കരിമംഗല്യത്തിനു ചികിത്സയുണ്ടോ ?
Saturday, May 18, 2019 2:40 PM IST
മധ്യവയസ്കരായ സ്ത്രീ-പുരുഷന്മാരെ ബാധിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മെലാസ്മ അഥവാ കരിമംഗല്യം. സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രൗണ്‍-കറുപ്പ് നിറത്തിലുള്ള ചെറിയ പാടുകളായിട്ടാണ് ഈ പ്രശ്നം ആരംഭിക്കുന്നത്. പിന്നീടത് വ്യാപിക്കും. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കുകയും അതു ചർമത്തിലെ എപ്പിഡെർമിസ്, ഡെർമിസ് എന്നീ ഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിലോ അല്ലെങ്കിൽ രണ്ടിലുമോ നിക്ഷേപിക്കപ്പെടും. അങ്ങനെ നിക്ഷേപിക്കപ്പെടുന്ന മെലാനിനാണ് ബ്രൗണ്‍-കറുപ്പ് നിറത്തിൽ കാണപ്പെടുന്നത്.
ഗർഭകാലത്തും ഇത്തരം പാടുകൾ വരാം. അതിനെ ’ക്ലൊയാസ്മ’ എന്നാണ് വിളിക്കുന്നത്. പ്രസവത്തോടെ ആ പാടുകൾ അപ്രത്യക്ഷമാവുകയും ചെയ്യും. ഇതുകൂടാതെ ഫെനിറ്റോയിൻ ഗർഭനിരോധന ഗുളികകൾ ദീർഘകാലം ഉപയോഗിക്കുന്നവരിലും സൗന്ദര്യവർധക വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നവരിലും ഈ അവസ്ഥ ഉണ്ടാവാം.
പൊതുവേ എപ്പിഡെർമിസിനെ ബാധിക്കുന്ന കരിമാംഗല്യം എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയും, എന്നാൽ ഡെർമിസിനെ ബാധിച്ച അവസരങ്ങളിൽ ചികിത്സ ഒട്ട് ദുഷ്കരമാണ്. ചർമത്തിന്റെ ഏതു ഭാഗത്തിനെയാണു ബാധിച്ചതെന്നറിയാൻ ചികിത്സയ്ക്കായി നിരവധി മരുന്നുകൾ ലഭ്യമാണ്. ഇതുകൂടാതെ കെമിക്കൽ പീലിംഗ്, ലേസർ എന്നീ ചികിത്സാ സന്പ്രദായങ്ങളും നിലവിലുണ്ട്.
കണ്ണിനു ചുറ്റും കറുപ്പ്...
നിരവധി കാരണങ്ങൾകൊണ്ട് കണ്ണിനുചുറ്റും കറുപ്പ് നിറം ഉണ്ടാകാം. മാനസികസമ്മർദം, കണ്ണിന് സ്ഥിരമായി സ്ട്രെയിൻ ഉണ്ടാവുക (എന്നും കംപ്യൂട്ടർ സ്ക്രീനിന് മുന്നിലിരിക്കുക, സ്ഥിരമായി മൊബൈൽ ഉപയോഗിക്കുക) ഉറക്കക്കുറവ്, ശരീരം വല്ലാതെ ക്ഷീണിക്കുക, കരൾ സംബന്ധമായ രോഗങ്ങൾ, തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾ, മാസമുറയിലുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. യഥാർഥ കാരണം കണ്ടെത്തി ചികിത്സ
തേടുക.