ഡോക്ടര്‍, 25 വയസുള്ള കംപ്യൂര്‍ എന്‍ജിനിയര്‍ ആണ് ഞാന്‍. പൊണ്ണത്തടികൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
ആതിര, കുമാരനെല്ലൂര്‍

ഇതിന് നമ്മുടെ പൂര്‍വികര്‍ നല്ല ഉത്തരം തന്നിട്ടുണ്ട്. 'പൊണ്ണത്തടിയനെ എന്തിനു കൊള്ളാം, വലിയ പുരയ്‌ക്കൊരു തൂണിനു കൊള്ളാം. 'എന്നാണല്ലോ അവര്‍ പറഞ്ഞിരിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്റ്ററോള്‍ കൂടുതല്‍, ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍, കരളിനെ ബാധിക്കുന്ന ഫാറ്റി ലിവര്‍, സിറോസിസ് , ലിവര്‍ കാന്‍സര്‍, ഉറങ്ങുമ്പോഴുള്ള ശ്വാസതടസം, മാനസിക പിരിമുറുക്കം, കാല്‍മുട്ടുവേദന, നടുവേദന, അര്‍ശസ്, വെരിക്കോസ് വെയിന്‍, കാന്‍സറിന്റെ നിരക്ക് കൂടുതല്‍ എന്നിവയാണ് പൊണ്ണത്തടി മൂലമുണ്ടാകുന്ന അസുഖങ്ങള്‍.

പൊണ്ണത്തടി മൂലം കോശങ്ങളില്‍ നീരുവന്നു കെട്ടി ഓക്‌സിജനും ഗ്ലൂക്കോസും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കുന്നു. അതിനെ മറികടക്കാന്‍ കൂടുതല്‍ കൂടുതല്‍ ഇന്‍സുലിനും ഇന്‍സുലിന്‍ വളര്‍ച്ചാഘടകവും ഉണ്ടാക്കപ്പെടുന്നു.

കൊഴുപ്പു കോശങ്ങളില്‍ കൂടുതല്‍ സ്ത്രീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. കൊഴുപ്പു കോശങ്ങളുണ്ടാക്കുന്ന ഘലുശേട്ടി എന്ന പദാര്‍ഥം പൊണ്ണത്തടി ഉള്ളവരില്‍ കൂടുതലാണ്. ഘലുശേട്ടി അര്‍ബുദ വളര്‍ച്ചയുണ്ടാക്കുന്ന വസ്തുവാണ്. കുറഞ്ഞ രോഗ പ്രതിരോധ ശേഷിക്കും പൊണ്ണത്തടി കാരണമാകുന്നു.


പുരുഷന്മാരില്‍ കുടല്‍, മലാശയം, വൃക്ക, അന്നനാളം, പാന്‍ക്രിയാസ് എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് മേല്‍ പറഞ്ഞ ഭാഗങ്ങള്‍ കൂടാതെ സ്തനം, ഗര്‍ഭാശയ ഭിത്തി എന്നിവിടങ്ങളിലും കാന്‍സര്‍ വരാനുള്ള സാധ്യതയും പൊണ്ണത്തടിയുള്ളവരില്‍ കൂടുതലാണ്. അമിതാഹാരം, അമിത മാംസാഹാരം, വ്യായാമക്കുറവ് ഇവയുടെ കൂടെ പുകവലി, മദ്യപാനം എന്നിവയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. സ്തനാര്‍ബുദം പുനരാരംഭിക്കാനുള്ള സാധ്യതയും പൊണ്ണത്തടിയുള്ളവരില്‍ കൂടുതലാണ്.

പൊണ്ണത്തടിക്കാരില്‍ ആഹാര ക്രമീകരണം, വ്യായാമം എന്നിവ അത്യാവശ്യമാണ്. പൊണ്ണത്തടി ഇങ്ങനെ കുറയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണ്. ആമാശയത്തിന്റെ വലിപ്പം കുറയ്ക്കാനുള്ള സര്‍ജറികളാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.

ഡോ. ചിത്രതാര കെ.
വകുപ്പ് മേധാവി, സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക് ഓങ്കോളജി, വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം