നഖങ്ങളിലെ പൂപ്പൽബാധ
Wednesday, January 22, 2020 2:17 PM IST
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റിൻ എന്ന മാംസ്യത്തിനാൽ നിർമിക്കപ്പെട്ടവയാണിവ. ഇവ സ്പർശനത്തിനും സഹായിക്കുന്നുണ്ട്. നഖങ്ങൾ രൂപപ്പെടുന്നതു ഗർഭകാലത്തെ ഒന്പതിനും ഇരുപതിനും ആഴ്ചകൾക്കിടയിലാണ്. നഖങ്ങളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണു പൂപ്പൽബാധ. പ്രായപൂർത്തിയായവരെയാണു കൂടുതലായും ബാധിക്കുന്നത്. സ്ത്രീകളേക്കാൾ കൂടുതലായി പുരുഷന്മാരിലാണു പൂപ്പൽബാധ കാണുന്നത്. കൈകളിലേയും കാലുകളിലേയും നഖങ്ങളെ ബാധിക്കാമെങ്കിലും കൈവിരലുകളിലെ നഖങ്ങളിലാണു പൂപ്പൽബാധ കൂടുതലായും കാണുന്നത്.
പൂപ്പൽബാധയ്ക്കുള്ള സാഹചര്യങ്ങൾ
1. സ്ഥിരമായി വെള്ളവുമായുള്ള സന്പർക്കം (ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവർ)
2. പ്രമേഹ രോഗം
3. നഖങ്ങളിലുള്ള ക്ഷതങ്ങൾ
4. എച്ച്ഐവി അണുബാധ 5. വാർധക്യം
6. കൂർത്ത അഗ്രമുള്ള ഷൂവിന്റെ ഉപയോഗം 7. അമിത വിയർപ്പ് 8. പുകവലി
ലക്ഷണങ്ങൾ
നഖങ്ങളെ ചർമവുമായി കൂട്ടിയോജിപ്പിക്കുന്ന ക്യൂട്ടിക്കിൾ എന്ന ഭാഗത്തെയാണ് അസുഖം ആദ്യം ബാധിക്കുന്നത്. ക്യൂട്ടിക്കിളിനെ നശിപ്പിച്ചശേഷം നഖത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയായി.
പൂപ്പൽബാധ ഉണ്ടാവുന്നതോടെ നഖങ്ങളുടെ നിറം മാറിത്തുടങ്ങുകയായി. കറുപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലേതെങ്കിലും ഒന്നിൽ നഖങ്ങൾ കാണപ്പെടാം. ചിലയവസരങ്ങളിൽ നഖങ്ങളുടെ കട്ടി കുറയുകയാണെങ്കിൽ മറ്റവസരങ്ങളിൽ പൂപ്പൽബാധ നഖങ്ങളുടെ കട്ടി വർധിപ്പിക്കുകയാണു ചെയ്യുന്നത്. ചിലഭാഗങ്ങളിൽ നഖം പൊടിഞ്ഞും കാണപ്പെടാറുണ്ട്. അവസാനം നഖം അതിന്റെ അടിയിൽ ചേർന്നിരിക്കുന്ന ഭാഗത്തിൽനിന്നും വേർപെട്ട് വരികയും ചെയ്യുന്നു. ചർമത്തിനും നഖത്തിനുമിടയിൽ വെളുത്ത പൗഡർപോലുള്ള പദാർഥം പ്രത്യക്ഷപ്പെടുകയും ചെയ്യാം. സാധാരണയായി ഒന്നോരണ്ടോ നഖങ്ങളെ മാത്രമേ ഒരേസമയം പൂപ്പൽ ബാധിക്കുകയുള്ളു.
രോഗനിർണയം
രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു രോഗനിർണയം. ചിലയവസരങ്ങളിൽ രോഗനിർണയം ഒരു കീറാമുട്ടിയാവാറുണ്ട്. അത്തരം അവസരങ്ങളിൽ അസുഖബാധിതമായ നഖത്തിന്റെ ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിക്കേണ്ടിവരും. നഖങ്ങളെ ബാധിക്കുന്ന സോറിയാസിന്, ലൈക്കണ് പ്ലാനസ് എന്നിവയും ഈ രോഗലക്ഷണങ്ങൾക്കു സമാനമായ രീതിയിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.
ചികിത്സ
പൂപ്പൽ ബാധയ്ക്ക് നിരവധി മരുന്നുകൾ വിപണിയിലുണ്ട്. എല്ലാത്തിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. നഖത്തിൽ നെയിൽപോളിഷ് പോലെ പുരട്ടുന്ന നെയിൽ ലാക്കറുകളും വിപണിയിൽ സുലഭമാണ്. ഉള്ളിൽ കഴിക്കുന്ന മരുന്നുകളാണ് മിക്കയവസരങ്ങളിലും ഗുണംചെയ്യാറുള്ളത്. ഇതിൽ ഏറ്റവും പ്രധാനം ’പൾസ് തെറാപ്പിയാണ്’ 25 ശതമാനം രോഗികളിൽ ചികിത്സ ഫലപ്രദമാവാറില്ല. കാരണം താഴെപ്പറയുന്നവയിൽ ഏതെങ്കിലുമാവാം.
1. തെറ്റായ രോഗനിർണയം 2. തെറ്റായ മരുന്നുകളുടെ ഉപയോഗം 3. മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനം 4. പ്രമേഹരോഗം 5. എച്ച്ഐവി അണുബാധ 6. കൃത്യമായ കാലയളവിൽ മരുന്നുകൾ ഉപയോഗിക്കാതിരിക്കുന്നതുമൂലം 7. മരുന്നുകൾക്കെതിരേ രോഗാണുക്കൾ പ്രതിരോധശേഷി നേടിയെടുക്കുന്നതുമൂലം. 8. വാർധക്യം
വിവരങ്ങൾ - ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ ഫോൺ - 8714373299