ഉപവാസത്തിലൂടെ ശുദ്ധീകരണം - ശരീരത്തിനും മനസിനും
Saturday, May 18, 2019 2:20 PM IST
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് ( purification, cleancing effect). ഉപവാസത്തിലൂടെ നാം ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നു. ആമാശയവ്യവസ്ഥ ഏതാനും മണിക്കൂറുകൾ പരിപൂർണ വിശ്രമത്തിലായിരിക്കും. ഫലമോ ശരീരം ഒന്നാകെ ശുദ്ധീകരിക്കപ്പെടുന്നു. ഉപവാസം ശീലമാക്കിയവരിൽ ആയുർദൈർഘ്യം കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
കഞ്ഞി, പഴച്ചാർ, പഴങ്ങൾ
ഉപവാസത്തിനു ശേഷം സാധാരണയായി ആദ്യം കഴിക്കാവുന്നതു കഞ്ഞി, പഴച്ചാറുകൾ, പഴങ്ങൾ തുടങ്ങിയവയാണ്. ഇത്തരം വിഭവങ്ങൾ പോഷകസമൃദ്ധം. വളരെ പെട്ടെന്നു ദഹിക്കും.
ആന്റി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളമുളള ഇത്തരം വിഭവങ്ങൾ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നു. ഉപവാസത്തിനു ശേഷം വളരെ പെട്ടെന്നു ശരീരത്തിന് ഉൗർജം തിരിച്ചുകിട്ടാൻ സഹായകം. ഇത്തരം ഭക്ഷണം കുടലിന്റെ ആരോഗ്യത്തിനും ഗുണപ്രദം.
ആരോഗ്യപ്രശ്നങ്ങളുള്ളപ്പോൾ
എന്നാൽ പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവാസത്തിനു മുന്പ് കണ്സൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം. മറ്റു രോഗങ്ങൾക്കു പതിവായി മരുന്നുകഴിക്കുന്നവരും അക്കാര്യത്തിൽ ഉപേക്ഷ പാടില്ല. ഭക്ഷണത്തിനു മുന്പും പിന്പും കഴിക്കേണ്ട മരുന്നുകളുണ്ട്. തുടർച്ചയായി ഏതാനും മണിക്കൂറുകൾ ഭക്ഷണം ഉപേക്ഷിക്കുന്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ചിലരിൽ അസാധാരണ നിലയിൽ കുറയാൻ സാധ്യത ഏറെയാണ്.
ക്ഷീണം, തലചുറ്റൽ എന്നിവ ഉണ്ടാകുന്നതിനുളള സാധ്യതയുമുണ്ട്. അതിനാൽ അസുഖങ്ങളുളളവർ ഉപവാസത്തിനു മുന്പ് ചികിത്സകന്റെ നിർദേശം തേടണം.
ഈന്തപ്പഴം പോഷകസമൃദ്ധം
ഉപവാസത്തിനു ശേഷം കഴിക്കാറുള്ള ഈന്തപ്പഴം പോലെയുളള വിഭവങ്ങൾ ശരീരത്തിനു തുടർച്ചയായി കായികവും മാനസികവുമായ കരുത്തു പകരുന്നു. ഈന്തപ്പഴത്തിൽ ഇരുന്പ് ധാരാളം. മധുരമുണ്ട്. ഇരുന്പ് അടങ്ങിയിട്ടുള്ളതിനാൽ തൽക്ഷണം ഉയർന്ന കലോറി ഉൗർജം കിട്ടുന്നു. അതു ക്ഷീണമകറ്റും. ഫ്രഷ് ഈന്തപ്പഴം ഗുണപ്രദം. പഞ്ചസാരസിറപ്പിലിട്ട ഈന്തപ്പഴം ഒഴിവാക്കുന്നതാണ് ഉചിതം.
പഴച്ചാറുകൾ ഗുണപ്രദം
ഉപവാസശേഷം ധാരാളം വെള്ളം കുടിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ അതു സഹായകം. പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ എന്നിവ കഴിക്കാം. പഴച്ചാറുകൾ കഴിക്കുന്പോഴും വളരെ വേഗം ശരീരത്തിന് ഉർജം കിട്ടുന്നു. ഗ്ലൂക്കോസ് നല്കുന്ന ഫലമാണു പഴച്ചാറുകൾ നല്കുന്നത്.
നട്സ് ഹൃദയാരോഗ്യത്തിന്
ഉപവാസശേഷം കഴിക്കാൻ പറ്റിയ മറ്റൊരു വിഭവമാണ് നട്സ്. നട്സിൽ ഉയർന്ന കലോറി ഉൗർജമുണ്ട്.അതിനാൽ മിതമായി കഴിക്കുക. 100 ഗ്രാം നട്സ് കഴിച്ചാൽ ഏതുതരം നട്സാണെങ്കിലും 550 കാലറിയോളം ഉൗർജം കിട്ടും.
പക്ഷേ, നട്സ് കഴിച്ചാൽ തൂക്കം കൂടും. അതിനാൽ അമിതമായി കഴിക്കരുത്. നട്സിലുളള കൊളസ്ട്രോൾ മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാരോഗ്യത്തിനു ഗുണപ്രദം. പ്രത്യേകിച്ചും വാൽനട്ടും ബദാം പരിപ്പും.
പയറു വർഗത്തിൽപ്പെട്ട നിലക്കടലയും നല്ലതാണ്. 100 ഗ്രാമിൽ 550 കാലറി ഊർജം അടങ്ങിയിരിക്കുന്നു. ഇതിൽ പ്രോട്ടീനും ബി കോംപ്ലക്സും ധാരാളം. എന്നാൽ അധികമാകരുത്, ഒരുപിടി കഴിക്കാം. അതായത് 40 ഗ്രാം വരെ ദിവസവും കഴിക്കാം. അഥവാ രണ്ടു ടേബിൾ സ്പൂണ്. കാഷ്യു നട്സും നല്ലതാണ്. എന്നാൽ ഉപ്പു ചേർത്തു റോസ്റ്റ് ചെയ്തത് ഒഴിവാക്കണം. റോസ്റ്റഡ് വിഭവങ്ങളിൽ കാലറി കൂടുതലാണ്. ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നതും അപകടം.
അമിത കൊഴുപ്പ് ചെലവാക്കാം
ശരീരം നേരത്തേ ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിൽ നിന്ന് ഉൗർജമെടുത്താണ് ഉപവാസമണിക്കൂറുകളിൽ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നത്്. അതിനാൽ ഉപവാസത്തിനു ശേഷം രണ്ടുമൂന്നു കിലോ വരെ തൂക്കം കുറയാറുണ്ട്. ഉപവാസകാലത്തു പൊതുവെ കുറഞ്ഞ കലോറിയാണു ലഭിക്കുന്നത്.
ഒരു ദിവസം ആവശ്യമായ ആകെ കലോറി ഉൗർജം പൂർണമായും ഉപവാസദിവസങ്ങളിൽ കിട്ടാറുമില്ല. അപ്പോൾ ശരീരത്തിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പ് ഉൗർജത്തിനായി ചെലവാക്കും. അമിത കൊഴുപ്പ് ഉൗർജമായി മാറുന്നു.
ഉപവാസത്തിലൂടെ ഡീടോക്സിഫിക്കേഷൻ
ഉപവാസകാലത്തു മിതാഹാരം ശീലം. പെട്ടെന്നു ദഹിക്കുന്ന ഭക്ഷണം മാത്രം ശരീരത്തിലെത്തുന്നു. മസാലകളും വറുത്ത സാധനങ്ങളും ഉപവാസകാലത്ത് കൂടുതലായി കഴിക്കാറില്ലല്ലോ. കുടലിന്റെ ജോലി കുറയുന്നു. ശരീരത്തിലെ വിഷമാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്ന പ്രവർത്തനം കാര്യക്ഷമമാകുന്നു.
ഉപവാസകാലത്തു ശരീരമൊന്നാകെ മാലിന്യവിമുക്തമാകുന്നു. വിഷമാലിന്യങ്ങൾ ശരീരകോശങ്ങളിൽ നിന്നു നീക്കംചെയ്യപ്പെടുന്നു. ഡീ ടോക്സിഫിക്കേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. വിവിധ അവയവങ്ങളിലെ മാലിന്യങ്ങൾ പുറന്തളളാൻ പറ്റിയ സന്ദർഭമായി ശരീരം ഉപവാസകാലത്തെ പ്രയോജനപ്പെടുത്തുന്നു.
വിവരങ്ങൾ:
ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾൻറ്