ത്രണത്തിനും വിധേയമാക്കാതിരിക്കുക. തെറ്റുകളെ പര്‍വതീകരിച്ചു അധിക്ഷേപിക്കാതെ അത് സ്വാഭാവികമാണെന്നും തിരുത്താന്‍ കഴിയുന്നതാണെന്നും അവരെ ബോധ്യപ്പെടുത്തുന്നതോടൊപ്പം അത് ക്ഷമിക്കാന്‍ മുതിര്‍ന്നവര്‍ തയാറാണെന്നുമുള്ള വിശ്വാസം അവരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ അതുവഴി ഭാവിയില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ വീട്ടില്‍ തുറന്നുപറയാനുള്ള ആത്മവിശ്വാസമാണ് അവര്‍ ആര്‍ജിക്കുന്നത്.
സൗഹൃദം
സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന കാലം കൂടിയാണ് കൗമാരം. ഈ ഘട്ടത്തില്‍ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്ക് മാതാപിതാക്കളുടെ അഭിപ്രായത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതും കാണാറുണ്ട്. കൂട്ടുകാരുടെ പ്രോത്സാഹനമുണ്ടെങ്കില്‍ ഏറെ സാഹസമുള്ള കാര്യങ്ങള്‍പോലും ഭീതി കൂടാതെ ചെയ്യാന്‍ കൗമാരക്കാര്‍ തയാറാകും. സുഹൃത്തുകളുടെ അംഗീകാരം നേടിയെടുക്കാനും ധീരത പ്രകടിപ്പിക്കാനും ശരി തെറ്റുകളോ പ്രത്യാഘാതങ്ങളോ വകവയ്ക്കാതെ ഇറങ്ങിത്തിരിക്കുന്നത് പലപ്പോഴും കൗമാരപ്രായക്കാരെ വലിയ അബദ്ധങ്ങളിലേക്കും ദുശ്ശീലങ്ങളിലേക്കും കൊണ്ടെത്തിക്കാറുണ്ട്. ഇങ്ങനെ ഒരുവശം ഉണ്ടെങ്കില്‍കൂടി സൗഹൃദം വളര്‍ത്തിയെടുക്കുന്നതില്‍ നിന്നും അവരെ തടയുന്നത് വലിയ മണ്ടത്തരമാണ്. അവരുടെ സുഹൃത്തുകളെ അടുത്തറിയുകയും അവരുമായി ആരോഗ്യകരമായ സൗഹൃദം വളര്‍ത്തിയെടുക്കുകയും വേണം. അതുവഴി അവരുടെ സൗഹൃദവലയത്തെക്കുറിച്ച് കൃത്യമായ ധാരണലഭിക്കും. ഏതു തരക്കാരുമായാണ് സൗഹൃദം സ്ഥാപിക്കേണ്ടതെന്ന് അവരെ സ്‌നേഹപൂര്‍വം ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിയേണ്ടതുണ്ട്. തെറ്റായ ശീലങ്ങളിലേക്ക് നയിക്കുന്ന സുഹൃത്തുക്കളുണ്ടെങ്കില്‍ അതിന്റെ ഭവിഷത്ത് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതോടൊപ്പം അത്തരം സുഹൃത്തുക്കളെ ഒഴിവാക്കാനും ശീലിപ്പിക്കേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിന് ബാല്യമെന്നപോലെ ആത്മവിശ്വാസമുള്ള കൗമാരത്തിനും ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത കഴിവുകളും ചുറുചുറുക്കുമുള്ള പലരും പിടിവാശിയും ആശങ്കയും തെറ്റായ സൗഹൃദവും കാരണം അബദ്ധങ്ങളില്‍ ചെന്നുചാടുന്നു. അപ്രായോഗികമായ ചിന്തകള്‍ മനസില്‍ കൊണ്ടുനടക്കുകയും പ്രായോഗിക മാര്‍ഗങ്ങള്‍ പരിഗണിക്കാതെ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ വരുമ്പോള്‍ മാനസികമായി തകര്‍ന്നുപോകുന്നവര്‍ തങ്ങളെ ആരും മനസിലാക്കുന്നില്ലെന്നുള്ള ബോധ്യത്തിലേക്ക് എത്തിച്ചേരും. അവരെ ആത്മവിശ്വാസമുള്ളവരായി മാറ്റാന്‍ ക്ഷമയോടെ, തുറന്നമനസോടെ, സ്‌നേഹത്തോടെ ഇടപഴകാനും ആവശ്യമായ അറിവുകള്‍ പകരാനും വളര്‍ത്തിക്കൊണ്ടുവരാനും കഴിയേണ്ടതുണ്ട്. അത്തരത്തിലുള്ള പ്രോത്സാഹനം ലഭിക്കാതെ വരുമ്പോള്‍ പഠന, പഠനേതര കാര്യങ്ങളില്‍ പിന്നോട്ട് പോകാനും പതിയെ നിരാശയിലേക്കും വിഷാദത്തിലേക്കും എത്തിപ്പെടുമെന്നതില്‍ സംശയില്ല.
നിഷിത മോഹന്‍ദാസ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, പരവൂര്‍, കൊല്ലം