കൊളസ്ട്രോളും സാച്ചുറേറ്റഡ് ഫാറ്റുമില്ല, ചക്കവിഭവങ്ങൾ ആരോഗ്യദായകം
Wednesday, May 15, 2019 3:16 PM IST
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ നിലനിർത്തുന്നു; മലബന്ധം തടയുന്നു.
വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു.
ആന്റിഓക്സിഡന്റ് സമൃദ്ധം
ചക്കയിലുള്ള ആന്റിഓക്സിഡൻറുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു.
ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു.
അണുബാധ തടയുന്നു
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി, അണുബാധ എന്നിവയിൽനിന്നു ശരീരത്തിനു സംരക്ഷണം നല്കുന്നു.
വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തിനു സഹായകം. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ടെൻഷൻ കുറയ്ക്കുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഫലപ്രദം.
കാൻസർ പ്രതിരോധത്തിന്
കാൻസർ തടയുന്ന നിരവധി ആന്റി ഓക്സിഡൻറുകൾ ചക്കയിൽ അടങ്ങിയിരിക്കുന്നു.
ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയൻറുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവയും ചക്കപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെ അളവു കുറഞ്ഞ ഉൗർജദായകമായ ഫലമാണു ചക്കപ്പഴം. ഉയർന്ന അളവിൽ ഉൗർജവും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.
ഫ്രക്റ്റോസ്, സൂക്രോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയില്ല. അതിനാൽ ആരോഗ്യഭക്ഷണമാണ് ചക്കപ്പഴം, തികച്ചും സുരക്ഷിതവും.
പോഷകസന്പന്നം
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കയിലുണ്ട്. ചക്കപ്പഴത്തിലെ ഇരുന്പ്് വിളർച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പർ സഹായകം. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ചർമസംരക്ഷണത്തിനു സഹായകം.
കണ്ണുകളുടെ ആരോഗ്യത്തിന്
കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിൻ എ പോലെയുളള ആന്റിഓക്സിഡന്റുകൾ കാîഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിരസാധ്യത കുറയ്ക്കുന്നു. മാകുലാർ ഡിജനറേഷനിൽ നിന്നു കണ്ണുകൾക്കു സംരക്ഷണം നല്കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിർത്തുന്നു.
ഹൃദയാരോഗ്യത്തിന്
ചക്കയിലെ വിറ്റാമിൻ ബി 6 ഹൃദയത്തിനു സംരക്ഷണം നല്കുന്നു. ചക്കപ്പഴത്തിലുളള പൊട്ടാസ്യം ശരീരത്തിലെ ഫ്ളൂയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിന്റെ അളവു നിയന്ത്രിക്കുന്നു. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
സ്ട്രോക്ക്, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും പേശികൾ, നാഡികൾ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനു സഹായകം.
എല്ലുകളുടെ കരുത്തിന്
കാൽസ്യത്തിന്റെ ആഗിരണത്തിനു സഹായകമായ മഗ്നീഷ്യം ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ കാൽസ്യം മുറിവുകളുണ്ടാകുന്പോൾ രക്തം കട്ട പിടിക്കുന്നതിനു സഹായകം. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും കരുത്തിനും കാൽസ്യം അവശ്യം. കാൽസ്യം പ്രായമായവരിലുണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗം തടയുന്നു.