ഹൃദയാരോഗ്യത്തിനു തക്കാളി
Friday, January 10, 2020 3:03 PM IST
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡൻറ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു, എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.
ബിപി നിയന്ത്രിക്കാൻ
തക്കാളിയിൽ പൊട്ടാസ്യം ധാരാളം. രക്തസമ്മർദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്പോഴാണ് രക്തസമ്മർദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തിൽ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്തസമ്മർദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.
ഹൃദയാരോഗ്യത്തിന്
തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ എ, സി, നാരുകൾ, കരോട്ടിനോയ്ഡുകൾ എന്നിവയുടെ യോജിച്ചുളള പ്രവർത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആൻറി ഇൻഫ്ളമേറ്ററി ഏജൻറുകളായ ബയോ ഫ്ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിന്റെ തോത് കൂടുതലായതിനാൽ തക്കാളി അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്. വീട്ടുവളപ്പിൽ കീടനാശിനി സാന്നിധ്യമില്ലാതെ വിളഞ്ഞ തക്കാളിയാണ് ആരോഗ്യദായകം.