പ്രമേഹ പ്രതിരോധവും നിയന്ത്രണവും
Monday, November 18, 2019 3:13 PM IST
പ്രമേഹം എങ്ങനെ പ്രതിരോധിക്കാമെന്നും നിയന്ത്രണവിധേയമാക്കാമെന്നുമുള്ളതാണ് നമ്മൾ പ്രധാനമായും ചിന്തിക്കുന്നത്. കണക്കുകൾ പ്രകാരം അഞ്ചിൽ ഒരാൾ പ്രമേഹരോഗത്തിന് അടിമയാണ്. അനാരോഗ്യകരമായ ആഹാരക്രമവും ജീവിതശൈലിയും ഈ സംഖ്യ ക്രമാതീതമായി വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗൗരവവും അസാധ്യവുമായ പല രോഗങ്ങളുടെയും മൂലസ്ഥാനം പ്രമേഹംതന്നെയാണ്. നിയന്ത്രിക്കാമെന്നല്ലാതെ പരിപൂർണമായി ഭേദമാക്കാൻ കഴിയാത്തതുമാണ്.
ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ നല്ല നിലനിൽപ്പാണ് ആരോഗ്യം. ചികിത്സയേക്കാൾ രോഗപ്രതിരോധത്തിൽ ശ്രദ്ധിക്കുന്ന ശാസ്ത്രമാണ് ആയുർവേദം. പാൻക്രിയാസ് എന്ന ഗ്രന്ഥിയാണ് പ്രമേഹത്തിന്റെ ഉറവിടം. അതിൽ ബിറ്റാസെൽ രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ച് ഗ്ലൂക്കോസിനെ ശരീരകോശങ്ങളിലേക്ക് എത്തിച്ച് ഉൗർജം നൽകുന്നു.
മറ്റൊരു കോശമായ ആൽഫാസെൽ ഗ്ലൂക്കഗോണ് ഉത്പാദിപ്പിച്ച ് കുറയുന്ന ഷുഗറിനെ വർധിപ്പിച്ച് സമാവസ്ഥയിൽ കൊണ്ടുവരുന്നു. ഇതിന്റെ അവസ്ഥ പ്രമേഹ നിയന്ത്രണത്തിനും പ്രതിരോധത്തിനും കാരണമാകും.
മേൽ വിവരിച്ച പ്രക്രിയയെ വികൃതമാക്കി പ്രമേഹബാധിതനാക്കുന്നത് അസ്വസ്ഥമായ ശരീര മനസുകൾക്കും സമൂഹത്തിനും ആത്മീയതയ്ക്കും പരസ്പരം അവിഭാജ്യമായ
ബന്ധമാണുള്ളത്.
മോശമായ ജീവിതശൈലിമൂലം ശരീരത്തിലെ ചയാപചയപ്രക്രിയ ദോഷമായി തീരുന്നു. മാനസിക സംഘർഷം, ശിഥിലമായ കുടുംബബന്ധങ്ങൾ, സാമൂഹിക ചുറ്റുപാടുകൾ ഇവ രോഗം മൂർഛിക്കുന്നതിന് ഇടയാക്കുന്നു. ആത്മീയജ്ഞാനവും ധാർമികതയും ഒരു പരിധിവരെ മാനസിക സംഘർഷം ഒഴിവാക്കാൻ സഹായിക്കുന്നു.
പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങൾ പരിശോധിക്കാം. കൂടുതൽ വിയർപ്പ് ഉണ്ടാകുക, അതിന് മധുരരസവും ദുർഗന്ധവും ഉണ്ടാകുക, അവയവങ്ങൾക്ക് ശിഥിലത ഉണ്ടാകുക, അധിക സമയം ഇരിക്കാനും കിടന്ന് വിശ്രമിക്കാനും ആഗ്രഹം ഉണ്ടാകുക എന്നിവയൊക്കെയാണ്. ശരീരം കടുതൽ തടിക്കും, രോമവും നഖങ്ങളും സാധാരണയിൽ കവിഞ്ഞ് പെട്ടെന്ന് വളരുന്നതാണ്. തണുപ്പിൽ ആഗ്രഹമുണ്ടാകുക, വായിലും തൊണ്ടയിലും വരൾച്ച ഉണ്ടാകുക, വായ് മധുരിക്കുകയും ചെയ്യും. കൈയിലും കാലിലും ചുട്ടുനീറ്റലുണ്ടാകും. ഇവയിൽ ചിലതെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും പ്രമേഹ പരിശോധനയ്ക്ക് വിധേയമാകണം.
ആഹാരത്തിൽ വേണ്ടവിധം ശ്രദ്ധിക്കാതെയും ശാസ്ത്രീയമായ ചികിത്സ ചെയ്യാതെയും ഇരുന്നാൽ രോഗം മൂർഛിക്കുന്നതിനും അനുബന്ധ രോഗങ്ങളായ വൃക്കാശ്രിത രോഗങ്ങൾ, നാഡീവ്യൂഹത്തെ ആശ്രയിച്ചുണ്ടാകുന്ന (ന്യൂറോപ്പതി) രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും കാരണമായി വരുന്നു. ലൈംഗികശേഷിയും താത്പര്യവും നഷ്ടപ്പെടുന്നു. വാതവ്യാധി തുടങ്ങിയ മഹാരോഗങ്ങളെ വർധിപ്പിക്കുന്നു.
എങ്ങനെ നിയന്ത്രിക്കാം
അടുത്തകാലത്തായി മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ് ലഡു, ജിലേബി തുടങ്ങിയ മധുരപദാർഥങ്ങൾ കഴിച്ചുകൊണ്ട് രക്തത്തിലെ ഷുഗർ നിയന്ത്രിക്കാം എന്നുള്ളത്. വളരെ അധികം പരീക്ഷണ-നിരീക്ഷണങ്ങൾ ആവശ്യമായ ഒന്നാണ്.
മരുന്നുകൾ ഉപയോഗിച്ച് ഷുഗറിനെ നിയന്ത്രിക്കുന്പോൾ പാൻക്രിയാസിലെ ബിറ്റാസെല്ലുകൾ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കുകയും ക്രമേണ ശരീരത്തിലെ സ്വാഭാവികമായ ഇൻസുലിൻ പരിപൂർണമായി നിലയ്ക്കുകയും ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്പുകളെയും മറ്റ് ഒൗഷധങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു.
ഏത് അവയവവും സ്ഥിരമായി പ്രവർത്തിപ്പിക്കാതിരുന്നാൽ അവയുടെ പ്രവർത്തനക്ഷമത ക്രമമായി കുറയുമെന്നത് ശരിയാണ്. അതിനാൽ ഇൻസുലിൻ ഉത്പാദിപ്പിക്കണമെങ്കിൽ പ്രമേഹരോഗി മധുരം കഴിച്ച് ബിറ്റാസെല്ലിനെ ഉണർത്തി ഉത്തേജിപ്പിക്കണം. ഇതിന്റെ ഉപജ്ഞാതാവ് ശാസ്ത്രീയമായി തെളിയിക്കാത്തിടത്തോളം ഇത് അനുകരിക്കാമോ? എന്നാൽ, അനേകം രോഗികളിൽ ഇത് ശരിയാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരിയായ വ്യായാമക്രമം. എല്ലാവർക്കും അനുഷ്ഠിക്കാവുന്ന ലളിതമായ ഒരു വ്യായാമക്രമം ഇവിടെ അവതരിപ്പക്കുകയാണ്.
രണ്ടു കൈയുടെയും മുഷ്ടി ചുരുട്ടി ശരീരത്തിലെ ബലം രണ്ടു കൈയിലും കൊടുത്ത് നെഞ്ചിനടുത്തായി മടക്കിക്കൊണ്ടു വരിക, അതുപോലെ നിവർത്തുക. ഇപ്രകാരം അഞ്ചു പ്രാവശ്യം ചെയ്യുകയും ക്രമേണ വർധിപ്പിക്കുകയും ചെയ്യുക.
അതുപോലെ രണ്ടു കൈയും വെളിയിലേക്ക് വിരിച്ച് മുഷ്ടി ചുരുട്ടി ബലം രണ്ടു കൈയിലും കൊണ്ടുവന്ന് ക്രോസായി കൊണ്ടുവരികയും നിവർത്തുകയും ചെയ്യുക. ഇപ്രകാരം അഞ്ചു പ്രാവശ്യം ചെയ്യുകയും ക്രമേണ വർധിപ്പിക്കുകയും ചെയ്യുക. ഇത് രാവിലെ എണീറ്റ് ഉടനെ ചെയ്യേണ്ടതാണ്. ഇത് പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു.
ആഹാരക്രമങ്ങൾ
കഴിക്കാവുന്നതും ഒഴിവാക്കാവുന്നതും കുറച്ചുമാത്രം കഴിക്കാവുന്നതുമായവയെ നോക്കാം. പലരുടെയും ധാരണ ഗോതന്പ് കഴിച്ചാൽ ഷുഗർ കുറയും, അരിയാഹാരം കഴിച്ചാൽ ഷുഗർ കൂടും എന്നതാണ്. എന്നാൽ, ഇത് തെറ്റാണ്. രണ്ടിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവ് ഒന്നുതന്നെയാണ്. പച്ചക്കറികൾ ധാരാളം ഉപയോഗിക്കുക, കുറച്ചു പഴവർഗങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല. ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, ഞാവൽപ്പഴം എന്നിവ ശീലിക്കണം. മത്സ്യം, ചിക്കൻ എന്നിവ ഉപയോഗിക്കാം. മധുരം പരിപൂർണമായി ഒഴിവാക്കണം. പഞ്ചസാര ചേർന്ന പാൽ, ചായ, ശർക്കര, മദ്യം, പുകവലി എന്നിവ പരിപൂർണമായി ഒഴിവാക്കണം. കപ്പ, ഉരുളക്കിഴങ്ങ് എന്നിവ വർജിക്കണം.
ആയുർവേദത്തിൽ വിവരിക്കുന്നതും അനുഭവ പ്രാധാന്യമുള്ളതുമായ ചില പ്രമേഹ ഒൗഷധങ്ങൾ പരിശോധിക്കാം.
പച്ചനെല്ലിക്കാനീര് മഞ്ഞൾപ്പൊടി ചേർത്ത് അതിരാവിലെ കഴിക്കുക. മൂന്ന് കൂവളത്തില ചവച്ച് കഴിക്കുക, രണ്ട് വെണ്ടക്കായ് വട്ടം ചെത്തി തലേദിവസം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് രാവിലെ വെണ്ടയ്ക്ക നീക്കിയശേഷം കഴിക്കുക. നിശാകതകാദി കഷായം വിധിപ്രകാരം കഴിക്കുക, ആഹാരത്തോടൊപ്പം ഉലുവ ശീലമാക്കുക.
ഈ ഒൗഷധങ്ങളെല്ലാം തന്നെ ഷുഗറിന്റെ അളവിനെ കുറയ്ക്കുന്നതോടൊപ്പം പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് സ്വാഭാവികമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മറ്റു പാർശ്വതലങ്ങൾ ഒന്നുംതന്നെ ഇല്ല. രക്തപരിശോധന കൃത്യമായി ചെയ്യേണ്ടതാണ്്.
പ്രഫ. ഡോ: വി. ശ്രീകുമാർ
സീനിയർ കൺസൾട്ടന്റ്, ആയുർവേദ ഡിപ്പാർട്മെന്റ്
സെന്റ് ജയിംസ് ഹോസ്പിറ്റൽ, ചാലക്കുടി