ഹൃദയത്തിനു കരുത്തായ് ഓറഞ്ച്
Friday, August 2, 2019 4:50 PM IST
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റാമിൻ എ, ബി, സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങൾ ഓറഞ്ചിലുണ്ട്. 170 ൽപരം ഫൈറ്റോകെമിക്കലുകളും 60 ൽപരം ഫ്ളേവനോയിഡുകളും അതിലുണ്ട്. ഇവയുടെ ആന്റി ഇൻഫ്ളമേറ്ററി(നീർവീക്കം തടയുന്നു), ആന്റി ഓക്സിഡന്റ് സ്വഭാവം രോഗങ്ങൾ തടയുന്നു. യുവത്വം നിലനിർത്തുന്നു. വിറ്റാമിൻ സിയാണ് ഓറഞ്ചിന്റെ ആരോഗ്യപരമായ സിദ്ധികൾക്ക് അടിസ്ഥാനം. വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുന്നതിനേക്കാൾ ഫലപ്രദം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നതാണെന്ന് ഇറ്റലിയിൽ നടത്തിയ ഒരു പഠനം പറയുന്നു. അപ്പോൾ ഓറഞ്ച് ജ്യൂസ് എത്രവേണമെങ്കിലും കഴിക്കാം എന്നു ധരിക്കരുത്.. അമിതമായി ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ പല്ലുകൾക്കു കേടുവരും.പല്ലിന്റെ ഇനാമലിനു കേടുവരുത്തും. ഓറഞ്ച് ജ്യൂസിലെ പഞ്ചസാരയുടെയും ആസിഡിന്റെയും സാന്നിധ്യമാണ് അതിന് ഇടയാക്കുന്നത്.
കൊളസ്ട്രോൾ കുറയ്ക്കുമോ..?
ഓറഞ്ചിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോൾ രക്തത്തിൽ കലരുന്നതിനുമുന്പ് അവയെ പിടികൂടി ശരീരത്തിൽ നിന്നു പുറന്തളളുന്നതിനു പെക്റ്റിൻ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലുളള hesperidinഎന്ന ആന്റി ഓക്സിഡൻറ് കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കുറയ്ക്കുന്നു. ഓറഞ്ച്ജ്യൂസിൽ അടങ്ങിയ ഫ്ളേവനോണുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഹൃദയത്തിന്റെയും ബന്ധു
ഓറഞ്ചിലെ ആൻറി ഓക്സിഡൻറുകൾ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാണ് ഹൃദയാരോഗ്യത്തിന് കരുത്തുപകരുന്നത്. പ്രത്യേകിച്ചും വിറ്റാമിൻ സി എന്ന ആന്റി ഓക്സിഡന്റ് ആർട്ടറികളെ ഫ്രീ റാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു. രക്തക്കുഴലുകൾക്കുള്ളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടാതെ തടയുന്നു. ഓറഞ്ചിലെ ഫൈറ്റോകെമിക്കലുകൾ ശരീരകോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും വഹിക്കുന്ന രക്തക്കുഴലുകളുടെ കരുത്തുകൂട്ടുന്നു.
ശരീരത്തിൽ ഹോമോസിസ്റ്റൈൻ എന്ന അമിനോആസിഡ് അധികമായാൽ ഹൃദയാഘാതത്തിനു സാധ്യതയേറും. ഓറഞ്ചിലുളള ഫോളേറ്റ്, വിറ്റാമിൻ ബി9 ഹോമോസിസ്റ്റൈനെ വിഘടിപ്പിച്ചു നീക്കുന്നു.
അമിതഭാരം കുറയ്ക്കുമോ?
ഓറഞ്ചിൽ വിറ്റാമിൻ സിയും നാരുകളും ധാരാളം. നാരുകളടങ്ങിയ വിഭവങ്ങൾ കഴിച്ചയുടൻ വയറു നിറഞ്ഞതായി അനുഭവപ്പെടും. അതിനാൽ കൊഴുപ്പടങ്ങിയ മറ്റുവിഭവങ്ങൾ അളവിൽ കുറച്ചുകഴിച്ചാൽ മതി.
മാത്രമല്ല അതിലുളള വിറ്റാമിൻ സി ശരീരത്തിലുളള ഗ്ലൂക്കോസിനെ ഉൗർജമാക്കി മാറ്റുന്നു. ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പു നീങ്ങുന്നു. കലോറി കുറഞ്ഞ ഫലമാണ് ഓറഞ്ച്; കൊഴുപ്പു കുറഞ്ഞ പോഷകങ്ങളുടെ ഉറവിടവും.
പ്രായമായവർക്കും സുഹൃത്ത്
പ്രായമായവരെ റുമറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നു സംരക്ഷിക്കുന്നു. ഓറഞ്ച് ജ്യൂസിലുളള വിറ്റാമിൻ സി എന്ന ആൻറി ഓക്സിഡൻറ് സന്ധികളിലെ നീരും വേദനയും കുറയ്ക്കാൻ സഹായകം. ഓറഞ്ചിലുള്ള zeaxanthin, beta-cryptoxanthin എന്നീ പോഷകങ്ങളും റുമറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നു സംരക്ഷണംനല്കുന്നു.
ഓറഞ്ച് ഫ്ളവറുളള പൊടി ശീലമാക്കിയാലും പോരേ?
അവയിൽ കൃത്രിമമധുരവും പ്രിസർവേറ്റീവുകളും ഏറെയാണ്. അവ ശീലമാക്കിയാൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. അത്തരം കൃത്രിമ ജ്യൂസ് ശീലമാക്കുന്നത് ആരോഗ്യകരമല്ല.