? ഇരുപതു വയസുള്ള എനിക്ക് തളര്‍ച്ചയും ഇടയ്ക്കിടെ തലചുറ്റലും തോന്നും. അല്പം നടന്നാല്‍പ്പോലും കിതയ്ക്കും. ഇത് എന്തെങ്കിലും രോഗമാണോ.

തെരേസ, കൊല്ലം

വിളര്‍ച്ച എന്നു പൊതുവേ പറയുന്ന അനീമയാകും നിങ്ങളുടെ രോഗം. സ്ത്രീകളെയാണ് ഈ രോഗം താരതമ്യേന കൂടുതല്‍ ബാധിക്കുന്നത്. തളര്‍ച്ച, ക്ഷീണം, കിതപ്പ്, നെഞ്ചിടിപ്പ് തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു നോക്കിയാണ് അനീമയുടെ തീവ്രത കണ്ടെത്തുന്നത്. സ്ത്രീകളില്‍ നോര്‍മല്‍ ഹീമോഗ്ലോബിന്റെ അളവ് 14 gm/dL ആണ്. ഹീമോഗ്ലോബിന്‍ 12 gm/dL താഴെയായാല്‍ അനീമിയ ആണ്.

ആഹാരത്തില്‍ ഇരുമ്പുസത്ത്, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവ് വിളര്‍ച്ചയുണ്ടാക്കും. ഇരുമ്പിന്റെ കുറവുമൂലമുള്ള അയണ്‍ ഡഫിഷ്യന്‍സി അനീമിയ മലയാളികളില്‍ പൊതുവേ കൂടുതലാണ്. ഇലക്കറികള്‍ ആഹാരത്തില്‍ കുറയുന്നതും ഫാസ്റ്റ് ഫുഡ് ആഹാരരീതിയുമാണു പ്രധാന കാരണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ വെറുതെ അയണ്‍ ഗുളിക കഴിക്കരുത്. ഗുളിക ചിലരില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കും. അതിനാല്‍ ഗുളികയ്ക്കു പകരം കുത്തിവയ്പ്പു വേണ്ടിവരും. അയണ്‍ ആഗീരണം തടയുന്ന മറ്റു ചില മരുന്നുകള്‍ കുറച്ചുകാലത്തേക്ക് ഒഴിവാക്കേണ്ടിയും വരും.


ആര്‍ത്തവസമയത്തു കൂടുതല്‍ രക്തനഷ്ടമുണ്ടായാല്‍ അനീമിയ ഉണ്ടാകും. നിസാരമായ വിരശല്യം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ അനീമിയ ഉണ്ടാക്കാം.

വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ഹൈപ്പോതൈറോയ്ഡിസം, പൈല്‍സ്, ചില മരുന്നുകള്‍ എന്നിവയും അനീമയ്ക്കു കാരണമാകുന്നു. ഗര്‍ഭിണികളില്‍ നോര്‍മല്‍ ഹീമോഗ്ലോബിന്‍ സാധാരണ സ്ത്രീകളെക്കാള്‍ കുറവായിരിക്കും. ഗര്‍ഭിണികളില്‍ ഹീമോഗ്ലോബിന്‍ 11 gm/dL ലും കുറയുമ്പോഴാണ് അനീമിയ ആകുന്നത്. കൃത്യമായ രോഗകാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഒരു ഫിസിഷ്യന്റെ ഉപദേശം തേടുക. അതുപോലെ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും പഠിക്കണം.