മഞ്ഞൾമാഹാത്മ്യം!
Friday, July 24, 2020 2:31 PM IST
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ ആന്റി ഓക്സിഡന്റാണ്. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം.
വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.
ചർമാരോഗ്യത്തിന്
ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. ചർമം ശുദ്ധമാകുന്പോൾ സൗന്ദര്യം താനേ വരും. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. വെളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞൾ ചേർത്തു മുഖത്തു പുരട്ടുന്നതു ശീലമാക്കിയാൽ തിളക്കം കൂടുമത്രേ.
പ്രസവശേഷം ചർമത്തിലുണ്ടാകുന്ന സ്ട്രച്ച് മാർക്ക് കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.
വിളർച്ച തടയുന്നു
മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.
വിഷാദം കുറയ്ക്കുന്നതിന്
മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.
നീരും വേദനയും കുറയ്ക്കുന്നു - കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.
കൃമികടിക്കു നാടൻ പരിഹാരം
കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെളളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.
എല്ലുകളുടെ കരുത്തിന് -
മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.
നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം - പണ്ടൊക്കെ നാട്ടിൻ പുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻ മഞ്ഞൾ വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.